പഴയ വണ്ടി കയ്യിലുണ്ടോ? പുതുപുത്തന്‍ മോഡലിന് വമ്പന്‍ ഡിസ്‌ക്കൗണ്ട് സ്വന്തമാക്കാം; വില്‍പ്പന കൂട്ടാന്‍ പുതിയ തന്ത്രം

പൊളിക്കാന്‍ കൊടുക്കുന്ന പഴയ വാഹനങ്ങള്‍ക്ക് ഡിസ്‌ക്കൗണ്ട് നല്‍കുന്ന കാര്യത്തില്‍ ഏറെക്കാലത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ കേന്ദ്രസര്‍ക്കാരും വാഹന നിര്‍മാതാക്കളും ധാരണയിലെത്തി. ഉത്സവസീസണ്‍ അടുത്തിരിക്കെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ വാഹന കമ്പനികള്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോഴത്തെ നീക്കം. ഇതനുസരിച്ച് പൊളിക്കാന്‍ കൊടുക്കുന്ന വാഹനങ്ങള്‍ക്ക് പകരം പുതിയത് വാങ്ങുമ്പോള്‍ 25,000 രൂപ വരെ കിഴിവ് ലഭിക്കും.
കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (എസ്.ഐ.എ.എം) ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കാന്‍ കൊടുക്കുമ്പോള്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി എത്തിയാല്‍ പുതിയ വാഹനങ്ങള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കാനാണ് ധാരണ.
ഡിസ്‌കൗണ്ട് ഇങ്ങനെ
രാജ്യത്തെ പ്രമുഖ യാത്രാ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്‌, ഹ്യൂണ്ടായ്, കിയ, ടൊയോട്ട തുടങ്ങിയവര്‍ വാഹനവിലയുടെ 1.5 ശതമാനമോ അല്ലെങ്കില്‍ 20,000 രൂപയോ ഡിസ്‌കൗണ്ട് നല്‍കും. നിലവിലുള്ള ഓഫറുകള്‍ക്ക് പുറമെ 25,000 രൂപ ഫ്‌ളാറ്റ് ഡിസ്‌കൗണ്ട് നല്‍കാനാണ് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യയുടെ തീരുമാനം. വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടേഴ്‌സ്, വോള്‍വോ ഐഷര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഫോഴ്‌സ് മോട്ടേഴ്‌സ്, ഇസുസു മോട്ടേഴ്‌സ് തുടങ്ങിയവര്‍ 3.5 ടണ്ണിന് മുകളിലുള്ള വാഹനങ്ങള്‍ പൊളിക്കാന്‍ കൊടുത്ത് പുതിയത് വാങ്ങുമ്പോള്‍ എക്‌സ്‌ഷോറൂം വിലയുടെ മൂന്ന് ശതമാനം കിഴിവ് നല്‍കും. 3.5 ടണ്ണില്‍ താഴെയുള്ള വാഹനങ്ങള്‍ക്ക് 1.5 ശതമാനമാണ് ഡിസ്‌കൗണ്ട്. ബസുകള്‍ക്കും വാനുകള്‍ക്കും ഈ ഡിസ്‌കൗണ്ട് ബാധകമാണ്.
എന്തിന് പൊളിക്കണം
2021 ഓഗസ്റ്റിലാണ് പഴയ വാഹനങ്ങള്‍ പൊളിക്കാനായി കേന്ദ്രസര്‍ക്കാര്‍ നാഷണല്‍ വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസിക്ക് രൂപം നല്‍കിയത്. പഴയ വാഹനങ്ങള്‍ പൊളിച്ച് പുതിയവ വാങ്ങുമ്പോള്‍ സംസ്ഥാനങ്ങള്‍ റോഡ് ടാക്‌സ് ഇനത്തില്‍ 25 ശതമാനം ഇളവ് അനുവദിക്കണമെന്നാണ് ചട്ടം. വാഹനം പൊളിക്കല്‍ നയമനുസരിച്ച് യാത്രാവാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവുമാണ് കാലാവധി. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിരന്തരം ശ്രമിച്ചിട്ടും സ്വമേധയാ വാഹനം പൊളിക്കാനെത്തുന്നവരുടെ എണ്ണം വളറെ കുറവായിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വാഹന നിര്‍മാതാക്കളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.
കേരളത്തില്‍ എവിടെയൊക്കെ
ദേശീയ വാഹന പൊളിക്കല്‍ നയം നടപ്പിലാക്കാന്‍ കേരളത്തില്‍ മൂന്ന് വാഹന പൊളിക്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ കെ.എസ്.ആര്‍.ടി.സിയെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുമായി ചേര്‍ന്ന് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയും (പി.പി.പി) മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ സ്വകാര്യ വ്യക്തികള്‍ക്കും വാഹനം പൊളിക്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള അനുമതി നല്‍കുമെന്നാണ് വിവരം.
മൂന്നെണ്ണം മതിയോ?
അതേസമയം, ഒന്നര കോടിയിലധികം വാഹനങ്ങളുള്ള കേരളത്തില്‍ മൂന്ന് പൊളിക്കല്‍ കേന്ദ്രങ്ങള്‍ മതിയാകില്ലെന്ന ആക്ഷേപവും ശക്തമാണ്. ഓരോ ജില്ലയിലും ഒരെണ്ണം വച്ച് ആരംഭിച്ചാല്‍ പോലും മതിയാകാതെ വരും. മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്വകാര്യ വ്യക്തികള്‍ക്കും ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള അനുമതി നല്‍കണമെന്ന ആവശ്യവും ശക്തമാണ്. ഇത്തരം കേന്ദ്രങ്ങള്‍ ഗതാഗത വകുപ്പിന് കീഴില്‍ ആരംഭിക്കുന്നതിന് പകരം വ്യവസായ വകുപ്പിന് കീഴില്‍ എം.എസ്.എം.ഇ മാതൃകയില്‍ നടപ്പിലാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Related Articles
Next Story
Videos
Share it