കാര്‍ വിപണിയിലേക്ക് അംബാനിയും? ഉന്നം എം.ജി മോട്ടോര്‍ ഓഹരികള്‍

ചൈനീസ് കമ്പനിയായ സെയ്ക്കിന്റെ (SAIC) ഉടമസ്ഥതയിലുള്ള പ്രമുഖ വാഹന നിര്‍മ്മാണ കമ്പനിയായ എം.ജി മോട്ടോര്‍, ഇന്ത്യാ വിഭാഗത്തിന്റെ ഭൂരിഭാഗം (മെജോറിറ്റി/50 ശതമാനത്തിലധികം) ഓഹരികള്‍ വില്‍ക്കുന്നു. നിശ്ചിത ഓഹരികള്‍ വില്‍ക്കാനും ഇന്ത്യയില്‍ 5,000 കോടി രൂപയുടെ അധിക നിക്ഷേപം നടത്താനുമാണ് നീക്കം.

നിലവില്‍ ചൈനീസ് കമ്പനിയെന്ന ലേബലാണ് എം.ജിക്കുള്ളത്. ഇത്, ഇന്ത്യയിലെ നിക്ഷേപത്തിന് തിരിച്ചടിയാണെന്ന വിലയിരുത്തലുണ്ട്. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് കമ്പനികള്‍ക്കെതിരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളാണ് ഇതിന് കാരണം. ചൈനയില്‍ നിന്നുള്ള പുതിയ നിക്ഷേപങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതികള്‍ വൈകുന്നുവെന്ന വാര്‍ത്തകളുണ്ട്.
മാതൃകമ്പനിയില്‍ നിന്ന് നിക്ഷേപം നേടാന്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി എം.ജി മോട്ടോര്‍ ഇന്ത്യ ശ്രമിച്ചെങ്കിലും കേന്ദ്രാനുമതി വൈകുകയാണ്.
ചൈനീസ് കമ്പനികള്‍ക്കുമേലുള്ള പരിശോധനകളും കേന്ദ്രം ശക്തമാക്കിയിരുന്നു. ഓഡിറ്റിംഗിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞവര്‍ഷം കമ്പനിക്ക് കേന്ദ്രം നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിശ്ചിത ഓഹരികള്‍ വിറ്റഴിച്ച് ഇന്ത്യന്‍ പങ്കാളിയെ സ്വന്തമാക്കാനും 'ഇന്ത്യന്‍' എന്ന ലേബല്‍ നേടാനും എം.ജി മോട്ടോര്‍ ശ്രമിക്കുന്നത്.
അംബാനിയും ഹീറോയും
ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ്, രാജ്യത്തെ ഏറ്റവും വലിയ ടൂവീലര്‍ നിര്‍മ്മാണക്കമ്പനിയായ ഹീറോ മോട്ടോകോര്‍പ്പ്, പ്രേംജി ഇന്‍വെസ്റ്റ്, ജെ.എസ്.ഡബ്‌ള്യു ഗ്രൂപ്പ് എന്നിവയുമായി എം.ജി മോട്ടോര്‍ ചര്‍ച്ച നടത്തിയെന്നാണ് സൂചനകള്‍. റിലയന്‍സിനാണ് പങ്കാളിത്ത സാധ്യത കൂടുതല്‍ കല്‍പ്പിക്കുന്നത്. ഓഹരിവില്‍പന സംബന്ധിച്ച ധാരണാപത്രം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നും സൂചനകളുണ്ട്. എന്നാല്‍, ഇക്കാര്യങ്ങളെ കുറിച്ച് ഈ കമ്പനികളൊന്നും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചര്‍ച്ചകളെ കുറിച്ച് ചോദിച്ചപ്പോള്‍ 'എല്ലാം ഊഹാപോഹങ്ങള്‍ മാത്രം' എന്ന മറുപടിയാണ് എം.ജിയില്‍ നിന്ന് ലഭിച്ചതെന്ന് ഒരു ദേശീയ ബിസിനസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ലക്ഷ്യം 5,000 കോടി
2028നകം ഇന്ത്യന്‍ പങ്കാളിക്ക് ഭൂരിഭാഗം (മെജോറിറ്റി) ഓഹരികള്‍ വിറ്റഴിച്ച് 5,000 കോടി രൂപ സമാഹരിക്കാനാണ് എം.ജി ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ കൂടുതല്‍ വികസനപദ്ധതികള്‍ക്കായി ഈ തുക വിനിയോഗിക്കും. നിലവില്‍ ജനറല്‍ മോട്ടോഴ്‌സില്‍ നിന്ന് ഏറ്റെടുത്ത ഗുജറാത്തിലെ ഹാലോല്‍ പ്ലാന്റില്‍ നിന്നാണ് എം.ജി വാഹനങ്ങള്‍ പുറത്തിറക്കുന്നത്. 1.2 ലക്ഷം വാഹനങ്ങളാണ് ഈ പ്ലാന്റിന്റെ വാര്‍ഷിക ഉത്പാദനശേഷി.
വലിയ ലക്ഷ്യങ്ങള്‍
ഹാലോലില്‍ തന്നെ പ്രതിവര്‍ഷം മൂന്ന് ലക്ഷം വാഹന ഉത്പാദനശേഷിയുള്ള പ്ലാന്റ് എം.ജി സജ്ജമാക്കുന്നുണ്ട്. ഇന്ത്യയില്‍ പ്രതിവര്‍ഷം 4-5 പുത്തന്‍ മോഡലുകള്‍ അവതരിപ്പിക്കുകയാണ് എം.ജിയുടെ ലക്ഷ്യം. 2028ഓടെ മൊത്തം വില്‍പനയില്‍ 65-75 ശതമാനം വൈദ്യുത വാഹനങ്ങള്‍ (ഇ.വി) ആക്കാനും എം.ജി ഉന്നമിടുന്നു. 2028ഓടെ കമ്പനിയുടെ ജീവനക്കാരുടെ എണ്ണം 20,000 കവിയുമെന്ന് കരുതുന്നു.
നിലവില്‍ വാഹന ഇന്ത്യന്‍ വിപണിയില്‍ ഒരു ശതമാനമാണ് എം.ജിയുടെ വിഹിതം. 2022ല്‍ 48,000 കാറുകള്‍ കമ്പനി ഇന്ത്യയില്‍ വിറ്റഴിച്ചു. രണ്ടുവര്‍ഷത്തിനകം വില്‍പന ഒരുലക്ഷത്തിലെത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it