ഇലക്ട്രിക് വാഹനങ്ങളുടെ വില, വായ്പ, ചാർജിംഗ് വിവരങ്ങൾ ഇങ്ങനെയൊക്കെയാണ്

ഇലക്ട്രിക്ക് കാറുകള്‍‌ വാങ്ങുന്നവരുടെ വലിയ ആശങ്കകളില്‍ പെട്ടതാണ് വിലയും അടിസ്ഥാന സൗകര്യങ്ങളായ ചാര്‍ജിംഗ് സ്റ്റേഷനുകളും. ഇ.വി കള്‍ക്ക് ഐസി എഞ്ചിനുകളേക്കാള്‍ (പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍) വിപണിയില്‍ നിലവില്‍ വില കൂടുതലാണ്. കെ.എസ്.ഇ.ബി യും വിവിധ സ്വകാര്യ സ്ഥാപനങ്ങളും കേരളത്തില്‍ ഉടനീളം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും, ഇനിയും അടിസ്ഥാന സൗകര്യങ്ങള്‍ വ്യാപകമാകണമെന്ന അഭിപ്രായങ്ങളും പലരും ഉയര്‍ത്തുന്നുണ്ട്.

ഇ.വി വാഹനങ്ങള്‍ക്ക് ഇപ്പോള്‍ ഫിനാന്‍സ് കമ്പനികള്‍ വലിയ തോതിലുളള പ്രോത്സാഹനങ്ങളാണ് നല്‍കുന്നത്. വാഹനങ്ങളുടെ ബാറ്ററിക്കും ഷെല്‍ പാര്‍‌ട്ടിനും (ബാറ്ററി അല്ലാത്ത വാഹനത്തിന്റെ ഘടകങ്ങള്‍) ആയി രണ്ടായി ഫിനാന്‍സ് കമ്പനികള്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് ബോഡി പാര്‍ട്ടിന് ഒരു ഫിനാന്‍സും ബാറ്ററിക്ക് ഒരു ഫിനാന്‍സുമായി വാഹനം സ്വന്തമാക്കാവുന്നതാണ്.
ഇ.വി വാഹന മേഖല നേരിടുന്ന മറ്റൊരു വെല്ലുവിളി അടിസ്ഥാന സൗകര്യങ്ങളാണ്. അര്‍ധ നഗര, ഗ്രാമീണ മേഖലകളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ അഭാവം നേരിയ തോതില്‍ അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി നാല് ചക്ര വാഹനങ്ങള്‍ക്കായി 63 ഡി.സി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളാണ് കെ.എസ്.ഇ.ബി സജ്ജീകരിച്ചിരിക്കുന്നത്.

ഫിനാന്‍സ് സൗകര്യങ്ങള്‍

പ്രമുഖ ബാങ്കുകള്‍ ഇ.വി വാഹനങ്ങള്‍ക്ക് ഫിനാന്‍സ് നല്‍കുന്നുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ.വി കള്‍ക്ക് 8.75 പലിശ നിരക്കില്‍ 10 വര്‍ഷത്തേക്ക് ഫിനാന്‍സ് നല്‍കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 9.15 പലിശ നിരക്കില്‍ 8 വര്‍ഷത്തേക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നു.
ബജാജ് ഫിന്‍ സെര്‍വ്, ഹീറോ ഫിന്‍കോര്‍പ്, വിദ്യുത് പോലുളള പ്രമുഖ കമ്പനികളും ഇത്തരത്തില്‍ ഫിനാന്‍സ് നല്‍കുന്നുണ്ട്. ബാറ്ററി റെന്റല്‍ മാതൃകയിലും കൊടുക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഈ മാതൃകയില്‍ ഫിനാന്‍സിന്റെ പലിശ ഉപയോക്താവ് താങ്ങേണ്ടി വരില്ല. വാഹനം നമ്മള്‍ ഓടിക്കുന്നതിന് അനുസരിച്ച് ഒരു നിശ്ചിത കാലയളവില്‍ വാടക എന്ന നിലയില്‍ ഫിനാന്‍സ് കമ്പനിയില്‍ അടച്ചു കൊണ്ടിരിക്കുകയാണ് വേണ്ടത്.
ദിവസവും 50-100 കിലോമീറ്ററെങ്കിലും ഉപയോഗിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ ഇ.വി കാറുകള്‍ എടുത്താല്‍ നാലോ അഞ്ചോ വര്‍ഷം കൊണ്ട് സാമ്പത്തികമായി വലിയ മെച്ചം ലഭിക്കുമെന്ന് വാഹനങ്ങളുടെ ഫിനാന്‍സ് മേഖലയില്‍ 10 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന അജിത്ത് കെ.വി പറയുന്നു. ഇ.വി കാറുകള്‍ വീടുകളില്‍ പൂജ്യത്തില്‍ നിന്ന് 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ ഏകദേശം 300 രൂപയാണ് ചെലവ് വരുന്നത്. എം.ജി വിന്‍ഡ്സര്‍ പോലുളള കാറുകള്‍ക്ക് 300 കിലോമീറ്ററിലധികമാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. അപ്പോള്‍ ഒരു കിലോമീറ്റര്‍ സഞ്ചരിക്കുന്നതിനായി ഒരു രൂപ നിരക്കിലാണ് ഉപയോക്താക്കള്‍ക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകുന്നത്. പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് ഇത് സാമ്പത്തികമായി ഉപയോക്താക്കള്‍ക്ക് വലിയ മെച്ചമാണ് നല്‍കുന്നത്.
പുരപ്പുറ സോളാര്‍ പോലുളള സംവിധാനങ്ങള്‍ വീടുകളില്‍ സജ്ജീകരിക്കുകയാണെങ്കില്‍ ചെലവ് പിന്നെയും ഗണ്യമായി കുറയും. ഇ.വി കള്‍ ഉപയോഗിച്ചാല്‍ അഞ്ച് വര്‍ഷത്തിനുളളില്‍ തന്നെ ഉപയോക്താക്കള്‍ക്ക് ഐസി എഞ്ചിന്‍ വാഹനങ്ങളേക്കാള്‍ വലിയ സാമ്പത്തിക മെച്ചമാണ് ഉണ്ടാകുകയെന്നും അജിത്ത് പറയുന്നു.

ബാസ് പദ്ധതി

ബാറ്ററി പണം കൊടുത്ത് വാങ്ങാതെ വാടക നല്‍കി ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനമാണ് ബാസ്. ഉപയോക്താക്കള്‍ വാഹനം ഉപയോഗിക്കുന്നതിന് അനുസരിച്ച് വാടക നല്‍കിയാല്‍ മതിയാകും. അതിനാല്‍ ഇ.വി വാങ്ങുന്നതിന് ആദ്യം മുടക്കേണ്ട തുകയില്‍ വലിയ കുറവുണ്ടാകും.

പെട്രോള്‍/ഡീസല്‍ വാഹനങ്ങളുമായുള്ള വിലവ്യത്യാസം പല ഉപയോക്താക്കളെയും ഇ.വി സ്വന്തമാക്കുന്നതില്‍ നിന്ന് തടയുന്നതായി പ്രമുഖ മോട്ടോര്‍ നിര്‍മ്മാണ കമ്പനികള്‍ മനസിലാക്കുന്നുണ്ട്. എം.ജി മോട്ടോഴ്സ് ആണ് ബാസ് മാതൃകയില്‍ ഇ.വി വാഹനങ്ങള്‍ നല്‍കുന്നതിന് തുടക്കമിട്ടത്. എം.ജി മോട്ടോഴ്സിന് പിന്നാലെ ടാറ്റ മോട്ടോഴ്സും ബാറ്ററി ആസ് എ സര്‍വീസ് (ബാസ്) പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നുണ്ട്. തിരഞ്ഞെടുത്ത മോഡലുകളിലായിരിക്കും ടാറ്റാ മോട്ടോഴ്സ് ബാസ് നടപ്പിലാക്കുക.
എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ വലിയ നഗരങ്ങളില്‍ ഇ.വി ചാര്‍ജിംഗ് സൗകര്യങ്ങള്‍ ആവശ്യത്തിന് ഉണ്ടെങ്കിലും ഉള്‍പ്രദേശങ്ങളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ അഭാവമുണ്ട്. എന്നാല്‍ ഓയില്‍ കമ്പനികളുമായി സഹകരിച്ചും പ്രമുഖ വാഹന നിര്‍മ്മാണ കമ്പനികള്‍ അവരുടെ സര്‍വീസ്, സെയില്‍സ് ബ്രാഞ്ചുകളുടെ സമീപമായി കൂടുതല്‍ ഇ.വി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുളള പദ്ധതിയിലാണ്.
ഇ.വി ചാര്‍ജിംഗ് സൗകര്യങ്ങള്‍ വീടുകളിലോ, വില്ലകളിലോ, ഫ്ലാറ്റുകളിലോ ഒരുക്കുന്നവര്‍ അത് പ്രത്യേകം പരിശീലനം നേടിയവരെക്കൊണ്ട് ചെയ്യാന്‍ ശ്രദ്ധിക്കുക. സാധാരണ ഇലക്ട്രീഷ്യന്‍മാര്‍ ചാര്‍ജിംഗ് സൗകര്യങ്ങള്‍ ഒരുക്കുമ്പോള്‍ ചിലപ്പോള്‍ ഇലക്ട്രിക്ക് സംവിധാനം ഷോര്‍ട്ട് ആയി വീടുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ അംഗീകൃത, പരിശീലനം സിദ്ധിച്ച തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തി മാത്രം ഇ.വി ചാര്‍ജിംഗ് സൗകര്യങ്ങള്‍ തയ്യാറാക്കണമെന്ന് പ്രത്യേകം ശ്രദ്ധിക്കുക.
എം.ജി മോട്ടോഴ്സില്‍ വണ്ടി ബുക്ക് ചെയ്യാന്‍ ഒരു ഉപയോക്താവ് എത്തുമ്പോള്‍ അവര്‍ക്ക് ഒരു സർവേ പോകുന്നതാണ്. സർവേയില്‍ നിന്നുളള ജീവനക്കാര്‍ അവർക്ക് ചാര്‍ജിംഗ് സൗകര്യങ്ങള്‍ എങ്ങനെയാണ് ഒരുക്കേണ്ടത് എന്നത് സംബന്ധിച്ച് വിശദമായി വിവരിച്ചു കൊടുക്കുന്നതാണ്.
വീട്ടില്‍ ഇലക്ട്രിക്ക് ചാര്‍ജിംഗ് സൗകര്യങ്ങള്‍ ഒരുക്കാന്‍ ആവശ്യമായ ഇലക്ട്രിസിറ്റി ലോഡ് ലഭ്യമാണോ, വയറിംഗ് തുടങ്ങിയ കാര്യങ്ങള്‍ യാതൊരു അപകടങ്ങളും കൂടതെ ചെയ്യുന്നത് എങ്ങനെയാണ് തുടങ്ങിയവ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ഉപയോക്താവിനെ ധരിപ്പിക്കുന്നതാണ്. അതിനു ശേഷം ടെക്നീഷ്യന്‍മാര്‍ വീടുകളില്‍ ചെന്ന് ചാര്‍ജിംഗ് സൗകര്യങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ്. വാഹനം ഡെലിവറി എടുക്കുന്നതിനു മുമ്പ് തന്നെ ചാര്‍ജിംഗ് സൗകര്യങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ് നല്ലത്.

ചാര്‍ജിംഗ് സൗകര്യങ്ങള്‍

സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലുമായി ഓട്ടോറിക്ഷകൾക്കും ഇരുചക്രവാഹനങ്ങൾക്കുമായി 1166 പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകളാണ് കെ.എസ്.ഇ.ബി സജ്ജീകരിച്ചിരിക്കുന്നത്. കൂടുതല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സംസ്ഥാനത്ത് വ്യാപകമാക്കുന്നതിനായി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള ഏജൻസികളെ എംപാനൽ ചെയ്യുന്ന പ്രക്രിയയിലാണ് കെ.എസ്.ഇ.ബി. കെ.എസ്.ഇ.ബി ചാർജിംഗ് സ്റ്റേഷനുകളില്‍ പണമിടപാടുകൾ നടത്തുന്നതിനായി ഇമൊബിലിറ്റി ആപ്പ് (KEMapp) അവതരിപ്പിച്ചിട്ടുണ്ട്. ഉപയോക്തൃ പരാതികളിൽ വേഗത്തിലുള്ള പ്രതികരണം ലഭ്യമാക്കാനായി കേരളത്തിലെ എല്ലാ ജില്ലയിലും ഇമൊബിലിറ്റിക്കായി നോഡൽ ഓഫീസർമാരെയും വിന്യസിച്ചിട്ടുണ്ട്.
ഗോ ഈസി, ചാര്‍ജ് മോഡ് തുടങ്ങിയ സ്വകാര്യ കമ്പനികളും കേരളത്തില്‍ ചാർജിംഗ് സ്റ്റേഷനുകള്‍ ആരംഭിച്ചിട്ടുണ്ട്. പ്ലഗ് ഷയര്‍ (Plug share) പോലുളള തേര്‍ഡ് പാര്‍ട്ടി മൊബൈല്‍ ആപ്ലിക്കേഷനില്‍ കയറി കഴിഞ്ഞാല്‍ എവിടെയൊക്കെ ഇ.വി ചാര്‍‌ജിംഗ് സ്റ്റേഷനുകള്‍ ഉണ്ടെന്ന് ഉപയോക്താക്കള്‍ക്ക് അറിയാവുന്നതാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഇതു ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ചാര്‍ജിംഗ് സ്റ്റേഷനുളള ലൊക്കേഷനും ഫോണ്‍ നമ്പറുമടക്കം അതില്‍ ലിസ്റ്റ് ചെയ്തു വരുന്നതായിരിക്കും. എത്ര ചാര്‍ജിംഗ് സ്റ്റേഷനുകള്‍ അവൈലബിള്‍ ആണ്, എത്ര മണിക്കൂറെടുക്കും ചാര്‍ജ് ചെയ്യാന്‍ തുടങ്ങിയ എല്ലാ വിവരങ്ങളും അതില്‍ ഡിസ്പ്ലേ ചെയ്യുന്നതായിരിക്കും.
ഓരോ ചാര്‍ജിംഗ് സൗകര്യങ്ങള്‍ ഒരുക്കുന്ന കമ്പനികള്‍ക്കും സ്വന്തമായി ആപ്പുകള്‍ ഉണ്ട്. അതില്‍ ആ കമ്പനികളുടെ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ വിവരങ്ങള്‍ മാത്രമായിരിക്കും ഡിസ്പ്ലേ ചെയ്തു വരിക. തേര്‍ഡ് പാര്‍ട്ടി ആപ്പുകളില്‍ ആ ലൊക്കേഷനില്‍ ലഭ്യമായ എല്ലാ ചാര്‍ജിംഗ് സ്റ്റേഷനുകളും കാണിക്കുന്നതായിരിക്കും.
പക്ഷെ ഏത് ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ചെന്നാലും അവരുടെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ക്യു.ആര്‍ കോഡ് സ്കാനിംഗിന് ശേഷം പൈസ നല്‍കിയ ശേഷമായിരിക്കും ചാര്‍ജ് ചെയ്യാന്‍ സാധിക്കുക. എല്ലാ ചാര്‍ജിംഗ് സൗകര്യങ്ങള്‍ ഒരുക്കുന്ന കമ്പനികളുടേയും സേവനങ്ങള്‍ ഒരു ആപ്പില്‍ ലഭ്യമാക്കണമെന്ന ആവശ്യം പ്രമുഖ ഇ.വി മോട്ടോര്‍ നിര്‍മ്മാണ കമ്പനികള്‍ ഉന്നയിക്കുന്നുണ്ട്. ഇ.വി ഉപയോക്താവിന് അതായിരിക്കും കൂടുതല്‍ സൗകര്യം എന്നതിനാലാണ് അത്.
കെ.എസ്.ഇ.ബി ക്ക് 970 രൂപ, 420 രൂപ തുടങ്ങിയ നിരക്കുകളിലുളള വ്യത്യസ്തമായ വിപുലമായ ചാര്‍ജിംഗ് പാക്കേജുകളാണ് ഉളളത്. 970 ന്റെ പാക്കേജില്‍ 97 കിലോവാട്ട് വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതാണ്. കിലോവാട്ടിന് ഒരു പ്രത്യേക നിരക്ക് അനുസരിച്ച് ചാര്‍ജിംഗ് സൗകര്യങ്ങള്‍ ഒരുക്കുന്ന കമ്പനികള്‍ ഈടാക്കുകയാണ് ചെയ്യുന്നത്.
ഒരു മൂന്ന് വര്‍ഷത്തിനുളളില്‍ കേരളത്തില്‍ വ്യാപകമായി ഇ.വി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കാണാന്‍ കഴിയുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
ഫ്ലാറ്റുകളില്‍ താമസിക്കുന്ന ആളുകളെ ചില അപൂര്‍വം അവസരങ്ങളില്‍ അവിടെ നിന്ന് ചാര്‍ജ് ചെയ്യാന്‍ ഫ്ലാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അനുവദിക്കാത്ത സാഹചര്യമുണ്ട്. എന്നാല്‍ കേരളത്തില്‍ ആളുകള്‍ കൂടുതലായും വീടുകളിലാണ് താമസം എന്നതിനാല്‍, സ്വന്തം സ്ഥലത്ത് തന്നെ അവര്‍ക്ക് ഇ.വി ചാര്‍ജിംഗ് സൗകര്യം ഭംഗിയായി ഒരുക്കാവുന്നതാണ്. സോളാര്‍ പോലുളള പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ പ്രയോജനപ്പെടുത്തുകയാണെങ്കില്‍ വളരെ മിതമായ ചെലവില്‍ സാധാരണക്കാര്‍ക്ക് ഇ.വി വാഹനങ്ങള്‍ പരിപാലനം ചെയ്ത് കൊണ്ടു പോകാന്‍ സാധിക്കും.
ഇന്ത്യയില്‍ ലഭ്യമായ ചില ഇ.വി കാറുകള്‍ താഴെ കൊടുക്കുന്നു. വാഹനങ്ങളുടെ വില ഷോറൂം സന്ദര്‍ശിച്ചതിന് ശേഷം മാത്രം ഉറപ്പാക്കുക.

Sutheesh Hariharan
Sutheesh Hariharan - Chief Sub-Editor - sutheesh.hariharan@dhanam.in  
Related Articles
Next Story
Videos
Share it