

ഓരോ വര്‍ഷവും ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് തുക പെട്രോള്‍ / ഡീസല്‍ വാഹനങ്ങളേക്കാള്‍ കൂടുതലാണെന്നത് മിക്ക ഉപയോക്താക്കളെയും അലട്ടുന്ന പ്രശ്‌നമാണ്. ഇനി കൂടിയ വില കൊടുത്ത് ഇന്‍ഷുറന്‍സ് എടുക്കാമെന്ന് വെച്ചാലോ ഇ.വിയിലെ പ്രധാന പ്രശ്‌നമായ ബാറ്ററിക്ക് പരിരക്ഷ ലഭിക്കുകയുമില്ല. ഇന്‍ഷുറന്‍സ് പ്രീമിയം തുകക്ക് പുറമെ പണം നല്‍കേണ്ടി വരുന്ന ആഡ് ഓണ്‍ സേവനമായാണ് പല ഇന്‍ഷുറന്‍സ് കമ്പനികളും ഇതിനെ കാണുന്നത്. ഇവിക്ക് വേണ്ടി ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഇലക്ട്രിക് വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് ഡിക്ലേര്‍ഡ് വാല്യൂ (ഐ.ഡി.വി) കൂടുതലായതിനാലാണ് പെട്രോള്‍/ ഡീസല്‍ വാഹനങ്ങളേക്കാള്‍ ഇന്‍ഷുറന്‍സ് പ്രീമിയം ഉയരുന്നത്. വാഹനത്തിന് പരിഹരിക്കാനാവാത്ത തകരാറുകളോ മോഷണമോ സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് കമ്പനി ഉപയോക്താവിന് നല്‍കേണ്ട തുകയാണിത്. ഒരര്‍ത്ഥത്തില്‍ വാഹനത്തിന്റെ നിലവിലുള്ള വിപണി വിലയാണിത്. ഇ.വിയുടെ ഐ.ഡി.വി തീരുമാനിക്കുന്നതിന് വാഹനത്തിന്റെ മോഡല്‍, നിര്‍മാണ കമ്പനി, ബാറ്ററി പാക്കിന്റെ ശേഷി, വാഹനം രജിസ്റ്റര്‍ ചെയ്ത സ്ഥലത്തിന്റെ കാലാവസ്ഥ തുടങ്ങിയ കാര്യങ്ങളും പരിഗണിക്കും.
മിക്ക ഇന്‍ഷുറന്‍സ് കമ്പനികളുടെയും സ്റ്റാന്‍ഡേര്‍ഡ് പ്ലാനുകളില്‍ ബാറ്ററി കവര്‍ ചെയ്യുന്നില്ലെന്നതാണ് സത്യം. ബാറ്ററികളുടെ ആയുസ് കുറവാണെന്നതും കാലക്രമേണ അവ മാറ്റിവെക്കേണ്ടി വരുമെന്നതുമാണ് കമ്പനികളെ ഇക്കാര്യത്തില്‍ നിന്നും പിന്നോടിക്കുന്നത്. എന്നാല്‍ കമ്പനികള്‍ ബാറ്ററി കവറേജ് ആഡ് ഓണ്‍ ഫീച്ചറായി ഉള്‍പ്പെടുത്താറുണ്ട്. ഇതിന് പ്രത്യേകം പണം നല്‍കേണ്ടി വരും.
മറ്റ് വാഹനങ്ങള്‍ക്ക് എഞ്ചിനെന്നത് പോലെ ഇ.വികള്‍ക്ക് അതിന്റെ മോട്ടോറും ബാറ്ററി പാക്കും അതിപ്രധാനമാണ്. സ്വന്തം കാശില്‍ ബാറ്ററി മാറ്റിവെക്കേണ്ടി വരുന്നത് ഒഴിവാക്കാന്‍ നല്ലൊരു ഇന്‍ഷുറന്‍സ് പ്ലാന്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ബാറ്ററിക്കുള്ള ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടി കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് കൂടി നോക്കാം.
ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ടി ആദ്യ കാര്യം വാഹനത്തിന്റെ പ്രായമാണ്. വാഹനം അഞ്ച് വര്‍ഷത്തിന് താഴെ പഴക്കമുള്ളതിനാല്‍ ബാറ്ററിക്ക് വേണ്ടി ആഡ് ഓണ്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കണം. മിക്ക കമ്പനികളും നിശ്ചിത വര്‍ഷത്തേക്ക് മാത്രമേ ഇത്തരം സേവനങ്ങള്‍ നല്‍കാറുള്ളൂ. കമ്പനികള്‍ അനുവദിക്കുന്നത്രയും വര്‍ഷം ഇന്‍ഷുറന്‍സ് വാങ്ങുകയാണ് നല്ലത്.
ബാറ്ററിക്ക് വാഹനത്തിന്റെ 40-50 ശതമാനം വരെ തുക ചെലവാകുമെന്നാണ് കണക്ക്. അതുകൊണ്ട് തന്നെ എത്ര രൂപക്കാണ് ആഡ് ഓണ്‍ ഇന്‍ഷുറന്‍സ് എടുക്കുന്നതെന്ന് നേരത്തെ തീരുമാനിക്കണം. ബാറ്ററി ലഭിക്കാവുന്നതില്‍ ഏറ്റവും കൂടുതല്‍ തുകക്ക് ഇന്‍ഷുര്‍ ചെയ്യുന്നതാണ് ഉചിതം.
വെള്ളപ്പൊക്കെ സാധ്യതയുള്ള പ്രദേശത്താണ് നിങ്ങള്‍ താമസിക്കുന്നതെങ്കില്‍ നിര്‍ബന്ധമായും ഏറ്റവും ഉയര്‍ന്ന തുകക്ക് തന്നെ ഇന്‍ഷുറന്‍സ് എടുക്കണം. വെള്ളപ്പൊക്കമുണ്ടായാല്‍ ബാറ്ററി കേടാകുമെന്നതിനാല്‍ കൂടുതല്‍ പ്രീമിയം തുക ഇന്‍ഷുറന്‍സ് കമ്പനി ആവശ്യപ്പെടുകയും ചെയ്യും. ഈ സാഹചര്യത്തില്‍ പ്രീമിയം തുക കൂടുതലാണെങ്കിലും ഇന്‍ഷുറന്‍സ് എടുക്കുകയാണ് വേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നു.
ഇ.വി ഉടമകള്‍ ഒരു മോട്ടോര്‍ പ്രൊട്ടക്ടര്‍ ഇന്‍ഷുറന്‍സ് കൂടി എടുക്കുന്നത് നല്ലതാണ്. മിക്ക കമ്പനികളും ഈ സേവനവും ആഡ് ഓണ്‍ ആയാണ് ഉള്‍പ്പെടുത്തുന്നത്. ഇ.വി മോട്ടോറിന് തകരാര്‍ സംഭവിച്ചാല്‍ വലിയ ചെലവാകുമെന്നതിനാല്‍ നേരത്തെ തന്നെ ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതാണ്. കൂടാതെ ചാര്‍ജിംഗ് ഉപകരണങ്ങള്‍, സെന്‍സര്‍, ക്യാമറ എന്നിവക്കും ഇന്‍ഷുറന്‍സ് എടുക്കുന്നത് നല്ലതാണ്. റോഡ്‌സൈഡ് അസിസ്റ്റന്‍സ് കവര്‍ എടുക്കുന്നത് അപ്രതീക്ഷിതമായി റോഡില്‍ കുടുങ്ങിപ്പോകുന്ന സാഹചര്യങ്ങളെ ഒഴിവാക്കാം. ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ സീറോ ഡിപ്രിസിയേഷന്‍ (Zero Depreciation) ഫീച്ചറുള്ളതാകാനും ശ്രദ്ധിക്കണം. പെട്രോള്‍/ഡീസല്‍ വാഹനങ്ങളുടേതിന് സമാനമായി തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇ.വികള്‍ക്കും ലഭ്യമാണെന്നും വിദഗ്ധര്‍ പറയുന്നു.
ഇലക്ട്രിക് വാഹനങ്ങള്‍ ഇന്‍ഷുര്‍ ചെയ്യുന്നതിലൂടെ അപ്രതീക്ഷിതമായുണ്ടാകുന്ന പല ചെലവുകളും നമുക്ക് ഒഴിവാക്കാം. വാഹനത്തിനുണ്ടാകുന്ന തകരാറുകള്‍ കൃത്യസമയത്ത് പരിഹരിക്കാനും ഇതിലൂടെ സാധിക്കും. ഏറ്റവും മികച്ച ഇന്‍ഷുറന്‍സ് പ്ലാനുകള്‍ തിരഞ്ഞെടുക്കണമെന്ന് മാത്രം.
A complete guide to electric vehicle insurance in India covering ideal policy types, benefits, and smart ways to save on premiums for EV owners
Read DhanamOnline in English
Subscribe to Dhanam Magazine