'ഇവി വിപ്ലവ'ത്തിന് ഡല്‍ഹി സര്‍ക്കാര്‍; 2 വര്‍ഷത്തിനുള്ളില്‍ 95% വൈദ്യുതി വാഹനങ്ങള്‍

സിഎന്‍ജി വാഹനങ്ങള്‍ പിന്‍വലിക്കും; ഇവി വ്യവസായത്തിന് കരുത്താകും
ev charging station two tata electric cars in a parking lot
electric vehiclesimage credit : cial
Published on

വൈദ്യുതി വാഹനങ്ങളുടെ ഉപയോഗത്തില്‍ പുതിയ മുന്നേറ്റത്തിന് ഡല്‍ഹി സര്‍ക്കാര്‍. തലസ്ഥാന നഗരത്തിലെ വായു മലിനീകരണത്തിന് അറുതി വരുത്താന്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വലിയ തോതില്‍ കൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന ഇവി പോളിസി 2.0 പ്രകാരം 2027 നുള്ളില്‍ നഗരത്തിലെ 95 ശതമാനം പുതിയ വാണിജ്യ വാഹനങ്ങളും ഇവിയിലേക്ക് മാറ്റും.

എന്താണ് ഇവി പോളിസി 2.0

2024 ല്‍ പുതിയ വാഹനങ്ങളില്‍ 25 ശതമാനം വൈദ്യുതി വാഹനങ്ങള്‍ ആക്കുമെന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ നേരത്തെ മുന്നോട്ടുവെച്ചിരുന്നത്. പുതിയ തീരുമാനപ്രകാരം 2027 നുള്ളില്‍ 95 ശതമാനം പുതിയ വാഹനങ്ങളും ഇലക്ട്രിക്ക് ആകും. നിലവില്‍ സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷ, ടാക്‌സി, ചെറു വാഹനങ്ങള്‍ എന്നിവ ഘട്ടം ഘട്ടമായി വൈദ്യുതിയിലേക്ക് മാറുന്ന രീതിയിലാണ് പുതിയ നയം. ഈ വര്‍ഷം അവസാനത്തോടെ 90 ശതമാനം സിഎന്‍ജി ബസുകളും നിര്‍ത്തലാക്കും.

പുതിയ നയം ഏപ്രില്‍ മുതല്‍

പുതിയ ഇവി നയം ഏപ്രില്‍ മുതലാണ് നടപ്പാക്കുന്നത്. 2020 ലെ സംസ്ഥാന ഇവി നയത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണിത്. 25 ശതമാനം വൈദ്യുത വാഹനങ്ങള്‍ എന്നതായിരുന്നു പഴയ നയത്തിലെ ലക്ഷ്യം. എന്നാല്‍ 20 ശതമാനത്തില്‍ താഴെയാണ് നേടാനായത്.

ഡല്‍ഹിയെ രാജ്യത്തിന്റെ ഇവി തലസ്ഥാനം കൂടി ആക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ വര്‍ഷം ആദ്യ മാസങ്ങളില്‍ 3 ലക്ഷം പുതിയ ഇലക്ട്രിക് വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ 4,793 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉണ്ട്. അടുത്ത വര്‍ഷത്തോടെ ഇത് 18,000 ആക്കി ഉയര്‍ത്തും.

പുതിയ നയം സ്വകാര്യ വാഹന ഉടമകളെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമായിട്ടില്ല. നിലവില്‍ സര്‍ക്കാര്‍, വാണിജ്യ വാഹനങ്ങളുടെ കാര്യങ്ങളിലാണ് സര്‍ക്കാര്‍ ഇടപെടുന്നത്.

പുതിയ നയം ഇവി വ്യവസായത്തിന് കരുത്ത് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡല്‍ഹിയില്‍ ഈ മേഖല ഇപ്പോള്‍ തളര്‍ച്ചയിലാണ്. ഇവി മേഖലയിലേക്ക് കടക്കാനുള്ള പദ്ധതിയില്‍ നിന്ന് സുസുക്കി മോട്ടോഴ്‌സ് അടുത്തിടെ പിന്‍മാറിയിരുന്നു. ഇന്ത്യന്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, ടെസ്ല പോലുള്ള ആഗോള നിര്‍മാതാക്കള്‍ എന്നിവര്‍ക്ക് പുതിയ നയം ഗുണകരമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com