കാറുകളും ടൂവീലറും മടുത്തോ? വാഹന വില്‍പ്പനയില്‍ വന്‍ കുറവെന്ന് റിപ്പോര്‍ട്ട്
ജൂണ്‍ മാസത്തിലും വാഹനങ്ങളുടെ വില്‍പന വന്‍ തോതില്‍ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ മാസമാണ് വില്‍പന താഴോട്ട് എന്ന നിലയിലേക്ക് പോകുന്നത്. ജൂണില്‍ കാറുകളുടെ വില്‍പന 24.97 ശതമാനം കുറഞ്ഞതായി സൊസൈറ്റി ഫോര്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്റ്ററേഴ്സിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മാസം 139,628 കാറുകളാണ് വിറ്റത് . 2018 ജൂണില്‍ ഇത് 183,885 ആയിരുന്നു. കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ വില്‍പന 70,771 ആയി കുറഞ്ഞു. 80,670 യൂണിറ്റ് ആയിരുന്നു മുന്‍പ്.12.27 ശതമാനം ഇടിവാണ് ഈ വിഭാഗത്തില്‍ മാത്രം രേഖപ്പെടുത്തിയിരിക്കുന്നത്.
എല്ലാത്തരത്തിലുമുള്ള വാഹനങ്ങളുടെയും വില്‍പന വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. ടൂ വീലറുകളുടെ വില്‍പന 11.69 ശതമാനം കുറഞ്ഞു. 16,49,477 ടൂ വീലറുകളാണ് ജൂണില്‍ വില്‍പന നടന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇത് 18,67,884 എണ്ണമായിരുന്നു. മോട്ടോര്‍ സൈക്കിളുകളുടെ മാത്രം വില്‍പന നോക്കുമ്പോള്‍ 9 .57 ശതമാനമാണ് വില്‍പന കുറഞ്ഞിരിക്കുന്നത്.
മൊത്തം വാഹനങ്ങളുടെ കണക്കെടുക്കുമ്പോള്‍ വില്‍പന 12 .34 ശതമാനം കുറഞ്ഞു. 22,79,186 യൂണിറ്റില്‍ നിന്ന് മൊത്തം വില്‍പന 19,97,952 ആയി കുറഞ്ഞു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവ് പരിശോധിക്കുമ്പോള്‍ മൊത്തം വാഹന വില്‍പന 12.35 ശതമാനമാണ് കുറഞ്ഞത്.
ലീസ് എ കാര്‍, റെന്റ് എ കാര്‍, യൂബര്‍ ടാക്‌സി എന്നിവയുടെ ഉപയോഗത്തില്‍ ഉണ്ടായ വര്‍ധനവാണ് ഇത്തരത്തില്‍ വില്‍പ്പന കുറയാന്‍ ഇടയാക്കിയത് എന്നാണ് വാഹന വിപണി വിദഗ്ധന്മാരുടെ വിലയിരുത്തല്‍. എന്നാല്‍ വിപണിയില്‍ വന്ന മാന്ദ്യം ആണോ ഇത്തരത്തിലുള്ള ഇടിവിനു കാരണമായതെന്നു പരിശോധിക്കുകയാണ് വാഹന നിര്‍മാതാക്കള്‍.