ഇവി വാങ്ങാന്‍ ആളുകള്‍ ക്യൂവില്‍, ഡീലര്‍മാര്‍ക്ക് ലാഭമില്ല; പിന്നിലെ കാരണമെന്ത്?

പരമ്പരാഗത പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ സര്‍വീസിംഗില്‍ നിന്ന് ലഭിക്കുന്ന വരുമാനം കുറവാണ്
ഇവി വാങ്ങാന്‍ ആളുകള്‍ ക്യൂവില്‍, ഡീലര്‍മാര്‍ക്ക് ലാഭമില്ല; പിന്നിലെ കാരണമെന്ത്?
Published on: 

രാജ്യത്ത് ഇലക്ട്രിക് വാഹന വില്‍പന കുതിക്കുമ്പോഴും കാര്യമായ കമ്മീഷനില്ലാത്തത് ഡീലര്‍മാരുടെ അസംതൃപ്തിക്ക് കാരണമാകുന്നതായി റിപ്പോര്‍ട്ട്. അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുകല്‍ നിക്ഷേപം നടത്തേണ്ടി വരുന്നതും ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവുമാണ് പ്രതിസന്ധിക്ക് കാരണം. ഇലക്ട്രിക് വാഹന വിപണിയുടെ സുഗമമായ മുന്നോട്ടു പോക്കിന് ഡീലര്‍മാരുടെ ലാഭക്ഷമത ഉറപ്പാക്കേണ്ടത് പ്രധാന കാര്യമാണെന്ന് വാഹന ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍സ് (FADA) വ്യക്തമാക്കുന്നു.

ഒക്ടോബറില്‍ രാജ്യത്തെ ഇലക്ട്രിക് വാഹന വില്‍പന 3.55 ലക്ഷം യൂണിറ്റിലെത്തി. മൊത്തം വാഹന വില്‍പ്പനയില്‍ 11.5% വിഹിതമാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ളത്.

ആവശ്യക്കാര്‍ കൂടുന്നു, ലഭ്യത കുറയുന്നു

പശ്ചിമേഷ്യയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും ഇന്ധനവിലയിലെ വര്‍ധനയും ഇലക്ട്രിക് വാഹനങ്ങളോടുള്ള ഉപഭോക്താക്കളുടെ താല്‍പര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇരുചക്ര വാഹന, പാസഞ്ചര്‍ വാഹന വിഭാഗങ്ങളില്‍ ആവശ്യകത ഉല്‍പാദനത്തെക്കാള്‍ ഉയര്‍ന്ന നിലയിലാണെന്ന് ഫാഡ വ്യക്തമാക്കുന്നു.

വാഹന വില്‍പനയിലെ വളര്‍ച്ച മാത്രം വിപണിയുടെ ദീര്‍ഘകാല വിജയത്തിന് മതിയാകില്ലെന്നാണ് ഡീലര്‍മാരുടെ നിലപാട്. വാഹന നിര്‍മാതാക്കള്‍ക്കൊപ്പം ഡീലര്‍ഷിപ്പുകള്‍ക്കും ലാഭകരമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കിയില്ലെങ്കില്‍ ഇവി വിപണിയുടെ വളര്‍ച്ചയ്ക്കും വില്‍പനാനന്തര സേവനങ്ങള്‍ക്കും അത് വെല്ലുവിളിയായേക്കും.

നിക്ഷേപം കൂടുന്നു, വരുമാനം കുറയുന്നു

ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം ഡീലര്‍മാര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. ഇവി സര്‍വീസിംഗിനായി പ്രത്യേക വര്‍ക്ക്ഷോപ്പുകള്‍ സജ്ജീകരിക്കണം. പുതിയ ഉപകരണങ്ങള്‍ വാങ്ങുകയും സാങ്കേതിക പരിശീലനം ലഭിച്ച ജീവനക്കാരെ നിയമിക്കുകയും വേണം. ചാര്‍ജിംഗ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കും കൂടുതല്‍ പണം മുടക്കേണ്ടിവരുന്നു.

പരമ്പരാഗത പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ സര്‍വീസിംഗില്‍ നിന്ന് ലഭിക്കുന്ന വരുമാനം കുറവാണ്. ഇതോടെ നിക്ഷേപത്തിനനുസരിച്ചുള്ള വരുമാനം കണ്ടെത്താന്‍ ഡീലര്‍മാര്‍ക്ക് സാധിക്കുന്നില്ല.

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ലഭിക്കുന്ന ഡീലര്‍ മാര്‍ജിന്‍ രാജ്യാന്തര വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണെന്ന് ഫാഡ പ്രസിഡന്റ് സായ് ഗിരിധര്‍ വ്യക്തമാക്കി. ഇവി വിപണിയുടെ വളര്‍ച്ചയ്ക്കാവശ്യമായ നിക്ഷേപം നടത്താന്‍ ഡീലര്‍മാര്‍ക്ക് മതിയായ പ്രതിഫലം ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```