Begin typing your search above and press return to search.
വരുന്നു, പഞ്ചിന്റെയും മാഗ്നൈറ്റിന്റെയും മികവൊത്ത എതിരാളി
ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ ഇന്ത്യന്‍ വാഹന വിപണിയില്‍ ജനപ്രിയമായവയാണ് ടാറ്റയുടെ പഞ്ചും നിസാന്‍ മാഗ്നൈറ്റും റിനോയുടെ കഗൈറും. ചെറിയ തുകയ്ക്ക് എസ്‌യുവി സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ തെരഞ്ഞെടുക്കുന്നതും ഈ മോഡലുകളാണ്. എന്നാല്‍ ഇവരോട് ഏറ്റുമുട്ടാനൊരുങ്ങുകയാണ് സ്റ്റെല്ലാന്റിസിന്റെ ഉടമസ്ഥതയിലുള്ള ഫ്രഞ്ച് ഓട്ടോമൊബൈല്‍ നിര്‍മാതാക്കളായ സിട്രോണ്‍. ജൂലൈ 20 നാണ് സിട്രോണ്‍ സി3 ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഇതിനുമുന്നോടിയായി കുറച്ച് വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ട്.
82 എച്ച്പി, 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ അല്ലെങ്കില്‍ 110 എച്ച്പി, 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ എന്നിവയിലായിരിക്കും ഈ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുക. 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും യുഎസ്ബി ചാര്‍ജിംഗ് സ്ലോട്ടുകളും സിട്രോണ്‍ സി3 ലുണ്ടാകും. ആറ് എക്സ്റ്റീരിയര്‍ പെയിന്റ് ഷേഡ് ഓപ്ഷനുകളാണ് കമ്പനി ഈ മോഡലിന് വാഗ്ദാനം ചെയ്യുന്നത്. സിട്രോണ്‍ സി3യുടെ ബുക്കിംഗ് ജൂലൈ ഒന്നുമുതല്‍ ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ക്രമാനുഗതമായി വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍. നിലവില്‍ കൊച്ചിയുള്‍പ്പെടെയുള്ള 19 ഇന്ത്യന്‍ നഗരങ്ങളിലായി 20 ഷോറൂമുകളാണ് സിട്രോണിനുള്ളത്. ചെന്നൈയ്ക്കടുത്തുള്ള തിരുവള്ളൂര്‍ പ്ലാന്റിലാണ് സിട്രോണ്‍ സി3 നിര്‍മിക്കുന്നത്. 90 ശതമാനവും പ്രാദേശികമായി നിര്‍മിക്കുന്ന ഈ മോഡല്‍ 25 ലക്ഷം കിലോമീറ്ററിലധികം പരീക്ഷണയോട്ടം നടത്തിയിട്ടുണ്ട്. 250-ലധികം ഗുണനിലവാര പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും കമ്പനി അവകാശപ്പെട്ടു.
Next Story
Videos