ഇന്ത്യയില്‍ ഡീസല്‍ യുഗം അവസാനിക്കുന്നുവോ?
ഇന്ത്യയില്‍ ഡീസല്‍ കാറുകള്‍ പൂര്‍ണ്ണമായി നിര്‍ത്തുന്നതിനെക്കുറിച്ച് മാരുതി സുസുക്കിയുമായി ആലോചിക്കുന്നു. ഡീസല്‍ കാറുകളില്‍ ശ്രദ്ധ പതിപ്പിച്ചിരുന്ന മഹീന്ദ്രയാകട്ടെ എല്ലാ മോഡലുകളുടെയും പെട്രോള്‍ വകഭേദങ്ങള്‍ ഇറക്കുകയും ബൊളേറോയെ വിപണിയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്യുന്നു. ഇത് രണ്ടും സൂചന നല്‍കുന്നത് ഡീസല്‍ കാറുകളുടെ നല്ല കാലം അവസാനിക്കാറായി എന്നുതന്നെയാണ്.
ഡല്‍ഹി അടക്കമുള്ള രാജ്യത്തെ വന്‍നഗരങ്ങളിലെ വായുമലീനീകരണത്തിന്റെ തോത് ആശങ്കയുണര്‍ത്തുന്ന രീതിയിലാണ്. ലോകമെങ്ങും ഇലക്ട്രിക് വാഹന വിപ്ലവത്തിലേക്ക് നീങ്ങുകയാണ്. രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലകള്‍ തമ്മിലുള്ള വ്യത്യാസം നേരിയത് ആയ സാഹചര്യത്തില്‍ ഇപ്പോള്‍ തന്നെ ഡീസല്‍ കാറുകളുടെ വില്‍പ്പന ഇടിഞ്ഞ് തുടങ്ങിയിട്ടുണ്ട്. ഉപഭോക്താക്കള്‍ തന്നെ കൂടുതലായി അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് ബോധവാന്മാരാണ്. ഇവയൊക്കെ കണക്കിലെടുക്കുമ്പോള്‍ വരും നാളുകള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് അനുകൂലമല്ല.
മാരുതി തങ്ങളുടെ മാതൃകമ്പനിയായ സുസുക്കിയുമായി ഡീസല്‍ വാഹനങ്ങളുടെ ഉല്‍പ്പാദനം രാജ്യത്ത് നിര്‍ത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. പകരം കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി), ഇലക്ട്രിക് വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.
പ്രധാനമായും ഡീസല്‍ കാറുകള്‍ മാത്രം വിറ്റിരുന്ന മഹീന്ദ്രയും ഇപ്പോള്‍ ഈ വഴിയാണ് ചിന്തിക്കുന്നത്. എല്ലാ വിഭാഗത്തിലും പെട്രോള്‍ കാറുകള്‍ കൂടി അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് മഹീന്ദ്ര. എന്നാല്‍ എസ്.യു.വി മോഡലുകളില്‍ ഡീസല്‍ കാറുകള്‍ തുടരും.
ഏപ്രില്‍ ഒന്നോടെ കൂടുതല്‍ കര്‍ക്കശമായ മലിനീകരണ മാനദണ്ഡങ്ങള്‍ നിലവില്‍ വരുന്നതാണ് വാഹനനിര്‍മ്മാതാക്കളെ ഈ രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചതിന് ഒരു കാരണം.