വൈദ്യുത വാഹനങ്ങള്‍ക്ക് കേരളത്തില്‍ വലിയ പ്രിയം

ഫെബ്രുവരിയില്‍ റെക്കോര്‍ഡ് വില്‍പന
വൈദ്യുത വാഹനങ്ങള്‍ക്ക് കേരളത്തില്‍ വലിയ പ്രിയം
Published on

വൈദ്യുത വാഹനങ്ങളുടെ പ്രിയവിപണിയായി കേരളം മുന്നേറുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ സംസ്ഥാനത്തെ വില്‍പന എക്കാലത്തെയും ഉയരത്തിലെത്തി. എല്ലാ ശ്രേണികളിലുമായി 6,401 വൈദ്യുത വാഹനങ്ങളാണ് കഴിഞ്ഞമാസം പുതുതായി കേരളത്തിന്റെ നിരത്തിലെത്തിയതെന്ന് പരിവാഹന്‍ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

2022 ഫെബ്രുവരിയിലെ 2,177 യൂണിറ്റുകളേക്കാള്‍ 294 ശതമാനം അധികമാണിത്. ഇക്കഴിഞ്ഞ ജനുവരിയിലെ 5,220 യൂണിറ്റുകളായിരുന്നു ഇതിന് മുമ്പത്തെ റെക്കോഡ് വില്പന. ഇതിനേക്കാള്‍ 123 ശതമാനം വളര്‍ച്ചയാണ് ഫെബ്രുവരിയില്‍ കുറിച്ചത്.

വലിയ മുന്നേറ്റം

2021ല്‍ കേരളത്തില്‍ പുതുതായി നിരത്തിലെത്തിയത് ആകെ 8,706 വൈദ്യുത വാഹനങ്ങളായിരുന്നു. 2022ല്‍ ഇത് 455 ശതമാനം ഉയര്‍ന്ന് 39,587 യൂണിറ്റുകളിലെത്തി. 2023ല്‍ രണ്ടരമാസം പിന്നിടുമ്പോഴേക്കും തന്നെ വില്പന 13,389 യൂണിറ്റുകളായിട്ടുണ്ട്. ഈമാസം ഇതുവരെ മാത്രം 1,768 പുത്തന്‍ ഇ-വാഹനങ്ങളാണ് മലയാളികള്‍ വാങ്ങിയത്.

ടാറ്റയും ഒലയും മഹീന്ദ്രയും

ഹാച്ച്ബാക്കും എസ്.യു.വികളും ഉള്‍പ്പെടുന്ന പാസഞ്ചര്‍ വാഹനശ്രേണിയിലെ വൈദ്യുത വിഭാഗത്തില്‍ ടാറ്റാ മോട്ടോഴ്‌സിനാണ് ആധിപത്യം. ടാറ്റാ നെക്‌സോണിനാണ് ഏറ്റവും പ്രിയം. ടിഗോറും ടിയാഗോയും പിന്നാലെയുണ്ട്. എം.ജി, ബി.വൈ.ഡി, ഹ്യുണ്ടായ് എന്നിവയുടെയും മികച്ച വിപണിയാണ് കേരളം. ഒല, ടി.വി.എസ്, ഏതര്‍ എനര്‍ജി എന്നിവയാണ് ഇ-ടൂവീലറില്‍ മുന്‍പന്തിയിലുള്ളത്. ത്രീവീലര്‍ വില്പനയില്‍ ഒന്നാംസ്ഥാനത്ത് മഹീന്ദ്രയാണ്.

എന്തുകൊണ്ട് ഇ.വി?

പരിസ്ഥിതി സൗഹൃദമാണെന്നതും ദീര്‍ഘകാല അടിസ്ഥാനത്തില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളേക്കാള്‍ പരിപാലനച്ചെലവ് കുറവാണെന്നതുമാണ് വൈദ്യുത വാഹനങ്ങളുടെ സ്വീകാര്യതയ്ക്ക് മുഖ്യകാരണം. വില, മൈലേജ്, സുരക്ഷ എന്നിവയ്ക്കപ്പുറം പരിസ്ഥിതിസൗഹൃദമാകണം വാഹനമെന്ന ചിന്ത മലയാളികള്‍ക്കിടയില്‍ വ്യാപകമായിക്കഴിഞ്ഞു. ഫീച്ചര്‍ സമ്പന്നമായ പുത്തന്‍ മോഡലുകളും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു.

ലഭ്യത കൂടിയത് നേട്ടം

മുന്‍മാസങ്ങളെ അപേക്ഷിച്ച് വൈദ്യുത വാഹനങ്ങളുടെ ലഭ്യത കൂടിയത് വിപണിയില്‍ നേട്ടമായെന്ന് ഇ.വി.എം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജോണി പറഞ്ഞു. പാസഞ്ചര്‍ വാഹനം (പി.വി), ടൂവീലര്‍, ത്രീവീലര്‍ എന്നിവയുടെ ഉത്പാദനം ഉയര്‍ന്നു. നിരവധി കമ്പനികള്‍ ആകര്‍ഷക ഓഫറുകള്‍ നല്‍കുന്നുണ്ട്. അടുത്തമാസം മുതല്‍ സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ സെസ് കൂടുമെന്നത് ഇന്ധനവില കൂടാനിടയാക്കും. ഇതും ഉപഭോക്താക്കളെ ഇ-വാഹനങ്ങളിലേക്ക് ആകര്‍ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

2023ല്‍ കേരളത്തിലെ വൈദ്യുത വാഹനവില്‍പന പുതിയ ഉയരം കുറിക്കുമെന്ന വ്യക്തമായ സൂചനയാണ് ആദ്യ രണ്ടുമാസത്തെ കണക്കുകള്‍ നല്‍കുന്നത്. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഈ വര്‍ഷത്തെ മൊത്തം വില്‍പന 50,000 യൂണിറ്റുകള്‍ കവിഞ്ഞേക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com