ചൈനീസ് കമ്പനിയുടെ സ്വപ്ന പദ്ധതി: മേഘയുമായി ചേർന്ന് വൈദ്യുത വാഹന ഫാക്ടറി

രാജ്യത്ത് വൈദ്യുത വാഹന നിര്‍മാണ പ്ലാന്റ് തുടങ്ങാന്‍ സംയുക്ത പദ്ധതിയുമായി ചൈനീസ് വാഹന നിര്‍മാതാക്കളായ ബി.വൈ.ഡിയും(ബില്‍ഡ് യുവര്‍ ഡ്രീംസ്) ഹൈദരാബാദ് ആസ്ഥാനമായ മേഘ എന്‍ജിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സും (MEIL).

ഹൈദരാബാദില്‍ 10,000-15,000 നാലുചക്ര വൈദ്യുത വാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള ഫാക്ടറിയ്ക്കായി 8,200 കോടി രൂപയുടെ (100 കോടി ഡോളര്‍) പദ്ധതിയാണ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന് (DPIIT) സമര്‍പ്പിച്ചിരിക്കുന്നത്. പദ്ധതിക്കായുള്ള നിക്ഷേപം മേഘയും സാങ്കേതികവിദ്യ ബി.വൈ.ഡിയും നല്‍കുമെന്നാണ് അറിയുന്നത്.

അനുമതിക്ക് താമസം

അതേ സമയം സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം അനുമതി ലഭിക്കുന്നതിന് തടസങ്ങളുണ്ടായേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപത്തിന് 2020 ഏപ്രില്‍ മുതല്‍ മുന്‍കൂര്‍ അനുമതി നേടണമെന്നത് സര്‍ക്കാര്‍ കര്‍ശനമാക്കിയിട്ടുണ്ട്. നിലവില്‍ 40-50 പദ്ധതികള്‍ ഇത്തരത്തില്‍ അനുമതിക്കായി കാത്തിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് പ്രതിസന്ധി സമ്പദ് വ്യവസ്ഥയെ ബാധിച്ചതിനെ തുടര്‍ന്ന് ഇന്ത്യൻ കമ്പനികളുടെ ഏറ്റെടുക്കല്‍ തടയാനാണ് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്.

അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ചൈനീസ് വാഹന നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് മഹാരാഷ്ട്രയിലെ 100 കോടി ഡോളറിന്റെ നിര്‍മാണ പദ്ധതി ഉപേക്ഷിച്ചിരുന്നു. അമേരിക്കന്‍ കമ്പനിയായ ജനറല്‍ മോട്ടോഴ്‌സിന്റെ മഹാരാഷ്ട്രയിലെ പ്ലാന്റ് ഏറ്റെടുക്കാനായിരുന്നു കമ്പനിയുടെ ശ്രമം. എന്നാല്‍ രണ്ട് തവണ കരാര്‍ നീട്ടിയെങ്കിലും സമയപരിധിയില്‍ പൂര്‍ത്തിയാക്കാനാകാതെ വന്നതോടെ പദ്ധതി ഉപേക്ഷിച്ചു.

നിലവില്‍ എം.ഇ.ഐ.എല്ലിന്റെ കീഴിലുള്ള ഒലെക്ട്ര ഗ്രീന്‍ടെക് ബി.വൈ.ഡിയുടെ പിന്തുണയോടെ രാജ്യത്ത് ഇലക്ട്രിക് ബസുകള്‍ നിര്‍മിക്കുന്നുണ്ട്. 2,000 ഇലക്ട്രിക് ബസുകള്‍ക്കുള്ള ഓര്‍ഡര്‍ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. 3,000-3,200 കോടി രൂപ മൂല്യം വരുന്ന ഓര്‍ഡറുകള്‍ വരുന്ന 12-18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി.

മത്സരം മുറുകും

നിലവില്‍ രാജ്യത്തെ വാഹന വിപണിയില്‍ ശക്തമായ സാന്നിധ്യം നേടാന്‍ ബി.വൈ.ഡിക്ക് സാധിച്ചിട്ടുണ്ട്. 2022 ല്‍ 18.6 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചു. വൈദ്യുത വാഹനരംഗത്തേക്കും കടക്കുന്നതോടെ കൂടുതല്‍ വിപണി പിടിക്കാനാകും. നിലവില്‍ ടാറ്റ മോട്ടോഴ്‌സും എം.ജി മോട്ടോഴ്‌സുമാണ് രാജ്യത്തെ വൈദ്യുത വാഹന വിപണിയിലെ മുന്‍നിരക്കാര്‍.

അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ടെസ്‌ലയും ഇന്ത്യയില്‍ വൈദ്യുത കാര്‍ ഫാക്ടറി തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ വാഹന വിപണിയുടെ 1% മാത്രമാണ് വൈദ്യുത വാഹന വിപണിയുടെ പങ്കാളിത്തം. 20230 ആകുമ്പോള്‍ 30% ആക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it