
പഴയ വാഹനങ്ങള്‍ക്ക് പെട്രോളും ഡീസലും നല്‍കേണ്ടെന്ന തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങി ഡല്‍ഹി സര്‍ക്കാര്‍. ജനങ്ങളുടെ രോഷം രൂക്ഷമായതോടെയാണ് പിന്‍മാറ്റമെന്നാണ് സൂചന. 15 വര്‍ഷം കഴിഞ്ഞ പെട്രോള്‍ വാഹനങ്ങള്‍ക്കും 10 വര്‍ഷം കഴിഞ്ഞ ഡീസല്‍ വാഹനങ്ങള്‍ക്കും ഇന്ധനം നല്‍കില്ലെന്ന തീരുമാനമാണ് മാറ്റുന്നത്. ഇതു സംബന്ധിച്ച് ഡല്‍ഹി പരിസ്ഥിതി മന്ത്രി മന്‍ജീന്ദര്‍ സിംഗ് സിര്‍സ, എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന് കത്തു നല്‍കി. തീരുമാനം നടപ്പാക്കുന്നത് അടിയന്തിരമായി നിര്‍ത്തിവെക്കാനാണ് മന്ത്രിയുടെ നിര്‍ദേശം.
ഡല്‍ഹിയില്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് തിരിച്ചറിയല്‍ സംവിധാനം നടപ്പാക്കുന്നതുവരെ തീരുമാനം നടപ്പാക്കില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. തലസ്ഥാന നഗരിയിലെ വായു മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.
പഴയ വാഹനങ്ങളെ തിരിച്ചറിയുന്നതിനുള്ള ഓട്ടോമാറ്റക് സംവിധാനം കാര്യക്ഷമമല്ലാത്തത് സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് കാമറകള്‍ പലയിടത്തും പ്രവര്‍ത്തന ക്ഷമമല്ല. റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടിയുടെ ഡാറ്റാ ബേസുമായി കാമറകള്‍ പൂര്‍ണമായും ബന്ധിപ്പിച്ചിട്ടുമില്ല. വാഹനങ്ങളുടെ കാലപ്പഴക്കം കണ്ടെത്തുന്നതിന് ഇത് തടസമാകും. ഈ സാഹചര്യത്തില്‍ പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം വിലക്കുന്നത് പരാതികള്‍ക്ക് ഇടയാക്കും. ഗുണത്തേക്കാളേറെ ദോഷമാണ് ഇതുണ്ടാക്കുകയെന്നും പരിസ്ഥിതി മന്ത്രി ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രോഷം തിളക്കുകയാണ്. ഡല്‍ഹിയിലെ മധ്യവര്‍ഗ കുടുംബങ്ങള്‍ തീരുമാനത്തിനെതിരെ രംഗത്തുണ്ട്. പഴയ വാഹനങ്ങള്‍ ഒഴിവാക്കി പുതിയത് വാങ്ങുന്നത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് അവര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ജൂണ്‍ 17 മുതല്‍ പഴയ വാഹനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയിരുന്നു. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പെട്രോള്‍ പമ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പഴയ വാഹനങ്ങളുടെ ഉടമകള്‍ക്ക് നോട്ടീസ് അയക്കാനും തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജൂലൈ ഒന്നു മുതല്‍ ഇന്ധനം നല്‍കേണ്ടെന്ന തീരുമാനമെടുത്തത്. ഇതാണ് സര്‍ക്കാര്‍ ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine