വെറും 1.11 ലക്ഷം രൂപയ്ക്ക് കൈനറ്റിക് 'നെസ്റ്റാള്‍ജിയ' ഇലക്ട്രിക് സ്‌കൂട്ടര്‍ വീട്ടിലെത്തിക്കാം; മെറ്റല്‍ ബോഡിയുമായി മത്സരം കടുപ്പിക്കാന്‍ കൈനറ്റിക് ഇന്ത്യ
ഇന്ത്യന്‍ ഇരുചക്ര വൈദ്യുത വാഹന വിപണിയില്‍ മത്സരം കടുപ്പിക്കാന്‍ കൈനറ്റിക് ഇന്ത്യയും. ഒരുകാലത്ത് ഇന്ത്യന്‍ നിരത്തുകളില്‍ യുവാക്കളുടെ തരംഗമായി മാറിയ മോഡലായിരുന്നു കൈനറ്റിക്-ഹോണ്ട കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മോഡല്‍.
കൈനറ്റിക് ഡിഎക്‌സ് എന്ന പേരില്‍ പുതിയ മോഡല്‍ പുറത്തിറക്കിയാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ മത്സരം കടുപ്പിക്കുന്നത്. സാധാരണക്കാരുടെ ബജറ്റിനൊത്ത രീതിയില്‍ 1, 11,499 രൂപയാണ് സ്റ്റാര്‍ട്ടിംഗ് വില. ഡിഎക്‌സ് (DX), ഡിഎക്‌സ്പ്ലസ് (DX+) എന്നീ വേരിയന്റുകളില്‍ ലഭ്യമാണ്.
കൈനറ്റിക് ഇന്ത്യയുടെ വൈദ്യുത വാഹന സബ്‌സിഡിയറിയായ കൈനറ്റിക് വാട്ട്‌സും വോള്‍ട്ട്‌സ് ലിമിറ്റഡും ചേര്‍ന്നാണ് ഈ മോഡല്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ഒരൊറ്റ ചാര്‍ജില്‍ 116 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 90 കിലോമീറ്റര്‍ വേഗം വരെ ആര്‍ജിക്കാന്‍ സാധിക്കുന്നതാണ് ഈ മോഡല്‍.
വരവ് മെറ്റല്‍ ബോഡിയില്‍
റേഞ്ച്, ടര്‍ബോ, പവര്‍ എന്നിങ്ങനെ മൂന്നു റൈഡിംഗ് മോഡുകളാണുള്ളത്. ബജാജ് ചേതക്കിന് പിന്നാലെ മെറ്റല്‍ ബോഡിയിലാണ് കൈനറ്റിക്കും എത്തുന്നത്. മെറ്റല്‍ ബോഡിയിലുള്ള ഇ.വികളോട് ഉപയോക്താക്കള്‍ക്കുള്ള താല്പര്യം മുതലെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൈനറ്റിക്കിന്റെ എന്‍ട്രി. ആദ്യ ഘട്ടത്തില്‍ 35,000 യൂണിറ്റുകള്‍ വില്ക്കാനാണ് പദ്ധതി. 1,000 രൂപയ്ക്ക് ബുക്കിംഗ് ആരംഭിക്കുകയും ചെയ്തു. സെപ്റ്റംബര്‍ മുതല്‍ വില്പന ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
പഴയ നൊസ്റ്റാള്‍ജിക് മോഡലുമായി കാഴ്ച്ചയില്‍ അടുത്തു നില്‍ക്കുന്നതാണ് പുതിയ ഇ.വി മോഡലും. എല്‍.ഇ.ഡി ലൈറ്റിംഗ്, കട്ടിയുള്ള 12 ഇഞ്ച് വീലുകള്‍, 8.8 ഇഞ്ച് കളര്‍ എല്‍.സി.ഡി ഡിസ്പ്ലേയും ഉണ്ട്. സ്‌കൂട്ടറിന് 704 എംഎം നീളമുള്ള സീറ്റ്, 165എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, 1314എംഎം വീല്‍ബേസ് എന്നിവയുണ്ട്.
37 ലിറ്റര്‍ കപ്പാസിറ്റിയുള്ളതാണ് അണ്ടര്‍സീറ്റ് സ്റ്റോറേജ്. കുടുംബങ്ങളെ ആകര്‍ഷിക്കാന്‍ സാധിക്കുന്ന തരത്തിലാണ് സ്‌റ്റോറേജ് സൗകര്യം ഒരുക്കിയിരിക്കുന്നത്. യു.എസ്.ബി ചാര്‍ജിംഗ് പോര്‍ട്ടും സീറ്റിനടിയില്‍ ക്രമീകരിച്ചിട്ടുണ്ട്. ബ്ലൂടൂത്ത് കണക്ടിവിറ്റി, ആപ്പ് അധിഷ്ടിത വെഹിക്കിള്‍ ലൊക്കേഷന്‍ സിസ്റ്റം എന്നിവയും ഒരുക്കിയിട്ടുണ്ട്.
ടി.വി.എസ് ഐക്യൂബ്, ഹീറോ വിഡ വി1, ഏഥര്‍ റിസ്ത, ബജാജ് ചേതക്, ഓല എന്നിവയുമായിട്ടായിരിക്കും കൈനറ്റിക്കിന്റെ വിപണിയിലെ മത്സരം.
Kinetic India's retro-style electric scooter 'Nostalgia' launches at ₹1.11 lakh with modern features and 116 km range
Read DhanamOnline in English
Subscribe to Dhanam Magazine

