

ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ (JLR) ജനപ്രിയ എസ്യുവിയായ ഡിഫന്‍ഡറിന്റെ ഡിസൈന്‍ പകര്‍ത്തിയെന്ന പരാതിയില്‍ ചൈനീസ് വാഹന ഭീമന്‍ ബിവൈഡിക്ക് (BYD) യൂറോപ്പില്‍ തിരിച്ചടി. ബിവൈഡിയുടെ ഏഴ് സീറ്റുകളുള്ള Ti7 എസ്യുവിയുടെ വില്‍പ്പനയ്ക്കാണ് നെതര്‍ലന്‍ഡ്സിലെ ഹേഗ് ജില്ലാ കോടതി യൂറോപ്യന്‍ യൂണിയനില്‍ വിലക്കേര്‍പ്പെടുത്തിയത്.
ഡിഫന്‍ഡറിന്റെ രൂപകല്‍പ്പന ബിവൈഡി അനുകരിച്ചെന്നും ജെഎല്‍ആറിന്റെ ഡിസൈന്‍ അവകാശങ്ങള്‍ ലംഘിച്ചെന്നുമാണ് കോടതിയുടെ പ്രാഥമിക കണ്ടെത്തല്‍. ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജെഎല്‍ആറിന് അനുകൂലമായ കോടതി ഉത്തരവ് യൂറോപ്യന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കാന്‍ ശ്രമിക്കുന്ന ബിവൈഡിക്ക് തിരിച്ചടിയാണ്. യുകെയില്‍ Ti7 എസ്യുവിയുടെ ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെയാണ് കമ്പനി കോടതിയെ സമീപിച്ചത്. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ബിവൈഡി അറിയിച്ചിട്ടുണ്ട്.
വാഹനത്തിന്റെ ബോക്സ് രൂപത്തിലുള്ള ഡിസൈന്‍, പരന്ന മേല്‍ക്കൂര, ഉയര്‍ന്ന ബോഡി ഘടന, പിന്നിലെ ഡോറിന്റെ രൂപകല്‍പ്പന, ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകള്‍ തുടങ്ങിയവയില്‍ ഡിഫന്‍ഡറുമായി സാമ്യമുണ്ടെന്നാണ് ആരോപണം.
യൂറോപ്യന്‍ യൂണിയനിലെ വില്‍പ്പനയ്ക്ക് പുറമെ ഹംഗറിയിലെ പുതിയ ഫാക്ടറിയില്‍ Ti7 നിര്‍മിക്കുന്നതിനും കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ബൗദ്ധിക സ്വത്തവകാശ തര്‍ക്കം പരിഹരിക്കുന്നതു വരെയാണ് നിയന്ത്രണം. അടുത്ത വര്‍ഷം ആദ്യം ഹംഗറിയിലെ പ്ലാന്റില്‍ വന്‍തോതിലുള്ള വാഹന ഉല്‍പാദനം ആരംഭിക്കാനായിരുന്നു കമ്പനിയുടെ പദ്ധതി.
അതേസമയം, ബിവൈഡിയുടെ യുകെ വിഭാഗത്തിന് ഈ ഉത്തരവ് ബാധകമല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. യുകെ യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ലാത്തതിനാല്‍ അവിടത്തെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ നെതര്‍ലന്‍ഡ്സ് കോടതിക്ക് അധികാരമില്ല. ജെഎല്‍ആറിന്റെ അവകാശങ്ങള്‍ ലംഘിച്ചിട്ടില്ലെന്നാണ് ബിവൈഡിയുടെ നിലപാട്.
ഈ വര്‍ഷം ജൂലൈയിലാണ് ബിവൈഡി Ti7 യുകെ വിപണിയില്‍ അവതരിപ്പിച്ചത്. 47,995 പൗണ്ട് മുതലാണ് വില ആരംഭിക്കുന്നത്. ഇന്ത്യന്‍ രൂപയില്‍ ഏകദേശം 59.92 ലക്ഷം വരുമിത്. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിനെക്കാള്‍ കുറഞ്ഞ വിലയാണിത്.
വാഹന ഡിസൈന്‍ പകര്‍ത്തിയെന്ന പരാതിയില്‍ ചൈനീസ് വാഹന നിര്‍മാതാക്കള്‍ക്കെതിരെ ജെഎല്‍ആര്‍ നേടുന്ന രണ്ടാമത്തെ പ്രധാന നിയമവിജയമാണിത്. 2019ല്‍ ചൈനീസ് വാഹന നിര്‍മാതാക്കളായ ജിയാങ്ലിംഗ് മോട്ടോര്‍ കോര്‍പ്പറേഷനെതിരെ ജെഎല്‍ആര്‍ സമാനമായ കേസില്‍ വിജയിച്ചിരുന്നു. റേഞ്ച് റോവര്‍ ഇവോക്കിന്റെ ഡിസൈന്‍ അനുകരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു അന്നത്തെ തര്‍ക്കം.
Read DhanamOnline in English
Subscribe to Dhanam Magazine