

ഓട്ടോറിക്ഷകളുടെ നാടെന്ന് ഇന്ത്യയെ നിസംശയം വിശേഷിപ്പിക്കാം. ഒരു ഓട്ടോയെങ്കിലുമില്ലാത്തൊരു സ്ഥലം ഇന്ത്യയില്‍ സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല. ഇപ്പോഴിതാ, വാഹന ലോകത്തെ പുത്തന്‍ ട്രെന്‍ഡായ ഇലക്ട്രിക്കിലും ഓട്ടോറിക്ഷാപ്പെരുമ നേടുകയാണ് ഇന്ത്യ.
ലോകത്ത് ഇലക്ട്രിക് ത്രീവീലറുകളുടെ വില്‍പനയില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തിയെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ദ ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. 2023ല്‍ 5.8 ലക്ഷം ഇലക്ട്രിക് ത്രീവീലറുകളാണ് ഇന്ത്യയില്‍ വിറ്റഴിഞ്ഞത്. 2022നെ അപേക്ഷിച്ച് 65 ശതമാനം വര്‍ധന.
♦ ഏറ്റവും പുതിയ ധനംഓൺലൈൻ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം
അതേസമയം, ചൈനയിലെ വില്‍പന എട്ട് ശതമാനം താഴ്ന്ന് 3.2 ലക്ഷമായിരുന്നു. ഇതോടെ, ചൈന രണ്ടാംസ്ഥാനത്തായി. ആഗോളതലത്തില്‍ 2023ല്‍ 13 ശതമാനം വര്‍ധനയുമായി മൊത്തം 45 ലക്ഷം ത്രീവീലറുകള്‍ വിപണിയിലെത്തിയിരുന്നു. ഇതില്‍ ഇലക്ട്രിക് ത്രീവീലറുകളുടെ വിഹിതം 2022ലെ 18ല്‍ നിന്ന് 2023ല്‍ 21 ശതമാനമായി ഉയര്‍ന്നു.
മുച്ചക്രത്തിലും ഇലക്ട്രിക് വിപ്ലവം
2023ല്‍ 10 ലക്ഷം ഇലക്ട്രിക് ത്രീവീലറുകളാണ് പുതുതായി നിരത്തിലെത്തിയത്. 2022നേക്കാള്‍ 30 ശതമാനം അധികമാണിത്. ഇന്ത്യയും ചൈനയുമാണ് ഏറ്റവും വലിയ വിപണികള്‍. ആഗോള ഇലക്ട്രിക് ത്രീവീലര്‍ വില്‍പനയുടെ 95 ശതമാനവും ഈ രണ്ട് രാജ്യങ്ങളിലാണ്. പരമ്പരാഗത എന്‍ജിന്‍ വിഭാഗത്തിലേത് ഉള്‍പ്പെടെ മൊത്തം ത്രീവീലര്‍ വില്‍പന കണക്കാക്കിയാല്‍, ആഗോള വില്‍പനയുടെ 80 ശതമാനവും ഇന്ത്യയിലും ചൈനയിലുമാണ്.
എന്തുകൊണ്ട് ഇ-ഓട്ടോയ്ക്ക് പ്രിയം?
സര്‍ക്കാരിന്റെ വൈദ്യുത വാഹന പ്രോത്സാഹന നയമാണ് ഇലക്ട്രിക് ഓട്ടോയുടെ വില്‍പനയ്ക്കും ഊര്‍ജമാകുന്നത്. സബ്‌സിഡി ലഭ്യമാക്കുന്ന ഫെയിം-2 പദ്ധതി നിരവധി പേരെ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിച്ചു. ഇത് ഇ-ഓട്ടോയുടെ വില്‍പനയ്ക്കും ഗുണം ചെയ്തു.
പെട്രോള്‍ പതിപ്പിനെ അപേക്ഷിച്ച് ഇലക്ട്രിക് ഓട്ടോറിക്ഷയ്ക്ക് 55 ശതമാനം അധികവിലയുണ്ടെങ്കിലും എട്ടുവര്‍ഷത്തെ ഉപയോഗം കണക്കിലെടുത്താല്‍, ഉടമയുടെ മൊത്തം ചെലവ് (മെയിന്റന്‍സ്, സര്‍വീസ് ചെലവുകള്‍ ഉള്‍പ്പെടെ) 50 ശതമാനം വരെ കുറവായിരിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. സബ്‌സിഡി ഒഴിവാക്കിയാല്‍ പോലും മൊത്തം ചെലവ് 40 ശതമാനത്തോളം കുറവായിരിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine