Begin typing your search above and press return to search.
ആവേശം കെടുത്തി തിരഞ്ഞെടുപ്പും കേന്ദ്ര നയവും; വൈദ്യുത വാഹന വില്‍പനയില്‍ വന്‍ ക്ഷീണം
കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി പദ്ധതി നിറുത്തലാക്കിയതും ഉപയോക്തൃ താത്പര്യങ്ങളിലുണ്ടായ മാറ്റവും വൈദ്യുത വാഹന (EV) വിപണിക്ക് കടുത്ത പ്രതിസന്ധിയാകുന്നു.
വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സബ്‌സിഡി ആനുകൂല്യം ലഭ്യമാക്കുന്ന ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് -2 (FAME-II) പദ്ധതി കഴിഞ്ഞ മാര്‍ച്ച് 31ന് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് പരിമിത ആനുകൂല്യങ്ങളോടെ ജൂലൈ വരെ നീളുന്ന ഇലക്ട്രിക് മൊബിലിറ്റി പ്രൊമോഷന്‍ സ്‌കീം പ്രഖ്യാപിച്ചെങ്കിലും വിപണിയില്‍ ചലനമുണ്ടാക്കാനായില്ല. ഏതാനും കമ്പനികളുടെ ഉപയോക്താക്കള്‍ക്ക് മാത്രമായിരുന്നു നേട്ടം.
ഉപയോക്തൃ പരിഗണന ഇലക്ട്രിക്കില്‍ നിന്ന് ഹൈബ്രിഡ് വാഹനങ്ങളിലേക്ക് (ഇലക്ട്രിക് മോട്ടോറിനൊപ്പം പെട്രോള്‍/ഡീസല്‍ എന്‍ജിനുള്ള വാഹനം) മാറിയതും പുതിയ വാഹനം വാങ്ങാനുള്ള തീരുമാനം ലോക്‌സഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ നിരവധി ഉപയോക്താക്കള്‍ മാറ്റിവച്ചതും വില്‍പനയെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
തളരുന്ന വില്‍പന, കേരളത്തിലും ക്ഷീണം
കഴിഞ്ഞമാസം (മേയ്) ദേശീയതലത്തില്‍ വൈദ്യുത വാഹന വില്‍പന 2023 മേയിലെ 1.58 ലക്ഷത്തെ അപേക്ഷിച്ച് 22.3 ശതമാനം ഇടിഞ്ഞ് 1.23 ലക്ഷത്തിലെത്തി. കേരളത്തിലും വൈദ്യുത വാഹന വില്‍പന തളര്‍ച്ചയുടെ ട്രാക്കിലാണെന്ന് പരിവാഹന്‍ പോര്‍ട്ടലിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.
2023 മേയില്‍ സംസ്ഥാനത്ത് 7,393 ഇലക്ട്രിക് ടൂവീലറുകള്‍ വിറ്റുപോയിരുന്നു. കഴിഞ്ഞമാസത്തെ വില്‍പന 4,209 എണ്ണം മാത്രം. ഇലക്ട്രിക് കാര്‍ വില്‍പന 964ല്‍ നിന്ന് 744ലേക്കും കുറഞ്ഞു. അതേസമയം, ത്രീവീലര്‍ വില്‍പന 296ല്‍ നിന്ന് 333 എണ്ണമായി ഉയര്‍ന്നു.
ഇക്കഴിഞ്ഞ ഏപ്രിലിനെ അപേക്ഷിച്ച് സംസ്ഥാനത്ത് വില്‍പന കഴിഞ്ഞമാസം അല്പം മെച്ചപ്പെട്ടിട്ടുണ്ട്. ഏപ്രിലില്‍ 3,427 ഇലക്ട്രിക് ടൂവീലറുകളായിരുന്നു വിറ്റുപോയത്. 240 ഇ-ത്രീവീലറുകളും വിറ്റുപോയി. അതേസമയം, ഇലക്ട്രിക് കാര്‍ വില്‍പന 1,054 എണ്ണമായിരുന്നു.
Next Story
Videos