ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാകും, 2028 ഓടെ വില്‍പ്പന 33 ശതമാനത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്

ഇന്ധനവില കുതിച്ചുയര്‍ന്നതോടെ ആളുകള്‍ക്ക് ഇലക്ട്രിക് വാഹനങ്ങളോടുള്ള (Electric Vehicles) സമീപനം മാറിയിട്ടുണ്ട്. പുതുതായി വാഹനം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഓപ്ഷനായി എടുക്കുന്നുണ്ടെങ്കിലും ഇവയുടെ വിലയാണ് പിന്തിരിപ്പിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ബാറ്ററികള്‍ക്ക് വില കുറയുന്നതോടെ ഐസി വാഹനങ്ങളുടെ വിലയില്‍ തന്നെ ഇവികള്‍ സ്വന്തമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ആഗോളതലത്തില്‍ വാഹന വില്‍പ്പനയിലും ഇവികള്‍ ശ്രദ്ധേയമായ സ്ഥാനം കൈവരിക്കുമെന്ന് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു.

2028 ഓടെ ആഗോളതലത്തില്‍ ഇലക്ട്രിക് വാഹന വില്‍പ്പന 33 ശതമാനത്തിലും 2035 ഓടെ 54 ശതമാനത്തിലും എത്തുമെന്നാണ് ആഗോള കണ്‍സള്‍ട്ടന്റ് സ്ഥാപനമായ അലിക്‌സ് പാര്‍ട്നേഴ്സിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആകെ വാഹനങ്ങളുടെ വില്‍പ്പനയില്‍ എട്ട് ശതമാനത്തില്‍ താഴെയാണ് ഇവികളുടെ വിഹിതം. 2022 ന്റെ ആദ്യ പാദത്തില്‍ ഇത് 10 ശതമാനത്തില്‍ താഴെയാണ്. ഇവികളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി വാഹന നിര്‍മാതാക്കളും വിതരണക്കാരും 2022-2026 വര്‍ഷങ്ങളില്‍ കുറഞ്ഞത് 526 ബില്യണ്‍ ഡോളര്‍ ഇവികളുടെയും ബാറ്ററികളുടെയും നിര്‍മാണത്തിനായി നിക്ഷേപിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2020-24 വരെ 234 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചേക്കുമെന്ന പ്രവചനത്തിന്റെ ഇരട്ടിയിലേറെയാണിത്. ഇവികളുടെ നിര്‍മാണച്ചെലവ് വര്‍ധിച്ചതാണ് നിലവില്‍ വില്‍പ്പന മന്ദഗതിയിലാകാന്‍ കാരണം.
അതേസമയം, മൊത്തം ആഗോള വാഹന വില്‍പ്പന ഈ വര്‍ഷം 79 ദശലക്ഷം യൂണിറ്റായി കുറയുമെന്നാണ് അലിക്‌സ് പാര്‍ട്നേഴ്സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നിരുന്നാലും 2024 ല്‍ 95 ദശലക്ഷമായി ഉയരും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it