കോമറ്റ് ഇ.വിക്ക് വില ₹ 4.99 ലക്ഷം മുതല്‍, 2025 മോഡലിന് പുതിയ സവിശേഷതകള്‍, വിലയും പരിഷ്‌കരിച്ച് എം.ജി

സുരക്ഷയും സൗകര്യവും വർദ്ധിപ്പിക്കുന്നതിനായി ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളും നല്‍കിയിരിക്കുന്നു.
Comet EV
Image Courtesy: www.mgmotor.co.in
Published on

ഇ.വി പ്രേമികള്‍ക്കിടയില്‍ വളരെ പ്രശസ്തമാണ് എംജി മോട്ടോർ ഇന്ത്യയുടെ കോമറ്റ്. താങ്ങാനാവുന്ന ഇലക്ട്രിക് വാഹനമെന്ന സ്ഥാനമാണ് കോമറ്റ് ഇ.വി കള്‍ക്കുളളത്. ഇപ്പോഴിതാ പരിഷ്കരിച്ച വിലയും പുതിയ സവിശേഷതകളുമായി എത്തിയിരിക്കുകാണ് ഈ മോഡല്‍.

എക്സിക്യൂട്ടീവ്, എക്സൈറ്റ്, എക്സൈറ്റ് ഫാസ്റ്റ് ചാർജ്, എക്സ്ക്ലൂസീവ്, എക്സ്ക്ലൂസീവ് ഫാസ്റ്റ് ചാർജ് എന്നീ വേരിയന്റുകളിലാണ് കോമറ്റ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 7 ലക്ഷം രൂപ മുതൽ 9.81 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം) വില. എംജിയുടെ ബാറ്ററി വാടക പദ്ധതി (battery rental scheme) തിരഞ്ഞെടുക്കുന്നവര്‍ക്ക് 4.99 ലക്ഷം രൂപ മുതല്‍ പ്രാരംഭ വില ലഭ്യമാണ്.

ബേസ് എക്സിക്യൂട്ടീവ് പതിപ്പിന് 7 ലക്ഷം രൂപയുടെ വിലയിൽ മാറ്റമില്ലെങ്കിലും മിഡ്, ടോപ്പ്-എൻഡ് പതിപ്പുകളില്‍ എംജി ചെറിയ വില വർദ്ധന കൊണ്ടുവന്നിട്ടുണ്ട്. എക്സൈറ്റ്, എക്സൈറ്റ് ഫാസ്റ്റ് ചാർജ് പതിപ്പുകള്‍ക്ക് 6,000 രൂപയുടെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. എക്സ്ക്ലൂസീവ്, എക്സ്ക്ലൂസീവ് ഫാസ്റ്റ് ചാർജ് വേരിയന്റുകൾക്ക് 10,000 രൂപയാണ് വർധിപ്പിച്ചത്. ബ്ലാക്ക്സ്റ്റോം എഡിഷന്റെ വിലയില്‍ മാറ്റമില്ല, 9.81 ലക്ഷം രൂപയാണ് ഈ പതിപ്പിനുളളത്.

പുതിയ സവിശേഷതകള്‍

എക്‌സൈറ്റ്, എക്‌സൈറ്റ് ഫാസ്റ്റ് ചാർജ് മോഡലുകളില്‍ പവർ-ഫോൾഡിംഗ് ഔട്ട്‌സൈഡ് റിയർ-വ്യൂ മിററുകളും (ORVM) റിയർ പാർക്കിംഗ് ക്യാമറയും പുതുതായി ചേര്‍ത്തിരിക്കുന്നു. എക്‌സ്‌ക്ലൂസീവ്, എക്‌സ്‌ക്ലൂസീവ് ഫാസ്റ്റ് ചാർജ് പതിപ്പുകളില്‍ അകത്തളത്തിന് പ്രീമിയം അനുഭവം ഉറപ്പാക്കുന്നതിനായി ലെതറെറ്റ് സീറ്റുകളും നാല് സ്പീക്കർ ഓഡിയോ സിസ്റ്റവും നല്‍കിയിരിക്കുന്നു.

സുരക്ഷയും സൗകര്യവും വർദ്ധിപ്പിക്കുന്നതിനായി ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളും വാഹനത്തിന് നല്‍കിയിരിക്കുന്നു. ഡ്രൈവർ ബ്രേക്ക് വിട്ടാലുടൻ കാർ മുന്നോട്ട് നീങ്ങാൻ സഹായിക്കുന്ന ക്രീപ്പ് മോഡും വാഹനത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ഇത് ആക്സിലറേറ്റര്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്നു.

എഞ്ചിനില്‍ മാറ്റമില്ല

കോമറ്റ് ഇവിയുടെ എഞ്ചിനില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 41 bhp കരുത്തും 110 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിനുളളത്. 17.3 kWh ബാറ്ററി പായ്ക്ക് പൂർണ ചാർജിൽ 230 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com