ടെസ്ലയും സ്റ്റാര്‍ലിങ്കും പ്രഖ്യാപനം മാത്രമോ..? മസ്‌കിന്റെ ഇന്ത്യന്‍ പദ്ധതികളുടെ ഭാവി

ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഒന്നാമനായ ഇലോണ്‍ മസ്‌കിന്റെ ഇലക്ട്രിക് കാര്‍ കമ്പനി ടെസ്ലയും ഇന്റര്‍നെറ്റ് കമ്പനി സ്റ്റാര്‍ലിങ്കും ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങും എന്ന് പ്രഖ്യാപിച്ചിട്ട് നാളുകളായി. ട്വിറ്റര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാര്‍ത്തകളില്‍ ഇടം നേടിയ മസ്‌കിന്റെ പുതിയ നീക്കങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു.

വ്യാജ അക്കൗണ്ടുകളുടെ പേര് പറഞ്ഞ് ട്വിറ്റര്‍ ഇടപാട് മരവിപ്പിച്ച മസ്‌ക് ഇന്ത്യയിലെ ടെസ്‌ലയുടെ പ്രവര്‍ത്തനങ്ങള്‍ക്കും അര്‍ദ്ധവിരാമം ഇട്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ ടെസ് ല നിര്‍ദ്ദേശിച്ചതായാണ് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയില്‍ ഷോറൂമുകള്‍ കണ്ടെത്തുന്നത് ഉള്‍പ്പടെ നിര്‍ത്തിയ കമ്പനി ജീവനക്കാരെ മറ്റ് രാജ്യങ്ങളിലേക്ക് നിയമിച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കും വരെ ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കേണ്ട എന്നാണ് തീരുമാനം.

ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ സര്‍ക്കാര്‍ കുറയ്ക്കുമോ എന്നറിയാനാണ് അടുത്ത സാമ്പത്തിക വര്‍ഷം വരെ കാത്തിരിക്കാന്‍ ടെസ് ല തീരുമാനിച്ചത്.

6 വർഷത്തെ കാത്തിരിപ്പ്

2016ല്‍ ആണ് ടെസ് ലയുടെ മോഡല്‍ 3യുടെ ബുക്കിംഗ് ഇന്ത്യയിൽ ഉള്‍പ്പടെ ആരംഭിച്ചത്. അന്ന് 1000 ഡോളര്‍ നല്‍കി മോഡല്‍ 3 ബുക്ക് ചെയ്ത പലരും പ്രതീക്ഷ നഷ്ടപ്പെട്ടു റീ-ഫണ്ട്‌ വാങ്ങി. അപേക്ഷ നൽകിയിട്ട് റീഫണ്ട്‌ ലഭിക്കാത്തവർ ഇപ്പോഴും ഉണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.

ഇന്ത്യയിൽ കാർ ഫാക്ടറി ആരംഭിച്ചാൽ മറ്റ് ഇളവുകൾ നൽകുന്ന കാര്യം പരിഗണിക്കാം എന്ന കേന്ദ്രത്തിന്റെ നിലപാടാണ് കമ്പനിക്ക് തിരിച്ചടി ആയത്.

രജിസ്റ്റർ ചെയ്യാതെ പണം വാങ്ങിയ സ്റ്റാർലിങ്ക്

മസ്കിന്റെ ഉപഗ്രഹ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്‌ കമ്പനി സ്റ്റാർലിങ്കിന്റെയും അവസ്ഥ ടെസ് ലയ്ക്ക് സമാനമാണ്. ലൈസൻസ് ലഭിക്കാതെ ഉപഭോക്താക്കളിൽ നിന്ന് പണം വാങ്ങിയ സ്റ്റാർലിങ്കിന് എതിരെ ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ് രംഗത്തെത്തിയിരുന്നു. തുടർന്ന് 5000ൽ അധികം പേർക്കാണ് പണം തിരികെ നൽകിയത്.

GMPCS(global mobile personal communication by satellite ) ലൈസൻസിനായി മാസ്കിന്റെ കമ്പനി ഇതുവരെ അപേക്ഷ നൽകിയിട്ടില്ല. സ്റ്റാർലിങ്കിനെ കൂടാതെ ജിയോ, എയർടെൽ, ടാറ്റ ഗ്രൂപ്പ്‌ എന്നിവരും ഈ മേഖലയിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ്. എയർടെല്ലിന് GMPCS ലൈസൻസും ലഭിച്ചു.

ഇന്ത്യയിൽ ബിസിനസ്‌ 2 ബിസിനസ് (B2B) മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സ്റ്റാർലിങ്ക് എന്നാണ് റിപ്പോർട്ട്‌. അപ്പോഴും സേവനങ്ങൾ എന്ന് തുടങ്ങും എന്നതിനെ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഒന്നും കമ്പനി പുറത്തു വിട്ടിട്ടില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it