വൈദ്യുത വാഹനങ്ങളോട് കമ്പം കൂടുന്നു

രാജ്യം വൈദ്യുത വാഹനങ്ങളിലേക്ക് പതുക്കെ ചുവടു മാറുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷത്തിലധികം വൈദ്യുത വാഹനങ്ങളാണ് വിറ്റഴിച്ചത്. ഇരുചക്ര വൈദ്യുത വാഹനങ്ങളുടെ വില്‍പ്പന ഇക്കാലയളവില്‍ മൂന്നു മടങ്ങ് വര്‍ധിച്ചു.

വാഹന നിര്‍മാതാക്കള്‍ ഉത്പാദനം ഉയര്‍ത്തിയതും സര്‍ക്കാരിന്റെ ഇന്‍സെന്റീവുകളും വൈദ്യുത വാഹനങ്ങളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. മാര്‍ച്ച് മാസത്തില്‍ മാത്രം വൈദ്യുത സ്‌കൂട്ടറുകളുടെ വില്‍പ്പനയില്‍ 30 ശതമാനം വര്‍ധനയുണ്ടായി.

ഇരട്ടിയിലധികം വര്‍ധന

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വൈദ്യുത വാഹനങ്ങളുടെ വില്‍പ്പനയില്‍ 153 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. അതായത് 11.5 ലക്ഷം വാഹനങ്ങളുടെ വില്‍പ്പന നടന്നു. മുന്‍വര്‍ഷങ്ങളിലെ മൊത്തം വില്‍പ്പന 10.9 ലക്ഷം എണ്ണമായിരുന്നു. പാസഞ്ചര്‍ വാഹനങ്ങള്‍, മുചക്ര വാഹനങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തിലുള്ള വൈദ്യുത വാഹനങ്ങളുടെ വില്‍പ്പനയിലും ഇരട്ടിയലധികം വര്‍ധനയുണ്ടായി.

ഇ-ബസുകളുടെ വില്‍പ്പന 60 ശതമാനം വര്‍ധിച്ച് 1,904 എണ്ണമെത്തി. കഴിഞ്ഞ വര്‍ഷമിത് 1186 എണ്ണമായിരുന്നു. മൊത്തം വൈദ്യുത വാഹന വില്‍പ്പനയുടെ 62 ശതമാനവും ഇരുചക്ര വൈദ്യുത വാഹനങ്ങളാണ്. 7,27,000 ഇരുചക്ര വാഹനങ്ങളാണ് വിറ്റഴിച്ചത്. മുചക്ര വൈദ്യുത വാഹന വില്‍പ്പന 34 ശതമാനം വളര്‍ച്ചയോടെ 4,01,000 എണ്ണമായി. പാസഞ്ചര്‍ വൈദ്യുത വാഹന വില്‍പ്പന നാല് ശതമാനം വളര്‍ച്ചയോടെ 47,217 എണ്ണമായി. സൊസൈറ്റി ഓഫ് മാനുഫാക്ചറേഴ്സ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സി(SMEV)ന്റെ കണക്കു പ്രകാരം 1,20,000 സ്പീഡ് കുറഞ്ഞ വൈദ്യുത സൈക്കിളുകളും 2,85,446 സ്പീഡ് കുറഞ്ഞ മുചക്ര വാഹനങ്ങളും ഇക്കാലയളവില്‍ വിറ്റഴിച്ചു.

പ്രതീക്ഷയ്ക്കൊപ്പമെത്തിയില്ല

വില്‍പ്പനയില്‍ വളര്‍ച്ചയുണ്ടെങ്കിലും നീതി ആയോഗിന്റെ പ്രതീക്ഷയ്ക്കൊത്ത വളര്‍ച്ചയിലേക്ക് ഇനിയും വൈദ്യുത വാഹന വിപണി എത്തിയിട്ടില്ല. 2030 ല്‍ ഇരുചക്ര വാഹന വിപണിയുടെ 80 ശതമാനവും സ്വകാര്യ കാറുകളുടെ വിപണിയില്‍ 30 ശതമാനവും വിഹിതം വൈദ്യുത വാഹനങ്ങള്‍ നേടുമെന്നാണ് നീതി ആയോഗ് ലക്ഷ്യമിടുന്നത്.

അതേസമയം 2023 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ മൊത്തം ഇരുചക്ര വിഹന വിപണിയുടെ 4.6 ശതമാനം മാത്രമാണ് ഇരുചക്ര വൈദ്യുത വാഹനങ്ങള്‍ നേടിയത്. വാഹനങ്ങളുടെ ഗുണനിലവാരത്തെ കുറിച്ചുണ്ടായ ആശങ്കകളും തട്ടിപ്പ് സബ്സ്ഡി സ്‌കീമുകളുമാണ് വൈദ്യുത വാഹനങ്ങളുടെ വില്‍പ്പന വളര്‍ച്ചയെ മന്ദഗതിയിലാക്കിയെതെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

DhanamOnline YouTube ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ. പുതിയ ബിസിനസ് ആശയങ്ങള്‍, പേഴ്‌സണല്‍ ഫൈനാന്‍സ്, ഫൈനാന്‍ഷ്യല്‍ മാനേജ്‌മെന്റ് വീഡിയോകള്‍ ഇവിടെ കാണാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it