Begin typing your search above and press return to search.
വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ക്കിത് നല്ലകാലം, പുതിയ 20 മോഡലുകള്‍ ഉടന്‍
വൈദ്യുത ഇരുചക്ര വാഹന വില്‍പ്പന തിരിച്ചു വരവിന്റെ സൂചനകള്‍ കാണിച്ചു തുടങ്ങിയതോടെ കൂടുതല്‍ മോഡലുകള്‍ നിരത്തിലിറക്കാനുള്ള തയാറെടുപ്പിലാണ് നിര്‍മാതാക്കള്‍. അടുത്ത 8-10 മാസത്തിനുള്ളില്‍ 20ഓളം പുതിയ വൈദ്യുത സ്കൂട്ടറുകളാണ് നിരത്തിലിറങ്ങുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ടി.വി.എസിന്റെ ക്രിയോണ്‍, ഐക്യൂബ് എസ്.ടി, കൈനറ്റികിന്റെ ഇ ലൂണ, ഹോണ്ടയുടെ ആക്റ്റീവ, സുസുക്കിയുടെ ബര്‍ഗ്മാന്‍, വെസ്പയുടെ ഇലക്ട്രിക്ക, എല്‍.എം.എല്‍ ഇലക്ട്രിക്കിന്റെ സ്റ്റാര്‍, ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ് വയര്‍, ഹീറോ ഇലക്ട്രിക് എ.ഇ 47ഇ എന്നിവയാണ് മുന്‍നിര മോഡലുകളുടേതായി നിരത്തിലെത്തുക. കൂടാതെ സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ നിന്ന് സീറോ എസ്.ആര്‍/എഫ്, സ്വിച്ച് സി.എസ്.ആര്‍ 762, ലൈഗര്‍ എക്‌സ്, ഗോഗോറോ 2 സീരീസ് തുടങ്ങിയവയും വരാനിരിക്കുന്നു.
വില്‍പ്പനയിൽ നേരിയ വർധന
സര്‍ക്കാര്‍ സബ്‌സിഡി വെട്ടിക്കുറച്ചത് മൂലം വില ഉയർന്നെങ്കിലും ഉപയോക്താക്കള്‍ വൈദ്യുത വാഹനങ്ങളിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മെയ് മാസത്തില്‍ വൈദ്യുത ഇരുചക്ര വാഹന വില്‍പ്പന ആദ്യമായി ഒരു ലക്ഷം എന്ന നാഴികകല്ല് പിന്നിട്ടിരുന്നു. എന്നാല്‍ സബ്‌സിഡിയിൽ കുറവ് വന്നതോടെ ജൂണില്‍ 46,000 യൂണിറ്റായി കുറഞ്ഞു. ഇപ്പോള്‍ ജൂലൈയില്‍ നേരിയ വർധനയോടെ 54,292 യൂണിറ്റായി ഉയര്‍ന്നിട്ടുണ്ട്.
ഈ വര്‍ഷം വൈദ്യുത ഇരുചക്ര വാഹന വില്‍പ്പന 7.50-8 ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷ. ജൂലൈ വരെയുള്ള കാലയളവില്‍ 4 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചിട്ടുണ്ട്. ജൂലൈയിൽ മൊത്തം വാഹന വില്‍പ്പനയുടെ അഞ്ച് ശതമാനം ഇലക്ട്രിക് വാഹനങ്ങളാണ്.
സര്‍ക്കാരിന്റെ വാഹന്‍ സേവ പോര്‍ട്ടല്‍ അനുസരിച്ച് 2023 സാമ്പത്തിക വര്‍ഷത്തില്‍ വൈദ്യുത ഇരുചക്ര വാഹന വില്‍പ്പനയുടെ 80 ശതമാനവും കൈയ്യാളുന്നത് ആദ്യ പത്ത് കമ്പനികള്‍ ചേര്‍ന്നാണ്. ഇരുചക്ര വാഹന വിപണിയിലെ മുന്‍നിര കമ്പനികളായ ബജാജ് ഓട്ടോ, ടി.വി.എസ് എന്നിവ കൂടാതെ പുതുനിരക്കാരായ ഓല ഇലക്ട്രിക്, ഏഥര്‍, ഒക്‌നോവ എന്നിവരും മികച്ച വില്‍പ്പന നേടുന്നുണ്ട്.
വില കുറയ്ക്കാനും ശ്രമം
സര്‍ക്കാര്‍ സബ്‌സിഡി കുറച്ചതോടെ വാഹന നിര്‍മാതാക്കളെല്ലാം തന്നെ വില ഉയര്‍ത്തിയിരുന്നു. പക്ഷെ, ഉയര്‍ന്ന വില കണക്കാക്കാതെ ഉപയോക്താക്കള്‍ ഇന്ധനവാഹനങ്ങളില്‍ നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, പല വാഹന നിര്‍മാതാക്കളും നിലവിലുള്ള മോഡലുകളുടെ ചെലവു കുറഞ്ഞ പതിപ്പുകള്‍ ഇറക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. ബാറ്ററി വലിപ്പം കുറച്ചും ഫീച്ചറുകളില്‍ വ്യത്യാസം വരുത്തിയും വില മത്സരാത്മകമാക്കുകയാണ് ലക്ഷ്യം.
Next Story
Videos