ഒല വരുമ്പോള്‍ കേരളത്തിലെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിക്ക് എന്തുസംഭവിക്കും, വിലയുദ്ധമുണ്ടാകുമോ?

ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്ത് വന്‍ വിപ്ലവമാകുമെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 99999 രൂപ മുതല്‍ 129000 രൂപ വരെയാണ് എക്‌സ് ഷോറൂം വില. എന്നാല്‍ അനുബന്ധ ഘടകങ്ങളുടെയോ നിരത്തിലിറക്കാനായി ഉപഭോക്താക്കള്‍ക്ക് കയ്യില്‍ വേണ്ടിവരുന്ന തുകയോ ഇവര്‍ പറഞ്ഞിട്ടില്ല. എന്നിരുന്നാലും ബുക്കിംഗ് തുടങ്ങി ആദ്യ ദിനം തന്നെ റോക്കോര്‍ഡുകളെല്ലാം ഭേദിക്കാന്‍ ഒലയ്ക്ക് കഴിഞ്ഞു.

ഏഥര്‍, ഒകിനാവ, പ്യുവര്‍ ഇവി, സിമ്പിള്‍ എനര്‍ജി എന്നിവര്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ 70,000 മുതല്‍ 1.13 ലക്ഷം രൂപ വരെ റീറ്റെയ്ല്‍ വിപണിയില്‍ ഇറക്കുന്നുണ്ട്. പരമ്പരാഗത ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, ഹീറോ ഇലക്ട്രിക്, ബജാജ് ലിമിറ്റഡ് എന്നിവ പോലുള്ളവരും ഇലക്ട്രിക് സ്‌കൂട്ടറുകളുമായി രംഗത്തുണ്ട്.
ഈ മേഖലയില്‍ ഒല വരുന്നതോട്കൂടി വിലയുദ്ധം നടക്കുമെന്നാണ് ദേശീയ വാര്‍ത്തകള്‍ പറയുന്നത്. എന്നാല്‍ ഒല യഥാര്‍ത്ഥത്തില്‍ ഒരു ഇവി വിപ്ലവം സൃഷ്ടിക്കുമെന്നതിലുപരി വിലയില്‍ വന്‍ മത്സരം സൃഷ്ടിച്ചേക്കില്ല എന്നാണ് മേഖലയിലുള്ളവര്‍ വ്യക്തമാക്കുന്നത്. നിരത്തിലിറക്കണമെങ്കില്‍ ഈ പ്രീമിയം മോഡല്‍ വണ്ടികള്‍ക്ക് ഒരു ലക്ഷം മുതല്‍ 1.60 ലക്ഷം രൂപ വരെ വേണ്ടി വന്നേക്കാമെന്നാണ് ഓട്ടോമൊബൈല്‍ രംഗത്തുള്ളവര്‍ വിലയിരുത്തുന്നത്. സ്‌കൂട്ടറിന്റെ ചാര്‍ജര്‍, അനുബന്ധ വസ്തുക്കള്‍, രജിസ്‌ട്രേഷന്‍, നികുതി എല്ലാം ചേര്‍ത്താണിത്.
കോഴിക്കോട് ക്രക്‌സ് മൊബിലിറ്റിയിലെ ഷോറൂം മാനേജര്‍ അരുണ്‍ ഏഥര്‍ ഇലക്ട്രിക് വിഭാഗമാണ് മാനേജ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ, ''ഡീലര്‍ഷിപ്പുകളില്ലാതെ നേരിട്ടുള്ള ഹോം ഡെലിവറിയും മൊബൈല്‍ ആപ്പ് വഴിയുള്ള സര്‍വീസ് ബുക്കിംഗും ഒല വാഹനങ്ങള്‍ ഇന്ത്യന്‍ ഇരുചക്ര വാഹന സംസ്‌കാരത്തെ തന്നെ മാറ്റിമറിച്ചേക്കാം. എന്നാല്‍ മലയാളികള്‍ എപ്പോഴും മുന്‍പന്തിയില്‍ കാണുന്നത് സര്‍വീസിലെ മികവ് തന്നെയാണ്. ഏഥര്‍ വാഹന വില്‍പ്പനയിലെ ഇക്കഴിഞ്ഞ മാസങ്ങളിലെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുകയാണെങ്കില്‍, അത്ര പരിചിതമല്ലാത്ത രീതികളായതിനാല്‍ തന്നെ ഒരു സ്‌കൂട്ടര്‍ ഡെലിവറി കഴിഞ്ഞാല്‍ ആ ഉപഭോക്താവ് ബ്ലൂടൂത്ത് കണക്റ്റ് ചെയ്യുന്നത് മുതല്‍ അടിമുടി കാര്യങ്ങള്‍ക്ക് ഷോറൂമിലേക്ക് വിളിക്കുമെന്നതാണ്. ഇതിനായി പ്രത്യേക ടീം തന്നെ ഇവിടെ സജ്ജമാണ്. പലരും ഷോറൂമുകളിലേക്ക് നേരിട്ടെത്താറുമുണ്ട്. എന്നാല്‍ കസ്റ്റമര്‍ കെയര്‍ പോലെ നേരിട്ട് എക്‌സ്പീരിയന്‍സ് ചെയ്യാതെയുള്ള കാര്യങ്ങള്‍ എത്രമാത്രം പ്രായോഗികതലത്തില്‍ എത്തുമെന്നത് സംശയമാണ്. വിലയുടെ കാര്യത്തിലും 30000 രൂപ വരെ പ്രീമിയം സെഗ്മെന്റ് തന്നെയെങ്കിലും ഏഥറുമായി ഒലയ്ക്ക് ഉണ്ടായേക്കാം.''.
ഹീറോ ഇലക്ട്രിക്ക് സാധാരണക്കാരന്റെ ഇലക്ട്രിക് ഇരുചക്ര വാഹന ശ്രേണിയായി നിലനില്‍ക്കുന്നതിനാല്‍ തന്നെ പ്രീമിയം സെഗ്മെന്റിലെ വിലയുമായി അത്തരമൊരു മത്സരം വരില്ലെന്നാണ് എറണാകുളം കലൂരുള്ള ഹീറോ ഇലക്ട്രിക് ഡീലര്‍ എം മനോജ് കുമാര്‍ പറയുന്നത്. ഇരുചക്ര വാഹനങ്ങളില്‍ ഹീറോ തെരഞ്ഞെടുക്കുന്നത് കൂടുതലും സിറ്റി ഡ്രൈവിനും ഓഫീസ് ഉപയോഗങ്ങള്‍ക്കെല്ലാമായാണ്. ഇത്തരക്കാര്‍ തീര്‍ച്ചയായും ബജറ്റ് വാഹനങ്ങളോട് കൂടുതല്‍ താല്‍പര്യം കാണിച്ചേക്കാം. അതോടൊപ്പം വിശ്വസ്തരായ ബ്രാന്‍ഡ്, വില്‍പ്പനാനന്തര സേവനം എന്നിവയും സാധാരണക്കാര്‍ക്ക് പ്രധാന മാനദണ്ഡങ്ങളാകുമെന്നും അദ്ദേഹം വിശദമാക്കുന്നു. ഇലക്ട്രിക് വാഹന ശ്രേണിയിലേക്ക് തങ്ങളുടെ പ്രീമിയം വാഹനം അടുത്ത വര്‍ഷം നാലാം പാദത്തോടെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഹീറോയുടെ ബ്രാന്‍ഡ് മൂല്യം വില്‍പ്പനയിലെ മത്സരത്തെ മറികടക്കാന്‍ സഹായിച്ചേക്കാമെന്നും മനോജ് പറയുന്നു.
മെട്രോ നഗരങ്ങളില്‍ പ്രീമീയം ഇല്ക്ട്രിക് വാഹനങ്ങള്‍ക്കായി തിരക്ക് കൂട്ടുന്നവരുണ്ടെങ്കിലും കേരളത്തില്‍ അത്തരത്തിലൊരു വിപണിയല്ല ഉള്ളത്. വിലയും വില്‍പ്പനാനന്തര സേവനങ്ങളും വളരെ വ്യക്തമായി തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കളാണിവിടെ. എന്നാല്‍ ഇവ രണ്ടും മികച്ചതായി ഒലയ്ക്ക് നല്‍കാനായാല്‍ വരാനിരിക്കുന്ന മോഡലുകള്‍ക്ക് മത്സരമായേക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it