ടെസ്‌ല ഇന്ത്യയിലേക്ക് ഉടന്‍, പൂനെയില്‍ ഓഫീസെടുത്തു

അമേരിക്കന്‍ ശതകോടീശ്വരന്‍ എലോണ്‍ മസ്‌കിന്റെ വൈദ്യുത വാഹന കമ്പനിയായ ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ് ഉടനുണ്ടാകുമെന്ന സൂചന നല്‍കി പുതിയ നീക്കം. പൂനെയിലെ പഞ്ച്ശീല്‍ ബിസിനസ് പാര്‍ക്കില്‍ ടെസ്‌ല ഓഫീസ് സ്‌പെയ്‌സ് വാടകയ്‌ക്കെടുത്തു . ടെസ്‌ലയുടെ ഇന്ത്യന്‍ സബ്‌സിഡിയറിയായ ടെസ്‌ല ഇന്ത്യ മോട്ടോര്‍ ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് ടേബിള്‍സ്‌പേസ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡുമായി അഞ്ച് വര്‍ഷത്തെ വാടക കരാര്‍ ഒപ്പുവച്ചതായാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓഫീസ് കെട്ടിടം ഒക്ടോബര്‍ ഒന്നിന് പ്രവര്‍ത്തമാരംഭിക്കും.

20 ലക്ഷം രൂപയ്ക്ക് ഇലക്ട്രിക് കാര്‍

ഇന്ത്യന്‍ വാഹന വിപണിക്ക് യോജിച്ച വൈദ്യുത കാര്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനാണ് ടെസ്‌ലയുടെ ശ്രമം. കൂടാതെ ഇവിടെ നിന്ന് കാറുകള്‍ കയറ്റി അയക്കാനും പദ്ധതിയുണ്ട്. ഏകദേശം 20 ലക്ഷം രൂപയായിരിക്കും ഇന്ത്യയില്‍ നിര്‍മിക്കുന്ന ടെസ്‌ലയുടെ വിലയെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ കാര്‍ നിര്‍മാണ ഫാക്ടറി തുടങ്ങുന്നതിനു മുന്നോടിയായി കേന്ദ്ര വ്യവസായ മന്ത്രി പീയൂഷ് ഗോയലുമായി ടെസ്‌ല അധികൃതര്‍ കഴിഞ്ഞയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെസ്‌ല മേധാവി എലോണ്‍ മസ്‌കും കൂടികാഴ്ച നടത്തിയിരുന്നു. പദ്ധതി യാഥാര്‍ത്ഥ്യമായാൽ ഇന്ത്യയിലെ വൈദ്യുത കാര്‍ വിപണിയില്‍ ശക്തമായ മത്സരത്തിന് കളമൊരുങ്ങും.

Related Articles
Next Story
Videos
Share it