വൈദ്യുതിയുടെ ചിറകിലേറി കേരളത്തിലെ വാഹന വിപണി; വില്‍പ്പന ഉയരുന്നു

രാജ്യത്തിന്റെ ഇലക്ട്രിക് സ്വപ്‌നങ്ങളിലേക്ക് അതിവേഗതം ചുവടുമാറുകയാണ് കേരളത്തിന്റെ വാഹന വിപണി. സംസ്ഥാനത്ത് പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന പുതിയ വാഹനങ്ങളില്‍ 10 ശതമാനം ഇലക്ട്രിക് വാഹനങ്ങളാണെന്ന് (ഇ.വി) കണക്കുകള്‍ സൂചിപ്പിക്കുന്നു. മാത്രമല്ല ഡല്‍ഹി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് വാഹനം വില്‍പ്പന നടക്കുന്നതും കേരളത്തിലാണ്.

ഓഗസ്റ്റ് 15 വരെ 4.57 ലക്ഷം വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 47,329 എണ്ണവും വൈദ്യുത വാഹനങ്ങളാണ്. അതായത് മൊത്തം വാഹന വില്‍പ്പനയുടെ 10.3 ശതമാനത്തോളം. ഡല്‍ഹിയില്‍ ഇക്കാലയളവില്‍ 3.84 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റത്. 11.3 ശതമാനമാണ് ഡല്‍ഹിയുടെ വിഹിതം. മോട്ടോര്‍ വാഹന വകുപ്പിന്റെ (എം.വി.ഡി) വിവരങ്ങള്‍ പ്രകാരം ഇ.വി രജിസ്‌ട്രേഷനില്‍ ആദ്യ 10 സംസ്ഥാനങ്ങളില്‍ ഏഴാം സ്ഥാനത്താണ് കേരളം.
ആദ്യമായി അരലക്ഷം പിന്നിടും
കേരളത്തിലെ ഇലക്ട്രിക് വാഹന രജിസട്രേഷന്‍ ഈ വര്‍ഷം ആദ്യമായി അരലക്ഷം കടക്കും. കേരളത്തിലെ 1.64 കോടി വാഹന ഉടമകളും പരമ്പരാഗത ഇന്ധനങ്ങളെ ആശ്രയിക്കുന്ന സമയത്താണ് ഈ മാറ്റം.
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 39,622 ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റഴിച്ചത്. ഉത്തര്‍പ്രദേശ് (1.53 ലക്ഷം), മഹാരാഷ്ട്ര (1.14 ലക്ഷം), കര്‍ണാടക (92,831 ), തമിഴ്‌നാട് (58,088) എന്നിവയായിരുന്നു കഴിഞ്ഞ വര്‍ഷം കേരളത്തിനു മുന്നിലുണ്ടായിരുന്നത്.
2019 ല്‍ വെറും 472 വാഹനങ്ങള്‍ വിറ്റഴിച്ച സ്ഥാനത്താണ് ഈ വര്‍ഷം ഇതു വരെ 47,329 വാഹനങ്ങള്‍ വിറ്റഴിച്ചിരിക്കുന്നത്. 2020 ല്‍ 1,389, 2021 ല്‍ 8,820 എന്നിങ്ങനെയായിരുന്നു വില്‍പ്പന. ഇതോടെ സംസ്ഥാനത്തെ മൊത്തം ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 93,000 കടന്നു.
സബ്‌സിഡി ഇല്ലാതെ
മറ്റ് സംസ്ഥാനങ്ങള്‍ പലതും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രത്യേക സബ്‌സിഡിയും മറ്റും നല്‍കുമ്പോള്‍ അത്തരം വലിയ ആനുകൂല്യങ്ങളൊന്നുമില്ലാതെയാണ് കേരളത്തില്‍ വില്‍പ്പന കൂടുന്നതെന്നതാണ് ശ്രദ്ധേയം. ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് റോഡ് നികുതിയില്‍ അഞ്ച് വര്‍ഷത്തേക്ക് 50 ശതമാനം കിഴിവ് മാത്രമാണ് സംസ്ഥാനം നല്‍കുന്നത്. അതേ സമയം മഹാരാഷ്ട്ര, മേഘാലയ, അസം, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ റോഡ് നികുതി പൂര്‍ണമായി ഒഴിവാക്കിയതു കൂടാതെ സബ്‌സിഡിയും നല്‍കുന്നുണ്ട്.
ഉയര്‍ന്ന പെട്രോള്‍, ഡീസല്‍ വിലകളാണ് കൂടുതല്‍ ആളുകളെ ഇ.വിയിലേക്ക് ആകര്‍ഷിക്കുന്നത്. കൂടാതെ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണം ഉയര്‍ന്നതും ഗുണമായി. കെ.എസ്.ഇ.ബി 1,500 ഓളം ചാര്‍ജിംഗ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്ത് സ്ഥാപിക്കുന്നത്. ഇതുകൂടാതെ അനെര്‍ട്ടും (ഏജന്‍ി ഫോര്‍ നോണ്‍-കണ്‍വെന്‍ഷണല്‍ എനര്‍ജി ആന്റ് റൂറല്‍ ടെക്‌നോളജി) ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചുകൊണ്ട് ഇലക്ട്രിക് വാഹന മുന്നേറ്റത്തിന് ഊര്‍ജം പകരുന്നുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it