പുതുവര്‍ഷത്തിലേക്ക് ഇനി ദിവസങ്ങള്‍ ശേഷിക്കെ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് ഓഫറുകളുമായി എത്തിയിരിക്കുകയാണ് ബാങ്കുകള്‍. ഉത്സവകാല ഓഫറുകളായി അവതരിപ്പിച്ച ഈ ഓഫറുകള്‍ പലതും ഡിസംബര്‍ വരെയാണ് ലഭിക്കുക. 8.65 ശതമാനം മുതല്‍ പലിശ നിരക്കില്‍ ബാങ്കുകള്‍ വായ്പകള്‍ നല്‍കുന്നുണ്ട്. വിവിധ പൊതുമേഖലാ ബാങ്കുകളുടേയും സ്വകാര്യ ബാങ്കുകളുടേയും കാര്‍ വായ്പ നിരക്കുകള്‍ നോക്കാം.
കുറവ് പലിശ
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ
വാഹന വായ്പ നല്‍കുന്നത്. 8.65 ശതമാനം മുതല്‍ 9.70 ശതമാനം വരെയാണ് നിലവിലെ പലിശ നിരക്ക്.
ജനുവരി 31 വരെ പ്രോസസിംഗ് ഫീസ് ഈടാക്കുന്നില്ല എന്നതാണ് ആകര്‍ഷണം.
ഓണ്‍-റോഡ് വിലയുടെ 90 ശതമാനം വരെ വായ്പയായി ലഭിക്കുംഫ്ളെക്സിയായ ഇ.എം.ഐ ഓപ്ഷനും എസ്.ബി.ഐ നല്‍കുന്നു. രണ്ട് ഓപ്ഷനുകളാണ് ഉള്ളത്. 36 മാസ കാലാവധിയുള്ള വായ്പകള്‍ക്ക് ആദ്യ ആറ് മാസം റഗുലര്‍ ഇ.എം.ഐയുടെ പകുതി നല്‍കുന്നതാണ് ഒരു ഓപ്ഷന്‍. രണ്ടാമത്തേതില്‍ 60 മാസ കാലാവധിയുള്ള വായ്പകള്‍ക്ക് ആദ്യ ആറ് മാസം റഗുലര്‍ ഇ.എം.ഐയുടെ 50 ശതമാനവും പിന്നീടുള്ള ആറ് മാസം റഗുലര്‍ ഇ.എം.ഐയുടെ 75 ശതമാനവും അടച്ചാല്‍ മതി. ഇലക്ട്രിക് കാറുകള്‍ക്ക് 8.65 ശതമാനം മുതല്‍ 9.35 ശതമാനം വരെയാണ് പലിശ നിരക്ക്.
മറ്റ് പൊതു മേഖല ബാങ്കുകൾ
പഞ്ചാബ് നാഷണല്‍ ബാങ്ക് 8.75 ശതമാനം മുതല്‍ 9.60 ശതമാനം വരെ നിരക്കിലാണ് വായ്പ അനുവദിക്കുന്നത്. നിലവില്‍ വായ്പാ തുകയുടെ 0.25 ശതമാനം വരെയാണ് പ്രോസസിംഗ് ഫീസ്. എക്‌സ്‌ഷോറൂം വിലയുടെ 100 ശതമാനം വരെ വായ്പ നല്‍കുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 120 മാസം വരെയും മറ്റുള്ളവയ്ക്ക് 84 മാസം വരെയുമാണ് തിരിച്ചടവു കാലാവധി.
ബാങ്ക് ഓഫ് ബറോഡ 8.70 ശതമാനം മുതല്‍ 12.10 ശതമാനം വരെയാണ് വാഹന വായ്പകള്‍ക്ക് പലിശയീടാക്കുന്നത്. നിലവില്‍ 500 രൂപ വരെ പ്രോസസിംഗ് ഫീസ് ഈടാക്കുന്നുണ്ട്.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 8.75 ശതമാനം മുതല്‍ 11.80 ശതമാനം വരെയാണ് പലിശ.8.70 മുതല്‍ 11.95 ശതമാനം വരെയാണ് കനറ ബാങ്ക് വാഹന വായ്പകളുടെ പലിശ. ഡിസംബര്‍ 31 വരെ വായ്പകളുടെ പ്രോസസിംഗ് ചാര്‍ജ് കനറ ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 9.05 ശതമാനം മുതല്‍ 11.95 ശതമാനം വരെയാണ് പലിശ.
ബാങ്ക് ഓഫ് ഇന്ത്യയില്‍ 8.75 ശതമാനം മുതല്‍ 10.75 ശതമാനം വരെയാണ് വാഹന വായ്പകള്‍ക്ക് പലിശ. നിലവിൽ പ്രോസസിംഗ് ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.പുതിയ വാഹനങ്ങള്‍ക്ക് വാഹന വിലയുടെ 90 ശതമാനം വരെ വായ്പ ലഭിക്കും. 84 മാസം വരെയാണ് വായ്പാ കാലാവധി
ഐ.ഡി.ബി.ഐ ബാങ്ക് 8.75 ശതമാനം മുതല്‍ 9.55 വരെ പലിശയാണ് വാഹന വായ്പകള്‍ക്ക് ഈടാക്കുന്നത്. 2,500 രൂപയാണ് ബാങ്ക് പ്രോസസിംഗ് ഫീസ് ഈടാക്കുന്നത്.
ബാങ്ക് ഓഫ് മഹാരാഷ്ട 8.70 മുതല്‍ 13 ശതമാനം വരെ നിരക്കിലാണ് വായ്പ നല്‍കുന്നത്. എന്നാല്‍ നിലവില്‍ ബാങ്കില്‍ നിന്ന് ഭവന വായ്പയെടുത്തിട്ടുള്ളവര്‍ക്കും ശമ്പള അക്കൗണ്ട് ഉള്ളവര്‍ക്കും 0.25 ശതമാനം കുറവ് പലിശ നിരക്കാണ് ഈടാക്കുന്നത്.
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 8.85 ശതമാനം മുതല്‍ വാഹന വായ്പ നല്‍കുന്നുണ്ട്. ക്രെഡിറ്റ് സ്‌കോര്‍ 750ഉം അതിനുമുകളിലുമുള്ളവര്‍ക്ക് പലിശയില്‍ 0.50 ശതമാനം കിഴിവ് ലഭിക്കും.
പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കിന് 8.85 ശതമാനം മുതല്‍ 10.25 ശതമാനം വരെയാണ് പലിശ. പി.എസ്.ബി അപ്‌ന വാഹന്‍ സുഗം പദ്ധതി വഴി വായ്പയെടുക്കുന്നവര്‍ക്ക് പ്രോസസിംഗ് ഫീസില്‍ 50 ശതമാനം കിഴിവും ലഭിക്കും.
സ്വകാര്യ ബാങ്കുകള്‍
സ്വകാര്യ ബാങ്കുകളില്‍ എച്ച്.ഡി.എഫ്.സിയും ഫെഡറല്‍ ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും 8.75 ശതമാനം മുതല്‍ പലിശ നിരക്കില്‍ വാഹന വായ്പ നല്‍കുമ്പോള്‍ ഐ.സി.ഐ.സി.ഐ ബാങ്കും ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കും 9 ശതമാനം മുതല്‍ പലിശയാണ് ഈടാക്കുന്നുത്.
ഫെഡറല്‍ ബാങ്ക് എക്‌സ്‌ഷോറൂം വിലയുടെ 100 ശതമാനം വരെ വായ്പ നല്‍കുന്നുണ്ട്. വായ്പയെടുക്കുന്ന വ്യക്തികള്‍ക്ക് 10 ലക്ഷം രൂപ വരെ ആക്‌സിഡന്റ് ഇന്‍ഷുറന്‍സും ബാങ്ക് നല്‍കുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കും ഓണ്‍ റോഡ് വിലയുടെ 100 ശതമാനം വായ്പ അനുവദിക്കുന്നുണ്ട്. നിലവില്‍ പ്രോസസിംഗ് ഫീയില്‍ 50 ശതമാനം കിഴിവുമുണ്ട്.