ഇ.വി തരംഗം: വാഹനമേഖലയിലെ തൊഴിലുകളില്‍ തലമുറമാറ്റം

രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ക്ക് സ്വീകാര്യതയേറിയതോടെ, വാഹന വ്യവസായ രംഗത്തെ തൊഴിലുകളുടെ സ്വഭാവവും മാറുന്നു. വൈദ്യുത വാഹന നിര്‍മ്മാണത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കിത്തുടങ്ങിയ കമ്പനികള്‍ ഏറെക്കാലമായി തുടരുന്ന ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും 'ന്യൂജന്‍-വൈദഗ്ദ്ധ്യ'മുള്ള പുതുതലമുറയെ നിയമിക്കാനും ഒരുങ്ങുകയാണ്. നിലവിലെ ജീവനക്കാരെ ആകര്‍ഷക ആനുകൂല്യങ്ങള്‍ നല്‍കി സ്വയം വിരമിക്കല്‍ പദ്ധതി (വി.ആര്‍.എസ്) പ്രഖ്യാപിച്ച് ഒഴിവാക്കാനുള്ള ശ്രമങ്ങളും ചില കമ്പനികള്‍ തുടങ്ങിയിട്ടുണ്ട്. വൈദ്യുത വാഹന നിര്‍മ്മാണത്തിനായി വകയിരുത്തുന്ന മൊത്തം നിക്ഷേപത്തില്‍ ഒരുവിഹിതം പുതിയ തൊഴില്‍വിഭാഗത്തെ വാര്‍ത്തെടുക്കാനും വിനിയോഗിക്കുകയാണ് കമ്പനികള്‍.

വലിയ വെല്ലുവിളി
രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് വന്‍തോതില്‍ കൂടുകയാണ്. 2022-23ല്‍ വില്‍പന മുന്‍വര്‍ഷത്തെ 7.26 ലക്ഷം വാഹനങ്ങളില്‍ നിന്ന് സര്‍വകാല റെക്കോഡായ 11.52 ലക്ഷം വാഹനങ്ങളിലെത്തിയിരുന്നു. വരുംവര്‍ഷങ്ങളിലും വില്‍പന കുതിക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഉത്പാദനം കൂട്ടാനും പുത്തന്‍ മോഡലുകള്‍ അവതരിപ്പിക്കാനുമായി കൂടുതല്‍ നിക്ഷേപങ്ങള്‍ക്കും ഒരുങ്ങുകയാണ് കമ്പനികള്‍.
ഇത്തരം നടപടികളില്‍ കമ്പനികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി, ഈ രംഗത്ത് വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളെ കണ്ടെത്തുകയാണ്. ഇതിന്റെ ഭാഗമായാണ് പരമ്പരാഗത പെട്രോള്‍/ഡീസല്‍ വാഹനശ്രേണിയില്‍ മാത്രം പരിചയ സമ്പത്തുള്ളവരെ കുറച്ച് പുത്തന്‍ സാങ്കേതികവിദ്യകളില്‍ വൈദഗ്ദ്ധ്യമുള്ള നൂജന്‍ തൊഴിലാളികളെ കൂടുതലായി നിയമിക്കാനുള്ള നീക്കം.
മൂന്ന് മേഖലകള്‍
വൈദ്യുത വാഹനങ്ങളുടെ രൂപകല്‍പനയും വികസനവും, ബാറ്ററി ഉത്പാദനം, ചാര്‍ജിംഗ് സ്റ്റേഷനുകളുടെ സ്ഥാപനവും പരിപാലനവും എന്നിങ്ങനെ മൂന്ന് മേഖലകളില്‍ വൈദഗ്ദ്ധ്യമുള്ള ജീവനക്കാരെ കണ്ടെത്തുകയെന്ന വെല്ലുവിളിയാണ് കമ്പനികള്‍ക്കുള്ളത്. 2022-23ല്‍ മാത്രം വൈദ്യുത വാഹനമേഖലയിലെ തൊഴിലവസരങ്ങളില്‍ 40-45 ശതമാനം വര്‍ദ്ധനയുണ്ടായെന്നും ഇതില്‍ 60-70 ശതമാനവും 'ന്യൂജന്‍-വൈദഗ്ദ്ധ്യം' ആവശ്യമായവ ആയിരുന്നെന്നും തൊഴില്‍ നിയമന സ്ഥാപനമായ ടീം ലീസ് സര്‍വീസസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രാജ്യത്തെ ഏറ്റവും വലിയ ടൂവീലര്‍ കമ്പനിയായ ഹീറോ മോട്ടോകോര്‍പ്പ് അടുത്തിടെ വി.ആര്‍.എസ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവുമധികം വൈദ്യുത ടൂവീലറുകള്‍ വിറ്റഴിച്ച കമ്പനിയായ ഒല ഇലക്ട്രിക് ടെക്‌നോളജീസ് സ്ത്രീകള്‍ മാത്രമുള്ള പുതിയ തൊഴില്‍സംഘത്തെ മികച്ച പരിശീലനം നല്‍കി വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ്. വൈദ്യുത വാഹന ഘടകങ്ങളെല്ലാം നിര്‍മ്മിക്കാന്‍ ഇവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
Related Articles
Next Story
Videos
Share it