സിട്രോണ്‍ സി 5 എയര്‍ക്രോസ് എസ് യു വി ഉത്പാദനം ഇന്ത്യയില്‍ ആരംഭിച്ചു

ഫ്രെഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ ആദ്യ ഡീലര്‍ഷിപ്പ് കേന്ദ്രം തുറന്നതിന് പിന്നാലെ തങ്ങളുടെ എസ് യു വി വാഹനമായ സി 5 എയര്‍ക്രോസിന്റെ ഉല്‍പ്പാദനം ഇന്ത്യയില്‍ ആരംഭിച്ചു. തമിഴ്നാട്ടിലെ തിരുവല്ലൂരിലുള്ള സിട്രോണ്‍ ഇന്ത്യയുടെ പ്ലാന്റില്‍നിന്നാണ് വാഹനം നിര്‍മിക്കുന്നത്. 2021 ലെ ആദ്യപാദത്തോടെ വാഹനം പുറത്തിറക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ 2.5 ലക്ഷം കിലോമീറ്റര്‍ പരീക്ഷണങ്ങള്‍ നടത്തിയ ശേഷമാണ് കമ്പനി സി 5 എയര്‍ക്രോസിന്റെ നിര്‍മാണം ഇന്ത്യയില്‍ ആരംഭിച്ചത്.

അതേസമയം പുറത്തിറങ്ങാന്‍ പോകുന്ന എസ് യു വിയെ കുറിച്ച് കമ്പനി കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കി. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായായിരിക്കും വാഹനം പുറത്തിങ്ങുക. ഈ എഞ്ചിന്‍ ഉപയോഗിച്ച് ഒന്നിലധികം ഡ്രൈവ് മോഡുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. സ്വയം പാര്‍ക്കിംഗ് അസിസ്റ്റും നല്‍കിയിട്ടുണ്ട്. അധിക സുരക്ഷയുടെ ഭാഗമായി ഒരു ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ് സിസ്റ്റവും ചേര്‍ത്തിട്ടുണ്ട്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഫോണ്‍ മിററിംഗ് എന്നിവ ലഭിക്കുന്ന 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. പനോരമിക് സണ്‍റൂഫ് ക്യാബിന്റെ സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നു.
ജീപ്പ് കോമ്പസ്, ഹ്യുണ്ടായ് ടക്‌സസണ്‍ എന്നിവയായിരിക്കും സിട്രോണ്‍ സി 5 എയര്‍ക്രോസിന്റെ എതിരാളികളായി വിപണിയിലുണ്ടാവുക.


Related Articles

Next Story

Videos

Share it