ഇലക്ട്രിക് ഇരുചക്ര വാഹന വിപണി കുതിച്ചുപായുന്നു

ഡിമാന്റ് വര്‍ധിച്ചതോടെ വിപണിയില്‍ കുതിച്ചുപാഞ്ഞ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍. ചലവ് കുറവെന്നതുും കൂടുതല്‍ ദൂരപരിധി വാഗ്ദാനം ചെയ്യുന്ന മോഡലുകള്‍ പുറത്തിറക്കിയതുമാണ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന ഉയരാന്‍ കാരണം. കൂടാതെ, കേന്ദ്രത്തിന് പുറമെ വിവിധ സംസ്ഥാനങ്ങളും ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സബ്‌സിഡികള്‍ നല്‍കുന്നുണ്ട്.

2021 സാമ്പത്തിക വര്‍ഷത്തില്‍ 40,000 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളാണ് വിവിധ കമ്പനികള്‍ ഇന്ത്യയില്‍ വിറ്റഴിച്ചത്. എന്നാല്‍, നടപ്പ് സാമ്പത്തിക വര്‍ഷം ഈ കണക്കുകള്‍ കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം 2,70,000 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയാണ് വിപണിയില്‍ പ്രതീക്ഷിക്കുന്നതെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

ഒരു വര്‍ഷം മുമ്പ് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍, ഇവിയുടെ പങ്കാളിത്തം വളരെ കുറവായിരുന്നെങ്കില്‍ നിലവില്‍ ഏഴ് ശതമാനമായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹന വില്‍പ്പനയില്‍ ഫെബ്രുവരിയില്‍ വലിയ കുതിച്ചു ചാട്ടവുമുണ്ടായി. ഹൈറ്റോംഗ് സെക്യൂരിറ്റീസിന്റെ കണക്കുകള്‍ പ്രകാരം, ജനുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഫെബ്രുവരിയില്‍ രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ 136 ശതമാനം വര്‍ധനവാണുണ്ടായത്. ജനുവരിയില്‍ 27,579 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ ഫെബ്രുവരിയില്‍ ഇത് 65,184 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 972 ശതമാനത്തിന്റെ വര്‍ധനവാണിത്. ഒല ഇലക്ട്രിക്, ഏഥര്‍ തുടങ്ങിയവയാണ് ഇലക്ട്രിക് വാഹന വിപണിയില്‍ മുന്നേറുന്ന നിര്‍മാതാക്കള്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it