₹18 ലക്ഷത്തിന് ഇ.വിയിറക്കും, പൊടിതട്ടിയെടുത്ത് ₹88,000 കോടിയുടെ സ്വപ്നം! ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങി ബി വൈ ഡി

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ പുരോഗതി ഉണ്ടായതോടെയാണ് കമ്പനിയുടെ നീക്കം
Two BYD Atto 3 electric SUVs, one silver and one blue, driving side by side on a city road with tall modern skyscrapers in the background.
BYD website
Published on

20 ലക്ഷം രൂപ താഴെ വിലയുള്ള ഇ.വി നിരത്തിലെത്തിക്കുന്നതുള്‍പ്പെടെ ഇന്ത്യയിലെ പ്രവര്‍ത്തനം വ്യാപിക്കാനൊരുങ്ങി ചൈനീസ് കമ്പനിയായ ബി.വൈ.ഡി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുരോഗതി ഉണ്ടായതോടെയാണ് കമ്പനിയുടെ നീക്കം. ഇതിന്റെ ഭാഗമായി ബി.വൈ.ഡി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ കെറ്റ്‌സു ജാംഗ് അടുത്ത മാസങ്ങളില്‍ തന്നെ ഇന്ത്യയിലെത്തുമെന്നും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനീസ് വിസ നിയന്ത്രണം ലഘൂകരിച്ചതിന് പിന്നാലെ കൂടുതല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കായി ബി.വൈ.ഡി വിസ അപേക്ഷയും നല്‍കിയിട്ടുണ്ട്. ഗാല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് 2020ലാണ് ചൈനീസ് വിസകള്‍ക്ക് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അഞ്ച് വര്‍ഷത്തോളം നീണ്ട നിയന്ത്രണം കഴിഞ്ഞ ജൂലൈയിലാണ് ഇന്ത്യ പിന്‍വലിച്ചത്.

20 ലക്ഷം രൂപയുടെ ഇ.വി

ഇമാക്‌സ്7, ആട്ടോ 3, സീല്‍ 3, സീലയണ്‍ 7 എന്നീ നാല് മോഡലുകളാണ് ബി.വൈ.ഡി നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്. ഇവയെല്ലാം പ്രീമിയം സെഗ്‌മെന്റിലാണെന്നതിനാല്‍ വില്‍പ്പന കണക്കുകളില്‍ മുന്നേറാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. അടുത്തിടെയാണ് രാജ്യത്ത് 10,000 ഇ.വികളുടെ വില്‍പ്പനയെന്ന നാഴിക കല്ല് പിന്നിടാന്‍ ബി.വൈ.ഡിക്ക് കഴിഞ്ഞത്. എന്നാല്‍ അടുത്ത വര്‍ഷത്തിനുള്ളില്‍ കോംപാക്ട് എസ്.യു.വി സെഗ്‌മെന്റില്‍ ഒരു മോഡല്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. 20 ലക്ഷം രൂപയില്‍ താഴെ വില വരുന്ന ആട്ടോ 2 എന്ന മോഡലാകും ഇതെന്നാണ് കരുതുന്നത്. പ്രതിവര്‍ഷ ഇറക്കുമതി ക്വാട്ട വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളും കമ്പനി നടത്തുന്നുണ്ട്.

88,000 കോടിയുടെ സ്വപ്‌നം നടക്കുമോ?

അടുത്തിടെ ആന്ധ്രാപ്രദേശില്‍ ഒരു ബില്യന്‍ ഡോളര്‍ (ഏകദേശം 88,000 രൂപ) ചെലവിട്ട് വാഹന നിര്‍മാണ കേന്ദ്രം നിര്‍മിക്കാന്‍ ബി.വൈ.ഡി പദ്ധതിയിട്ടെങ്കിലും കേന്ദ്രം നിരസിച്ചിരുന്നു. 2023ലും സമാനമായ നീക്കമുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യ-ചൈന ബന്ധം വീണ്ടും ട്രാക്കിലായ സാഹചര്യത്തില്‍ ഈ പദ്ധതി പൊടിതട്ടിയെടുക്കാനും ബി.വൈ.ഡിക്ക് ആലോചനയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആട്ടോ 2

ഇലക്ട്രിക് കോംപാക്ട് എസ്.യു.വി സെഗ്‌മെന്റില്‍ ബി.വൈ.ഡിയുടെ ഹിറ്റ് മോഡലാണ് ആട്ടോ 2. സ്‌പോര്‍ട്ടി ലുക്കുണ്ടെങ്കിലും ഫാമിലി കാറെന്ന ലേബലിലാണ് വില്‍പ്പന. ഒറ്റച്ചാര്‍ജില്‍ 3,12 കിലോമീറ്റര്‍ വരെയാണ് റേഞ്ച്. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 7.9 സെക്കന്റ് മതി. മണിക്കൂറില്‍ 160 കിലോമീറ്ററാണ് ടോപ്‌സ്പീഡ്. 65 കിലോവാട്ട് ഡി.സി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 30-80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ 28 മിനിറ്റ് മതി. നിലവില്‍ വിവിധ വിപണികളിലുള്ള വാഹനം അടുത്ത വര്‍ഷം ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്. ആട്ടോ 2ന് 18-25 ലക്ഷം രൂപ വരെയാകും ഇന്ത്യയിലെ വിലയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

BYD’s top executives will visit India to explore growth opportunities and strengthen the EV maker’s presence in the fast-growing Indian market.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com