കേരളത്തിലും ജനപ്രിയമായി ഇലക്ട്രിക് സ്‌കൂട്ടര്‍, കാത്തിരിപ്പ് കാലാവധി നീളുന്നു

ഇന്ത്യന്‍ വാഹന വിപണിയിലെ ഇലക്ട്രിക്കിലേക്കുള്ള ഗതിമാറ്റത്തിന്റെ കാറ്റ് ഇരുചക്ര വാഹന രംഗത്തും മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയത് ഈയടുത്തകാലത്താണ്. നേരത്തെ, പവര്‍ കുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ (Electric Scooter) കമ്പനികള്‍ വിപണിയിലെത്തിച്ചിരുന്നെങ്കിലും പൊതുവായ യാത്രകള്‍ക്കും എല്ലായിടങ്ങളിലും ഉപയോഗിക്കാന്‍ പരിമിതികളുണ്ടായിരുന്നു. കഴിഞ്ഞ രണ്ട്‌വര്‍ഷത്തിനിടെ കൂടുതല്‍ കരുത്തുറ്റ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയിലെത്തിയതോടെ ഗണ്യമായ വര്‍ധനവാണ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പ്പനയിലുണ്ടായത്. സംസ്ഥാനത്തും ജനപ്രിയമായ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ആവശ്യക്കാരേറെയാണെന്ന് ഈ രംഗത്തുള്ളവരും പറയുന്നു.

''നേരത്തെ പ്രതിമാസം കുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് വിറ്റിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 150-200 ആയി ഉയര്‍ന്നിട്ടുണ്ട്. കൂടാതെ, പുതുതായി വരുന്ന ബുക്കിംഗുകളുടെ എണ്ണം ഉയരുകയാണ്. 300-400 ബുക്കിംഗുകളാണ് ഇപ്പോള്‍ പ്രതിമാസം ലഭിച്ചുകൊണ്ടിരിക്കുന്നത്'' ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ കോഴിക്കോട്ടെ ഡീലറായ ക്രക്‌സ് മൊബിലിറ്റിയിലെ സെയ്ല്‍സ് മാനേജര്‍ അരുണ്‍ ലാല്‍ ധനത്തോട് പറഞ്ഞു. കഴിഞ്ഞവര്‍ഷം ജൂണില്‍ ക്രക്‌സ് മൊബിലിറ്റി കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചതിന് പിന്നാലെ 1500 ഓളം യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് വിറ്റഴിച്ചത്. ബുക്കിംഗുകള്‍ വര്‍ധിച്ചതോടെ വാഹനങ്ങള്‍ക്കുവേണ്ടിയുള്ള കാത്തിരിപ്പ് കാലാവധിയും നീണ്ടു. മുമ്പ് രണ്ട് മാസമായിരുന്നെങ്കില്‍ ഇപ്പോള്‍ മൂന്നര മാസത്തിലധികം കാത്തിരിക്കേണ്ടി വരും.
സമാനമായി ഹീറോ ഇലക്ട്രിക്കിന്റെ (Hero Electric) വില്‍പ്പനയും വര്‍ധിച്ചതായാണ് എറണാകുളം കലൂരിലെ എംആന്റ്എം മോട്ടോഴ്‌സ് ഹീറോ ഇലക്ട്രിക് ഡീലര്‍ മനോജ് പറയുന്നത്. ''ഫെയിം 2 ന്റെ പശ്ചാത്തലത്തില്‍ സബ്‌സിഡി വര്‍ധിപ്പിച്ചതോടെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയും കുത്തനെ ഉയര്‍ന്നിരുന്നു. വില്‍പ്പന 20 ശതമാനത്തോളമാണ് കൂടിയത്. അന്ന് പ്രതിമാസം 80-90 യൂണിറ്റുകളാണ് വിറ്റഴിച്ചത്. നിലവില്‍ ഉല്‍പ്പാദനം കുറഞ്ഞതിലുള്ള വിതരണ തടസമാണ് അഭിമുഖീകരിക്കുന്നത്. അത് കഴിഞ്ഞ രണ്ട് മാസങ്ങളിലെ വില്‍പ്പനയെ ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ആവശ്യക്കാരേറെയാണ്'' അദ്ദേഹം പറഞ്ഞു.
ജൂണില്‍ കേരളത്തില്‍ രണ്ട് ഡീലര്‍ഷിപ്പ് കേന്ദ്രങ്ങള്‍ മാത്രമാണ് ഏഥറിനുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് എട്ടായി. ആളുകള്‍ ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് തിരിഞ്ഞതാണ് ഇതിന്റെ പ്രധാന കാരണം. പ്രായമോ, നഗര-ഗ്രാമ വ്യത്യാസമോ ഇല്ലാതെയാണ് ഏവരും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തിരഞ്ഞെടുക്കുന്നത്.
''ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉപഭോക്താക്കളില്‍ എല്ലാ വിഭാഗം ആളുകളുമുണ്ട്. നഗര-ഗ്രാമ വ്യത്യാസമില്ലാതെയാണ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തെരഞ്ഞെടുക്കുന്നത്. കൂടാതെ, ഓണ്‍ലൈന്‍ ഡെലിവറി ആവശ്യങ്ങള്‍ക്കും ചില കമ്പനികള്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങുന്നുണ്ട്'' മനോജ് പറഞ്ഞു.


Related Articles

Next Story

Videos

Share it