Begin typing your search above and press return to search.
നഷ്ടം താങ്ങാവുന്നതിനുമപ്പുറം, ഇന്ത്യയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതായി ഫോര്‍ഡ് !
അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ കമ്പനി ഇന്ത്യയിൽ നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി ഔദ്യോഗിക പ്രഖ്യാപനം. ഇക്കഴിഞ്ഞ ദിവസമാണ് ഫോര്‍ഡ് രാജ്യം വിടുന്നെന്ന തരത്തില്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് വന്നത്. ഇപ്പോള്‍ വാര്‍ത്ത ശരിവച്ച് കൊണ്ട് കമ്പനി തന്നെ എത്തിയിരിക്കുകയാണ്. ഗുജറാത്തിലെ സാനന്ദ്, ചെന്നൈ എന്നിവിടങ്ങളിലുണ്ടായിരുന്ന രണ്ട് നിര്‍മാണ കേന്ദ്രങ്ങള്‍ കൂടി തങ്ങള്‍ അടച്ചുപൂട്ടുന്നതായാണ് സെപ്റ്റംബര്‍ ഒമ്പതിലെ അറിയിപ്പ്.
2021 ന്റെ നാലാം പാദത്തോടെയാകും ഗുജറാത്തിലെ സാനന്ദില്‍ കയറ്റുമതി ചെയ്യുന്നതിനായുള്ള വാഹനനിര്‍മാണം അവസാനിപ്പിക്കും. 2022 രണ്ടാം പാദത്തോടെ ചെന്നൈയിലെ വാഹന, എന്‍ജിന്‍ നിര്‍മ്മാണവും അവസാനിപ്പിക്കുമെന്ന് ഫോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യം വിടുന്ന രണ്ടാമത്തെ ആഗോള ഓട്ടോമൊബൈല്‍ ഭീമനായിരിക്കും ഫോര്‍ഡ്. 2017 ല്‍ വാഹന വില്‍പ്പന അവസാനിപ്പിച്ച് ജനറല്‍ മോട്ടോഴ്‌സും ഇന്ത്യ വിട്ടിരുന്നു. ഇക്കഴിഞ്ഞ 10 വര്‍ഷത്തോളമായി ഇന്ത്യയിലെ ബിസിനസ് തുടരാന്‍ പെടാപ്പാട്‌പെടുകയായിരുന്നു തങ്ങളെന്നാണ് കമ്പനി വിശദമാക്കുന്നത്. രണ്ട് ബില്യണ്‍ ഡോളര്‍ പ്രവര്‍ത്തന നഷ്ടവും 0.8 ബില്യണ്‍ ഡോളര്‍ നിഷ്‌ക്രിയാസ്തികളുടെ എഴുതിത്തള്ളലും നേരിട്ടതിനെത്തുടര്‍ന്ന് രാജ്യത്തെ ബിസിനസ് നിലനിര്‍ത്താന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടാതെ വഴിയില്ലയെന്നാണ് കമ്പനി പറയുന്നത്.
ഇന്ത്യന്‍ വിപണിയില്‍ 90 കളില്‍ പ്രവേശിച്ച ആദ്യത്തെ മള്‍ട്ടി-നാഷണല്‍ ഓട്ടോമോട്ടീവ് കമ്പനികളില്‍ ഒന്നാണ് ഫോര്‍ഡ്. 27 വര്‍ഷമായി ഈ അമേരിക്കന്‍ കാര്‍ നിര്‍മാതാവ് ഇന്ത്യയില്‍ അതിന്റെ പ്രവര്‍ത്തനം തുടരുന്നു. ഇറക്കുമതിചെയ്ത സി.ബി.യു മോഡലുകള്‍ മാത്രമായിരിക്കും കമ്പനി ഇനി ഇന്ത്യയില്‍ വില്‍ക്കുക. സാനന്ദ്, ചെന്നൈയിലെ മറൈമല നഗര്‍ പ്ലാന്റുകള്‍ അടച്ചുപൂട്ടുകയാണ് ആദ്യം ചെയ്യുന്നത്. കയറ്റുമതി പ്രവര്‍ത്തനങ്ങളും മെല്ലെ അവസാനിപ്പിക്കും.
4000 തൊഴിലാളികളെയാകും ഫോര്‍ഡ് നിര്‍മാണശാലകളുടെ അടച്ചുപൂട്ടല്‍ ബാധിക്കുക, എന്നാല്‍ ഇതിനും കമ്പനി പരിഹാരം കണ്ടേക്കും. പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് ന്യായവും സന്തുലിതവുമായ ഒരു പദ്ധതി വികസിപ്പിക്കുന്നതിന് ഫോര്‍ഡ് ജീവനക്കാര്‍, യൂണിയനുകള്‍, വിതരണക്കാര്‍, ഡീലര്‍മാര്‍, സര്‍ക്കാര്‍, ചെന്നൈ, സാനന്ദ് എന്നിവിടങ്ങളിലെ മറ്റ് പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.
ഡല്‍ഹി, ചെന്നൈ, മുംബൈ, സാനന്ദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ പാര്‍ട്ട് ഡിപ്പോകള്‍ പരിപാലിക്കുകയും അതിന്റെ ഡീലര്‍ ശൃംഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന രീതിയില്‍ വില്‍പ്പന ക്രമീകരിക്കുകയും ചെയ്യും. സാനന്ദ് പ്ലാന്റ് ഫോഡിെന്റ ആഗോള മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് നിര്‍മിച്ചത്. പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന വാഹനങ്ങള്‍ക്കും അതുകൊണ്ടുതന്നെ വിലകൂടും. അതിനനുസരിച്ചുള്ള ലാഭം ഒരിക്കലും കിട്ടിയിട്ടില്ലെന്നും ഫോര്‍ഡ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.
ഫോര്‍ഡിെന്റ ഏറ്റവും ജനപ്രിയ മോഡലുകളായ ഇക്കോസ്പോര്‍ട്ടും എന്‍ഡവറും നിര്‍മിച്ചിരുന്നത് ചെന്നൈ പ്ലാന്റില്‍നിന്ന് മാത്രമാണ്. ഈ ഒരൊറ്റ പ്ലാന്റ് നിലനിര്‍ത്തുന്നത് പോലും സാമ്പത്തികമായി ലാഭകരമല്ലെന്നാണ് കമ്പനി പറയുന്നത്. കാലഹരണപ്പെട്ട വാഹനങ്ങള്‍, കുറഞ്ഞ ആവശ്യകത, പുതിയ കമ്പനികളുടെ തള്ളിക്കയറ്റം എന്നിവ പരിഗണിക്കുമ്പോള്‍ കമ്പനി പറയുന്നത് ന്യാവുമാണ്.
2019 ഒക്ടോബറില്‍ ഔദ്യോഗിക പ്രഖ്യാപനവുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുമായി ഫോര്‍ഡ് ഒരു സംയുക്ത സംരംഭം ആരംഭിച്ചിരുന്നു. 2020 ഡിസംബര്‍ 31 ന് ആ ഉടമ്പടി അവസാനിച്ചു. ഇതോടെ പ്ലാന്റുകള്‍ ഉപയോഗശൂന്യമായിതുടങ്ങി. ഫോര്‍ഡ് ആരാധകരെ സംബന്ധിച്ചടുത്തോളം പ്രധാന പ്രതീക്ഷ ഫോര്‍ഡ് ഇപ്പോഴും ഇന്ത്യയില്‍ സാന്നിധ്യം നിലനിര്‍ത്തുന്നു എന്നതാണ്.
Next Story
Videos