ചിപ്പ് ക്ഷാമം ഓട്ടോമേഖലയ്ക്ക് തിരിച്ചടിയാകുന്നു: ഓഗസ്റ്റിലെ വില്‍പ്പനയില്‍ വന്‍ ഇടിവ്

കോവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിനിടെ ഓട്ടോമേഖലയ്ക്ക് തിരിച്ചടിയായി ചിപ്പ് ക്ഷാമം. ആഗോളതലത്തിലെ ചിപ്പ് ക്ഷാമം കാരണം ഓഗസ്റ്റ് മാസത്തിലെ ഇന്ത്യന്‍ വാഹന വിപണിയില്‍ പല വാഹന നിര്‍മാതാക്കളും വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ആവശ്യത്തിന് ചിപ്പുകള്‍ ലഭ്യമല്ലാത്തതിനാല്‍ വാഹന നിര്‍മാതാക്കള്‍ ഉല്‍പ്പാദനം കുറച്ചതാണ് വില്‍പ്പന കുറയാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകിയുടെ വില്‍പ്പനയില്‍ 19 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞമാസത്തിലുണ്ടായിട്ടുള്ളത്. ജുലൈ മാസത്തിലെ 1,62,462 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 1,30,699 യൂണിറ്റുകള്‍ മാത്രമാണ് കഴിഞ്ഞമാസം വിറ്റഴിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, ഈ മാസം മാരുതി സുസുകിയുടെ ഉല്‍പ്പാദനം 60 ശതമാനത്തോളം വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. മാരുതിക്ക് ചിപ്പുകള്‍ ലഭ്യമാക്കുന്ന ബോഷിന്റെ മലേഷ്യയിലെ പ്ലാന്റ് അടച്ചുപൂട്ടിയതാണ് ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ മാരുതിയെ നിര്‍ബന്ധിതരാക്കിയത്. ദീപാവലിയടക്കമുള്ള ഉത്സവ സീസണ്‍ വരാനിരിക്കെ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്നത് മാരുതിക്ക് കനത്ത തിരിച്ചടിയാണ്.
കൂടാതെ, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടൊയോറ്റ, ബജാജ് ഓട്ടോ, ഹ്യുണ്ടായ് തുടങ്ങിയവയാണ് ഓഗസ്റ്റ് മാസത്തിലെ വില്‍പ്പനയില്‍ കുറവ് രേഖപ്പെടുത്തിയ മറ്റ് വാഹന നിര്‍മാതാക്കള്‍. ജുലൈ മാസത്തേക്കാള്‍ 23 ശതമാനത്തിന്റെ കുറവാണ് മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ വില്‍പ്പനയിലുണ്ടായിട്ടുള്ളത്. 15,973 യൂണിറ്റുകള്‍ മാത്രമാണ് കമ്പനിക്ക് വിറ്റഴിക്കാനായത്. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 17 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ടെന്നും ആഗോളതലത്തിലെ ചിപ്പ് ക്ഷാമത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും മഹീന്ദ്ര ആന്റ് മഹീന്ദ്ര സിഇഒ വീജയ് നക്ര പറഞ്ഞു. കഴിഞ്ഞവര്‍ഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ വില്‍പ്പനയില്‍ രണ്ട് ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 46,566 യൂണിറ്റുകളാണ് കമ്പനി കഴിഞ്ഞ മാസം വിറ്റഴിച്ചത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 46,809 യൂണിറ്റിന്റെ വില്‍പ്പനയായിരുന്നു രേഖപ്പെടുത്തിയത്. ജുലൈ മാസത്തെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 1.96 ശതമാനത്തിന്റെ കുറവാണിത്. ബജാജ് ഓട്ടോ 8.35 ശതമാനത്തിന്റെയും ടൊയോറ്റ 2.54 ശതമാനത്തിന്റെയും കുറവും രേഖപ്പെടുത്തി.

അതേസമയം ജുലൈ മാസത്തേക്കാള്‍ 4.25 ശതമാനത്തിന്റെ വര്‍ധന ടാറ്റ മോട്ടേഴ്‌സ് നേടി. കഴിഞ്ഞവര്‍ഷത്തെ ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 51 ശതമാനത്തിന്റെ വര്‍ധനവാണിത്. വില്‍പ്പനയില്‍ വന്‍ കുതിച്ചു ചാട്ടമാണ് ഹോണ്ട നടത്തിയത്. ജുലൈയിലെ 6,055 യൂണിറ്റുകളേക്കാള്‍ 11,177 യൂണിറ്റുകളാണ് കഴിഞ്ഞമാസം വിറ്റഴിച്ചത്. 84.59 ശതമാനത്തിന്റെ വര്‍ധന.
ചിപ്പ് ക്ഷാമം ആഗോളതലത്തില്‍ തുടരുന്നതിനാല്‍ വരും മാസങ്ങളിലും വാഹന വിപണിയില്‍ ഇടിവുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.





Related Articles

Next Story

Videos

Share it