ചിപ്പ് ക്ഷാമം, ബെന്‍സ് കാറുകള്‍ക്കായി മൂന്നുമാസം വരെ കാത്തിരിക്കേണ്ടി വരും

ആഗോള വിപണി നേരിടുന്ന ചിപ്പ് ക്ഷാമത്തില്‍ വലയുകയാണ് വാഹന നിര്‍മാണ മേഖല. ഇപ്പോള്‍ ചിപ്പ് ക്ഷാമം പ്രമുഖ ആഡംബര വാഹന നിര്‍മാതാക്കളായ മെര്‍സിഡീസ് ബെന്‍സിനെയും ബാധിച്ചിരിക്കുകയാണ്.

ഇനിമുതല്‍ ബുക്ക് ചെയ്ത വണ്ടികിട്ടാന്‍ ഇന്ത്യക്കാര്‍ ഒരു മാസം മുതല്‍ മൂന്ന് മാസം വരെ കാത്തിരിക്കേണ്ടി വരുമെന്ന് മെര്‍സിഡീസ് ബെന്‍സ് ഇന്ത്യ സിഇഒ മാര്‍ട്ടിന്‍ ഷ്വന്‍ക് അറിയിച്ചു. ബുക്ക് ചെയ്യുന്ന മോഡലുകള്‍ അനുസരിച്ച് കാലാതാമസത്തില്‍ വ്യത്യാസം വരാം. മെര്‍സിഡീസ് ഇന്ത്യയില്‍ 13 മോഡലുകളാണ് നിര്‍മിക്കുന്നത്. അതില്‍ 95 ശതമാനവും പ്രാദേശികമായി തന്നെയാണ് വില്‍ക്കുന്നത്.
കൊവിഡിന് ശേഷം ഇന്ത്യന്‍ വിപണിയില്‍ ശക്തമായ തിരിച്ചുവരവാണ് മെര്‍സിഡീസ് ബെന്‍സിന് ഉണ്ടായത്. 2021ലെ മൂന്നാം പാദത്തില്‍ മെര്‍സിഡീസ് റെക്കോര്‍ഡ് വില്‍പ്പന നേടിയിരുന്നു. ഇക്കാലയളവില്‍ 4,101 യൂണീറ്റ് വാഹനങ്ങളാണ് വിറ്റത്. 2020 കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 99 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്.
രാജ്യത്തെ വില്‍പ്പന രീതി പരിഷ്‌കരിക്കാന്‍ മെര്‍സിഡീസ് അവതരിപ്പിച്ച റീട്ടെയില്‍ ഓഫ് ദി ഫ്യൂച്ചര്‍'മോഡല്‍ ഒക്ടോബര്‍ 22ന് ആരംഭിക്കും. ഇതുപ്രകാരം മെര്‍സിഡീസ് നേരിട്ട് ഉപഭോക്താക്കള്‍ക്ക് കാറുകള്‍ വില്‍ക്കും. ഡീലര്‍മാര്‍ ഒരു അവിഭാജ്യഘടകമായി തുടരുമെങ്കിലും ഉപഭോക്താവുമായുള്ള സാമ്പത്തിക ഇടപാടുകള്‍ കമ്പനി നേരിട്ടാകും കൈകാര്യം ചെയ്യുക.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it