

ആഗോളതലത്തില്‍ മാസങ്ങളോളമായി തുടരുന്ന ചിപ്പ് ക്ഷാമം ഇന്ത്യന്‍ വാഹന വിപണിക്കും തിരിച്ചടിയാകുന്നു. ദീപാവലി അടക്കമുള്ള ഈ വര്‍ഷത്തെ ഉത്സവ സീസണിലും വാഹന വപണിക്ക് തിളങ്ങാനാവില്ല. ചിപ്പ് ക്ഷാമം വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് കാലാവധി ആറ് മുതല്‍ ഒമ്പത് മാസം വരെ നീളുമെന്നാണ് ഓട്ടോ ഡീലര്‍മാര്‍ പറയുന്നത്.
'ചിപ്പ് ക്ഷാമം ഈ വര്‍ഷം പ്രതിസന്ധി സൃഷ്ടിക്കും. കോവിഡ് മൂന്നാം തരംഗ ഭീഷണിയും മണ്‍സൂണ്‍ വ്യതിയാനവും ഉത്സവ സീസണിനെ മന്ദഗതിയിലാക്കും' മാരുതി സുസുകി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ (സെയ്ല്‍സ് ആന്റ് മാര്‍ക്കറ്റിംഗ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഓണ സീസണില്‍ വാഹന വിപണിയില്‍ മുന്നേറ്റമുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓണം സീസണില്‍ ശരാശരി ഒരു ദിവസം 800 കാറുകളുടെ ബുക്കിംഗാണ് ഉണ്ടായിരുന്നത്. കഴിഞ്ഞവര്‍ഷം ഇത് 500 ആയിരുന്നു. എന്നാല്‍ 2019 ലെ ആയിരത്തിലധികം ബുക്കിംഗിനേക്കാള്‍ കുറവാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ ആവശ്യക്കാരുണ്ടെങ്കിലും ചിപ്പ് ക്ഷാമം കാരണമുള്ള ലഭ്യതക്കുറവാണ് നേരിടുന്ന പ്രശ്‌നമെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വിങ്കേഷ് ഗുലാത്തി പറഞ്ഞു. ബ്രാന്‍ഡുകളുടെ മോഡലുകള്‍ക്ക് ശരാശരി ആറ് മാസമാണ് കാത്തിരിപ്പ് കാലാവധിയെങ്കിലും ഇത് നിലവിലെ സാഹചര്യത്തില്‍ ഒന്‍പത് മാസം വരെ നീളുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine