ഇലക്ട്രിക് സ്‌കൂട്ടര്‍ കേരളത്തിലും പ്രിയങ്കരമാകുന്നു

'ഒരു വര്‍ഷത്തിലധികമായി അമ്മാവന്റെ മകന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപയോഗിക്കുന്നുണ്ട്. ഇത് കണ്ടാണ് ഒന്നര മാസം മുമ്പ് ഞാനും ഏഥറിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയത്. നേരത്തെ ഉപയോഗിച്ചിരുന്ന സ്‌കൂട്ടറിന് പ്രതിമാസം പെട്രോളിന് മാത്രം 2000-2500 രൂപ വേണ്ടിവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏതാനും യൂണിറ്റ് കറന്റ് മാത്രം മതി എന്റെ യാത്രകള്‍ നടത്താന്‍' - താന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാനുള്ള കാരണത്തെ കുറിച്ചും അതിന്റെ ഗുണങ്ങളെ കുറിച്ചും ചൂണ്ടിക്കാട്ടുകയാണ് പ്രവാസജീവിതം മതിയാക്കി നാട്ടില്‍ കൂലിപ്പണിയെടുത്ത് ജീവിക്കുന്ന മലപ്പുറം സ്വദേശിയായ മുജീബ് റഹ്‌മാന്‍.

ഇന്ത്യയിലെ വാഹന വിപണിയില്‍ ഇലക്ട്രിക്കിലേക്കുള്ള ഗതിമാറ്റത്തിന്റെ കാറ്റ് ഇരുചക്ര വാഹന രംഗത്തും മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയത് ഈയടുത്തകാലത്താണ്. നേരത്തെ, പവര്‍ കുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കമ്പനികള്‍ വിപണിയിലെത്തിച്ചിരുന്നെങ്കിലും പൊതുവായ യാത്രകള്‍ക്കും എല്ലായിടങ്ങളിലും ഉപയോഗിക്കാന്‍ പരിമിതികളുണ്ടായിരുന്നു.
കുറഞ്ഞ ചെലവില്‍ കൂടുതല്‍ ദൂരം
കുറഞ്ഞചെലവില്‍ കൂടുതല്‍ ദൂരം യാത്ര ചെയ്യാനാവുമെന്നതാണ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രധാന ആകര്‍ഷണം. ഒരു കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ പെട്രോള്‍ സ്‌കൂട്ടറുകള്‍ക്ക് ശരാശരി രണ്ട് രൂപയില്‍ മുകളില്‍ വേണ്ടി വരുമ്പോള്‍ 25 പൈസയില്‍ താഴെ മാത്രമേ ഇലക്ട്രിക്് സ്‌കൂട്ടറുകള്‍ക്ക് വേണ്ടിവരുന്നുള്ളൂ.
''മൂന്ന് യൂണിറ്റ് വൈദ്യുതിയാണ് ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മുഴുവനായും ചാര്‍ജ് ചെയ്യുന്നതിന് വേണ്ടിവരുന്നത്. ഏത് പ്രതികൂല സാഹചര്യങ്ങളിലും 85 കിലോമീറ്റര്‍ ദൂരപരിധി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു. അങ്ങനെ വെച്ച് നോക്കുമ്പോള്‍ 18-25 പൈസ മാത്രമാണ് ഒരു കിലോമീറ്ററിനായി ചെലവാകുന്നത്'' ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറിന് വേണ്ടിവരുന്ന വൈദ്യുതിയെ കുറിച്ച് കോഴിക്കോട് ക്രക്സ് മൊബിലിറ്റിയിലെ സെയ്ല്‍സ് മാനേജര്‍ അരുണ്‍ ലാല്‍ പറയുന്നു. നിലവില്‍ കേരളത്തില്‍ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലാണ് ഏഥറിന് ഷോറൂമുകളുള്ളത്.
സംസ്ഥാനത്തുടനീളം ഷോറൂമുകളുള്ള ഹീറോ ഇലക്ട്രിക് രജിസ്‌ട്രേഷന്‍ ആവശ്യമില്ലാത്ത രണ്ട് മോഡലുകളടക്കം ആകെ ഏഴ് മോഡലുകളാണ് പുറത്തിറക്കിയത്. 125 കിലോമീറ്റര്‍ വരെ ദൂരപരിധി അവകാശപ്പെടുന്ന ഹീറോ ഇലക്ട്രിക് മോഡലുകള്‍ക്ക് ഒരു കിലോമീറ്റര്‍ യാത്രയ്ക്ക് 15 പൈസയോളം മാത്രമാണ് ചെലവ് വരുന്നത് - എറണാകുളം കലൂരിലെ ഹീറോ ഇലക്ട്രിക് ഡീലര്‍ മനോജ് പറയുന്നു.
ഇവയ്ക്ക് പുറമെ ബജാജ്, ടിവിഎസ്, ഓക്കിനാവ, ഒല, സിമ്പിള്‍ എനര്‍ജി തുടങ്ങിയ രാജ്യത്തെ പ്രധാന ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളും ഉപഭോക്താക്കള്‍ക്ക് ആവശ്യമായ രീതിയില്‍ മികച്ച ദൂരപരിധി നല്‍കുന്ന മോഡലുകളാണ് പുറത്തിറക്കിയിട്ടുള്ളത്. ഡീലര്‍ഷിപ്പ് സംവിധാനം തന്നെ ഒഴിവാക്കി വീട്ടുപടിക്കല്‍ ഡെലിവറിയുമായി എത്തുന്ന ഒലയും 180 കിലോമീറ്റര്‍ ദൂരപരിധി അവകാശപ്പെടുന്നുണ്ട്.
കേരളത്തില്‍ ആവശ്യക്കാരേറെ
ആഴ്ചകള്‍ക്ക് മുമ്പ് ഒല തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറിന് 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷം ബുക്കിംഗ് നേടിയത് ഏവരെയും ഞെട്ടിച്ചിരുന്നു. മോഡലിന്റെ വിലയും മറ്റ് വിവരങ്ങളും അവതരിപ്പിക്കുന്നതിന് മുമ്പായിരുന്നു ഇത്രയും ബുക്കിംഗ് ഒരു മുന്‍നിര വാഹന നിര്‍മാതാക്കള്‍ അല്ലാതിരുന്നിട്ടും ഒലയ്ക്ക് ലഭിച്ചത്. ഇതിലൊരു പങ്ക് കേരളത്തില്‍നിന്നായിരിക്കുമെന്നതില്‍ സംശയമില്ലല്ലോ?
സമീപകാലത്തായി സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ഇലക്ട്രിക് ഇരുചക്ര വാഹന ഷോറൂമുകളുടെ എണ്ണവും ചൂണ്ടിക്കാട്ടുന്നത് മലയാളിയുടെ ഇലക്ട്രിക് സ്‌കൂട്ടറുകളോടുള്ള താല്‍പ്പര്യത്തെയാണ്. ഷോറൂമുകള്‍ വര്‍ധിച്ചതോടെ വാഹനങ്ങള്‍ക്കായുള്ള ബുക്കിംഗും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ജുലൈ 23ന് ഏഥറിന്റെ സംസ്ഥാനത്തെ രണ്ടാമത്തെ ഷോറൂം കോഴിക്കോട് തുറന്നതിന് പിന്നാലെ ഏഴ് ദിവസങ്ങള്‍ക്കകം 500 ഓളം ബുക്കിംഗുകളാണ് നേടിയത്. ഗ്രാമീണ മേഖലയില്‍നിന്നടക്കം നിരവധി അന്വേഷണങ്ങള്‍ വരുന്നതായും കോഴിക്കോട് ക്രക്സ് മൊബിലിറ്റിയിലെ സെയ്ല്‍സ് മാനേജര്‍ അരുണ്‍ ലാല്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി വീണ്ടും ഉയര്‍ത്തിയതോടെ ബുക്കിംഗും വര്‍ധിച്ചിട്ടുണ്ട്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കുള്ള സബ്‌സിഡി കഴിച്ച് 53,600 രൂപ മുതലുള്ള വിലയ്ക്ക് ഹീറോ ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭ്യമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 100 ഓളം ബുക്കിംഗാണ് നേടിയത് - എറണാകുളം കലൂര്‍ ഹീറോ ഇലക്ട്രിക് ഡീലര്‍ മനോജ് പറഞ്ഞു.
മുന്‍പ്, കയറ്റങ്ങളും ഇറക്കവുമൊക്കെയായതിനാല്‍ ഗ്രാമീണ മേഖലയില്‍നിന്നുള്ളവര്‍ ഇലക്ട്രിക് വാഹനങ്ങോട് മുഖം തിരിച്ചിരുന്നുവെങ്കില്‍ ഇന്ന് ഗ്രാമ-നഗര വ്യത്യാസമില്ലാതെയാണ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ആളുകള്‍ സ്വന്തമാക്കുന്നത്. ഹീറോ ഇലക്ട്രിക്കിന്റെ കണക്കുകള്‍ പ്രകാരം, അവരുടെ 40 ശതമാനം ഇലക്ട്രിക് സ്‌കൂട്ടറുകളും ഉപയോഗിക്കുന്നത് ഗ്രാമീണ മേഖലയില്‍നിന്നുള്ളവരാണ്. ഇപ്പോള്‍ പുറത്തിറങ്ങുന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് 200 കിലോഗ്രാമിലധികം ലോഡിംഗ് കപ്പാസിറ്റിയുള്ളതും ഗുണകരമാണ്.
വിലയും സബ്സിഡിയും
സാധാരണക്കാര്‍ക്ക് ഉതകുന്ന വിലയിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കള്‍ മോഡലുകള്‍ പുറത്തിറക്കുന്നത്. ഇതിനുപുറമെ കേന്ദ്രസര്‍ക്കാരിന്റെ ഫെയിം 2 പദ്ധതിയിലൂടെയുള്ള സബ്സിഡിയും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു. ഒരു കിലോവാട്ടിന് 15,000 രൂപയാണ് സബ്സിഡിയായി ലഭിക്കുക. മൂന്ന് കിലോവാട്ട് ബാറ്ററിയുള്ള മോഡലിന് ഇതുവഴി 45,000 രൂപയോളം കുറയും.
വെല്ലുവിളികള്‍
മിക്ക ഇലക്ട്രിക് സ്‌കൂട്ടറുകളുടെയും ദൂരപരിധി 85-180 കിലോമീറ്റര്‍ ആയതിനാല്‍ തന്നെ ദീര്‍ഘദൂരയാത്ര സാധ്യമാകണമെങ്കില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എല്ലായിടത്തും ലഭ്യമാകണമെന്നാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപഭോക്താക്കള്‍ പറയുന്നത്. സംസ്ഥാനത്തിന്റെ ഗ്രാമീണ മേഖലകളിലടക്കം ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചാല്‍ മാത്രമേ ദീര്‍ഘദൂര യാത്രകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളെ തെരഞ്ഞെടുക്കാന്‍ സാധിക്കുകയുള്ളൂ.
മുഴുവന്‍ ചാര്‍ജിംഗിന് 2-3 മണിക്കൂറോളം സമയം വേണ്ടിവരുന്നതും ഉപഭോക്താക്കള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യങ്ങള്‍ ഒരുക്കിയാല്‍ നിരത്തുകളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ എണ്ണം കുത്തനെ ഉയരും.


Related Articles

Next Story

Videos

Share it