ജി.എസ്.ടി ഇളവിന് ശേഷം ഇ.വിയെടുക്കാന്‍ മടി, ഡിമാന്റ് കുറയാന്‍ മാരുതിയുടെ ഇലക്ട്രിക് അവതാരവും കാരണമോ?

2030ല്‍ 56 ലക്ഷം ഇ.വികളെന്ന ലക്ഷ്യത്തിലെത്താന്‍ കഴിയില്ലെന്ന ആശങ്കയും വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്
ai generated image of a upcoming maruti suzuki Mid Size SUV, Probably called Maruti Escudo
AI Generated imageChatgpt, Canva
Published on

ജി.എസ്.ടി ഇളവിന് ശേഷം ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാന്‍ഡ് കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഉത്പാദനത്തിന് അനുസരിച്ച് വില്‍പ്പന ഇല്ലാതെ വന്നതോടെ പല ഡീലര്‍ഷിപ്പുകളിലും ഉയര്‍ന്ന സ്റ്റോക്കുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഇ.വി വില്‍പ്പന നവംബറില്‍ തന്നെ മറികടന്നെങ്കിലും ഡിസംബറില്‍ വമ്പന്‍ ഓഫറുകളാണ് കമ്പനികള്‍ നല്‍കിയിരിക്കുന്നത്. പലതും ക്ലിയറന്‍സ് വില്‍പ്പനയുടെ ഗണത്തില്‍ പെടുന്നവയാണെന്നും വിദഗ്ധര്‍ പറയുന്നു.

ജി.എസ്.ടി 2.0ക്ക് ശേഷം വിപണിയിലെ ട്രെന്‍ഡ് പരിശോധിക്കുകയാണെന്നും രണ്ട് മൂന്ന് മാസത്തിനുള്ളില്‍ വ്യക്തമായ ചിത്രം ലഭിക്കുമെന്നുമാണ് മാരുതി സുസുക്കിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രതികരണം. നിലവില്‍ എല്ലാ വിഭാഗത്തിലുമുള്ള വാഹനങ്ങള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡുണ്ട്. ഇതൊന്ന് തണുത്താല്‍ കൂടുതല്‍ പരിശോധന നടത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെന്‍ഷന്‍ മാറിയിട്ടില്ല

രാജ്യത്ത് ഇലക്ട്രിക് വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കിടയിലെ ആശങ്കകള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും വിദഗ്ധര്‍ പറയുന്നു. ചാര്‍ജിംഗ് അടക്കമുള്ള ഘടകങ്ങളാണ് ഇപ്പോഴും തടസം. പ്രത്യേകിച്ചും ആദ്യമായി ഇ.വി വാങ്ങുന്നവര്‍ക്ക്. വീടുകളില്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനോടും ആളുകള്‍ക്ക് വലിയ താത്പര്യമില്ല. വിപണിയില്‍ ആദ്യമെത്തിയ ചില മോഡലുകളില്‍ നിന്ന് ലഭിച്ച മോശം അനുഭവങ്ങളും സര്‍വീസ് അപര്യാപ്തയും ആളുകളെ പിന്നോട്ട് അടിക്കുന്നതായും വിദഗ്ധര്‍ പറയുന്നു. പല ആളുകളും സെക്കന്‍ഡറി വാഹനമായാണ് ഇ.വിയെ പരിഗണിക്കുന്നത്. ഇതോടെ 2030ല്‍ 56 ലക്ഷം ഇ.വികളെന്ന ലക്ഷ്യത്തിലെത്താന്‍ കഴിയില്ലെന്ന ആശങ്കയും വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്.

റെക്കോഡ് ഡിസ്‌ക്കൗണ്ട്

ഡിമാന്‍ഡില്‍ കുറവുണ്ടായതോടെ ഒരു ലക്ഷം രൂപ വരെയുള്ള ഡിസ്‌ക്കൗണ്ടുകളാണ് മിക്ക മോഡലുകള്‍ക്കും കമ്പനി നല്‍കുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ കൂടിയ ഡിസ്‌ക്കൗണ്ടാണ് ഇക്കുറി ഡിസംബറിലുള്ളതെന്ന് വിദഗ്ധര്‍ പറയുന്നു. ടാറ്റ, എം.ജി, മഹീന്ദ്ര എന്നീ മൂന്ന് പ്രമുഖ കമ്പനികളും വമ്പന്‍ ഡിസ്‌ക്കൗണ്ടുകള്‍ ഇതിനോടകം പ്രഖ്യാപിച്ചു. എം.ജി മോട്ടോര്‍ അര്‍ധരാത്രി വരെ ഷോറൂമുകള്‍ പ്രവര്‍ത്തിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

എന്തിനിത്ര ഡിസ്‌ക്കൗണ്ട്

ഉത്സവകാലത്തെ ഡിമാന്‍ഡിന് അനുസരിച്ച് കമ്പനികള്‍ ഉത്പാദനം വര്‍ധിപ്പിച്ചതായാണ് വിദഗ്ധര്‍ പറയുന്നത്. പ്രധാനമായും 10-20 ലക്ഷം രൂപ വരെ വിലയുള്ള മോഡലുകളുടെ ഉത്പാദനമാണ് കമ്പനികള്‍ വര്‍ധിപ്പിച്ചത്. എന്നാല്‍ ഇതിന് അനുസരിച്ചുള്ള ഡിമാന്‍ഡ് വിപണിയില്‍ ഇല്ലാതെ വന്നതോടെയാണ് ഡിസ്‌ക്കൗണ്ട് പ്രഖ്യാപനമെന്നും ഇവര്‍ പറയുന്നു. ജി.എസ്.ടി ഇളവോടെ ഇന്റേണല്‍ കമ്പസ്റ്റന്‍ എഞ്ചിന്‍ (ഐസ്) വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും തമ്മിലുള്ള വിലയിലെ അന്തരം കുറഞ്ഞു. മിക്ക ഐസ് വാഹനങ്ങളും 2019ലെ വിലയിലെത്തിയെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇത് ഇ.വികളോടുള്ള പ്രിയം കുറച്ചെന്നും വിലയിരുത്തലുണ്ട്.

മാരുതി ഇ-വിറ്റാരയും വില്ലനോ

ഇലക്ട്രിക് വാഹന പ്രേമികള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന മോഡലാണ് മാരുതി സുസുക്കിയുടെ ഇ-വിറ്റാര. മൂന്ന് തവണ ലോഞ്ച് മാറ്റിവെച്ച വാഹനം ജനുവരിയില്‍ നിരത്തിലെത്തുമെന്നാണ് ഒടുവിലെ റിപ്പോര്‍ട്ടുകള്‍. ഇ-വിറ്റാരയുടെ വില കൂടി അറിഞ്ഞ ശേഷം ഇ.വിയെടുക്കാനുള്ള പ്ലാനിലെത്താമെന്നാണ് കുറഞ്ഞ പക്ഷം ആളുകളെങ്കിലും കരുതുന്നത്. മത്സരം ശക്തമാവുകയും ഡിമാന്‍ഡ് കുറയുകയും ചെയ്തതോടെ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്ന രീതിയിലാകും ഇ-വിറ്റാരയുടെ വിലയെന്നാണ് സൂചന. എന്തായാലും ഇത് വാഹന പ്രേമികളെ നിരാശയിലാക്കില്ലെന്നാണ് മാരുതിയും പറയുന്നത്.

കാത്തിരിക്കുന്നതെന്ത്?

ആഗോളതലത്തില്‍ ഇ.വികളോടുള്ള ട്രെന്‍ഡ് കുറയുന്നതായും ഐസ് വാഹനങ്ങളിലേക്ക് ആളുകള്‍ മടങ്ങുന്നതായുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യയിലെ നടപ്പുസാമ്പത്തിക വര്‍ഷത്തെ (2025-26) ഇ.വി വില്‍പ്പന നവംബറില്‍ തന്നെ മുന്‍വര്‍ഷത്തെ കടത്തിവെട്ടി. എല്ലാ കമ്പനികളും വില്‍പ്പന വര്‍ധിപ്പിച്ചു. ആദ്യ മാസങ്ങളിലുണ്ടാക്കിയ വളര്‍ച്ച ജി.എസ്.ടി ഇളവോടെ ഇനിയും തുടരാനാകുമോയെന്ന കാര്യത്തില്‍ വിദഗ്ധര്‍ രണ്ടഭിപ്രായത്തിലാണ്. അടുത്ത ത്രൈമാസങ്ങളിലൊന്നും ഡിമാന്‍ഡ് വലിയ രീതിയില്‍ വര്‍ധിക്കാനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. പക്ഷേ ഭാവിയില്‍ ഇ.വി വിപണിയിലെ ഡിമാന്‍ഡ് വര്‍ധിക്കുമെന്നും ആളുകള്‍ കൂടുതലായി വാങ്ങുമെന്നും ഇവര്‍ പറയുന്നു.

After GST relief, India’s electric vehicle market is showing signs of cooling, with heavy discounts and buyers waiting for new launches.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com