വില്‍പ്പനയില്‍ കുതിക്കാന്‍ ഇവി മേഖല, സബ്‌സിഡിയോട് മുഖംതിരിച്ച് കേരളം

രാജ്യത്തെ ഇലക്ട്രിക് വാഹന (ഇവി) മേഖലയെ സംബന്ധിച്ച് 2022 നിര്‍ണായകമാണ്. ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് ഇന്ത്യക്കാര്‍ കൂടുതലായി ചിന്തിച്ചു തുടങ്ങിയ കാലം കൂടിയാണ് കടന്നു പോയത്. മുന്‍മാസത്തെ അപേക്ഷിച്ച് 2022 ജനുവരിയില്‍ ഇവി രജിസ്‌ട്രേഷനില്‍ അഞ്ച് ശതമാനത്തിന്റെ ഇടിവ് ഉണ്ടായിരുന്നു. ഒമിക്രോണ്‍ ആശങ്കകള്‍ വില്‍പ്പനയെ ബാധിച്ചതാണ് രജിസ്‌ട്രേഷന്‍ ഇടിയാന്‍ കാരണം. എന്നാല്‍ 2021 ജനുവരിയെ അപേക്ഷിച്ച് മൂന്നിരട്ടിയുടെ വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായത്. എല്ലാ സെഗ്മെന്റുകളിലൂമായി 48,130 യൂണിറ്റ് ഇവികളാണ് വിറ്റുപോയത്.

വില്‍പ്പനയില്‍ മുന്നിട്ട് നില്‍ക്കുന്നത് ഹൈ-സ്പീഡ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളാണ്( 27,563 യൂണീറ്റ്). മുന്‍മാസത്തെ അപേക്ഷിച്ച് ഹൈ-സ്പീഡ് ഇരുചക്ര വാഹന വില്‍പ്പനയില്‍ 11 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. ഫെയിം ഇന്ത്യ രണ്ടാം ഘട്ടത്തില്‍ കേന്ദ്രം നല്‍കിയ സബ്‌സിഡികളും് സംസ്ഥാന സര്‍ക്കാരുകളുടെ പ്രോത്സാഹനവും ഇവി മേഖലയുടെ വളര്‍ച്ചയെ സ്വാധീനിച്ചു. നിലവില്‍ ഇവി ഉപഭോക്താക്കള്‍ നേരിടുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്ന് ചാര്‍ജിങ് സ്റ്റേഷനുകളുടെ അഭാവമാണ്. ഇത്തവണത്തെ ബജറ്റില്‍ ഇവികള്‍ക്കായി കേന്ദ്രം ബാറ്ററി സ്വാപ്പിങ് പോളിസി പ്രഖ്യാപിച്ചതോടെ കൂടുതല്‍ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. നഗരങ്ങളില്‍ പ്രത്യേക ഇവി മൊബിലിറ്റി ഹബ്ബുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രം. ബാറ്ററികള്‍ മാറ്റിവെക്കാവുന്ന സ്വാപ്പിംഗ് സ്റ്റേഷനുകള്‍ കൂടി എത്തുന്നതോടെ യാത്രയ്ക്കിടയിലെ ചാര്‍ജിങ് സമയവും ലാഭിക്കാനാവും.
മുഖംതിരിച്ച് കേരളം
കേന്ദ്രവും മറ്റ് സംസ്ഥാനങ്ങളും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തെ വലിയ രീതിയില്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ കേരളം മുഖം തിരിച്ചു നില്‍ക്കുകയാണ്. ഇതുവരെ കേരളം ഇരുചക്ര-നാലുചക്ര ഇവികള്‍ക്ക് സബ്‌സിഡി പ്രഖ്യാപിച്ചിട്ടില്ല. ഓല എസ്1 സ്‌കൂട്ടറിന് സംസ്ഥാന സബ്‌സിഡി കുറച്ച് 79,999 രൂപയാണ് ഗുജറാത്തിലെ വില. കേരളത്തില്‍ ഈ സ്‌കൂട്ടറിന് 99,999 രൂപ നല്‍കണം. സബ്‌സിഡി കൂടാതെ റോഡ് നികുതിയും പല സംസ്ഥാനങ്ങളും ഇവികള്‍ക്ക് ഒഴിവാക്കിയിട്ടുണ്ട്. കേരളത്തില്‍ ഇ-റിക്ഷകള്‍ക്ക് മാത്രമാണ് സബ്‌സിഡിയും 50 ശതമാനം റോഡ് നികുതി ഇളവും നല്‍കിയിട്ടുള്ളത്. എന്നാല്‍ സാധാരണക്കാര്‍ ഉപയോഗിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി നല്‍കാത്ത കേരളത്തിന്റെ നടപടി ഈ മേഖയോടുള്ള സര്‍ക്കാരിന്റെ സമീപനം വ്യക്തമാക്കുന്നതാണ്.
2021ല്‍ 8683 ഇവികള്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനമാണ് കേരളം. 2022ല്‍ രജിസ്‌ട്രേഷന്‍ പതിനായിരവും കടന്നേക്കാം. ദക്ഷിണേന്ത്യയിലെ മറ്റ് നാല് സംസ്ഥാനങ്ങളും സബ്‌സിഡികള്‍ നല്‍കുന്നില്ലെങ്കിലും റോഡ് നികുതി പൂര്‍ണമായും ഇളവ് ചെയിട്ടുണ്ട്. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, മേഘാലയ, പശ്ചിം ബംഗാള്‍, രാജസ്ഥാന്‍, അസം, ഗോവ, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ 5000 മുതല്‍ 2.5 ലക്ഷം രൂപവരെയാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കുന്ന സബ്‌സിഡി. 2030 ഓടെ ഇന്ത്യന്‍ വൈദ്യുതി വാഹന വിപണി 11.25 ലക്ഷം കോടിയുടേതാകുമെന്നാണ് റിപ്പോര്‍ട്ട്‌.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it