വാടക സൈക്കിളിന് ആവശ്യം കുറയുന്നു, ഇ-സ്‌കൂട്ടറിന് കൂടുന്നു

നഗരങ്ങളില്‍ സൈക്കിള്‍ വാടകയ്ക്ക് എടുക്കാന്‍ ആവശ്യക്കാര്‍ കുറവായത് കൊണ്ട് ഈ സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ ശ്രമം ഉപേക്ഷിക്കുകയോ ഇ-സ്‌കൂട്ടറുകള്‍ കൂടുതല്‍ വാടകക്ക് നല്‍കാനോ തീരുമാനിച്ചിരിക്കുകയാണ്.

ഇലക്ട്രിക് സ്‌കൂട്ടറുകളിലേക്ക്

അഹമ്മദാബാദ് കമ്പനിയായ മൈബൈക്ക് (MYBYK) വിവിധ നഗരങ്ങളില്‍ 10,000 സൈക്കിളുകളാണ് വാടകക്ക് നല്‍കുന്നത്. കൊച്ചിയില്‍ 900 സൈക്കിളുകള്‍ ഉണ്ട്. ഇനി ബിസിനസ് വിപുലീകരിക്കാന്‍ കമ്പനി കൂടുതല്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാടകക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുലു എന്ന സ്ഥാപനം സൈക്കിളുകളുടെ എണ്ണം വര്‍ധിപ്പിക്കില്ല.

നിലവില്‍ ഡല്‍ഹി, ബംഗാളൂരു, മുംബൈ എന്നിവിടങ്ങളില്‍ യുലു വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ വാടകക്ക് നല്‍കുന്നുണ്ട്. മൊത്തം 15,000 വൈദ്യുത വാഹനങ്ങള്‍ വാടകക്കായി ഒരുക്കിയിട്ടുണ്ട്. ഓല പെഡല്‍ ഉള്‍പ്പടെ ആറില്‍ അധികം കമ്പനികള്‍ സൈക്കിള്‍ വാടകക്ക് നല്‍കുന്നത് നിറുത്തുകയോ എണ്ണം കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്.

കാരണങ്ങളേറെ

റോഡുകളില്‍ സൈക്കിള്‍ സവാരിക്ക് പ്രത്യേകം ലെയ്ന്‍ ഇല്ലാത്തത്, ഫിറ്റ്‌നസിന് അല്ലാതെ സൈക്കിള്‍ ചവിട്ടാന്‍ വിമുഖത, പ്രതികൂലമായ കാലാവസ്ഥ, പരിപാലന ചെലവ് കൂടുതല്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് സൈക്കിള്‍ വാടകക്ക് എടുക്കാന്‍ ആവശ്യക്കാര്‍ വര്‍ധിക്കാത്തത്. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ശരാശരി മണിക്കൂറില്‍ 25 കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകാമെന്നതും സൈക്കിളിനെക്കാള്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമാണ്.

Related Articles
Next Story
Videos
Share it