ഇലോണ്‍ മസ്‌ക് പറയുന്നു: ഭാവിയില്‍ റോക്കറ്റൊഴികെ ബാക്കിയെല്ലാം ഇലക്ട്രിക്!

ഭാവിയില്‍ റോക്കറ്റൊഴികെ ബാക്കിയെല്ലാ ട്രാന്‍സ്‌പോര്‍ട്ട് സംവിധാനങ്ങളും ഇലക്ട്രിക് ആയിരിക്കുമെന്ന് ടെസ്്‌ല സ്ഥാപകനും ലോകത്തെ ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. റഷ്യയിലെ വിദ്യാര്‍ത്ഥികളുമായി വീഡിയോ സംവാദം നടത്തുന്നതിനിടെയാണ് നൂതന ആശയങ്ങള്‍ കൊണ്ട് ലോകത്ത് വിപ്ലവം സൃഷ്ടിക്കുന്ന ഇലോണ്‍ മസ്‌ക് ഈ അഭിപ്രായ പ്രകടനം നടത്തിയത്. ഇലക്ട്രിക് വാഹന രംഗത്തെ വമ്പനായ ടെസ്്‌ലയുടെ ഒരു ഫാക്ടറി റഷ്യയില്‍ സമീപഭാവിയില്‍ തന്നെ സ്ഥാപിക്കപ്പെട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഇപ്പോഴും ശൈശവ ഘട്ടം പിന്നിട്ടിട്ടില്ല. അതിനിടെയാണ് റഷ്യയില്‍ ഇലക്ട്രിക് കാറായ ടെസ്്‌ലയുടെ ഫാക്ടറി സ്ഥാപിക്കുമെന്ന് ഇലോണ്‍ മസ്‌ക് പറയുന്നതും. റഷ്യയില്‍ നിലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും വളരെ കുറവാണ്. റഷ്യയില്‍ വില്‍ക്കുന്ന പാസഞ്ചര്‍ കാറുകളില്‍, ഇലക്ട്രിക് കാറുകളുടെ എണ്ണം 0.2 ശതമാനം മാത്രമാണിപ്പോള്‍. ഇന്നത്തെ ഈ കണക്കുകളേക്കാള്‍ ഭാവിയിലെ അവസരങ്ങള്‍ നോക്കുന്ന ഇലോണ്‍ മസ്‌ക് റഷ്യയില്‍ ടെസ്്‌ല വരുമെന്ന് ഇതാദ്യമായല്ല പറയുന്നതും.

ബഹിരാകാശ രംഗത്ത് റഷ്യ കൈവരിച്ച നേട്ടങ്ങളെയും മസ്‌ക് പ്രകീര്‍ത്തിച്ചു. അമേരിക്കയിലെ ബഹിരാകാശ പര്യവേഷണ ടെക്‌നോളജി രംഗത്തെ ഗവേഷണപ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന മസ്‌ക്, ബഹിരാകാശ പര്യവേഷണ ടെക്‌നോളജിയുടെ കാര്യത്തില്‍ റഷ്യയും അമേരിക്കയുമായി കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും അഭിപ്രായപ്പെട്ടു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it