ഫെബ്രുവരിയില്‍ വൈദ്യുത വാഹന വില്‍പ്പന ഉയര്‍ന്നു

ഫെബ്രുവരിയില്‍ വൈദ്യുത വാഹന വില്‍പ്പന വര്‍ധിച്ചതായി ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (FADA). ഇരുചക്ര വൈദ്യുത വാഹന വില്‍പ്പന 84 ശതമാനവും, വൈദ്യുത ത്രീ വീലറുകളുടെ വില്‍പ്പന 87 ശതമാനവും ഉയര്‍ന്നു. കൂടാതെ വൈദ്യുത പാസഞ്ചര്‍ വാഹന വില്‍പ്പന 86 ശതമാനവും, വാണിജ്യ വൈദ്യുത വാഹനങ്ങളുടെ വില്‍പ്പന 13 ശതമാനവും വര്‍ധിച്ചിട്ടുണ്ട്.

കണക്കുകള്‍ പറയുന്നത്

എഫ്എഡിഎയുടെ കണക്കുകള്‍ പ്രകാരം ഇരുചക്ര വൈദ്യുത വാഹന വില്‍പ്പന 2022 ഫെബ്രുവരിയില്‍ 35,709 എണ്ണമായിരുന്നു. ഈ ഫെബ്രുവരിയില്‍ ഇത് 65,702 എണ്ണമായി. ഓല, ടിവിഎസ്, ആതര്‍, ഹീറോ ഇലക്ട്രിക്, ആംപിയര്‍ എന്നിവയാണ് 2023 ലെ ഏറ്റവും മികച്ച അഞ്ച് ഇരുചക്ര വൈദ്യുത വാഹന വില്‍പ്പനക്കാര്‍.

ത്രീ വീലര്‍ വൈദ്യുത വാഹന വില്‍പ്പന ഈ ഫെബ്രുവരിയില്‍ 35,667 എണ്ണമെത്തി. 2022 ഫെബ്രുവരിയില്‍ വിറ്റഴിച്ച 19,100 യൂണിറ്റുകളെ അപേക്ഷിച്ച് 87 ശതമാനം വര്‍ധിച്ചു. വൈസി ഇലക്ട്രിക്, എം ആന്‍ഡ് എം,സേയ്‌റാ, മഹീന്ദ്ര റേവ, ദില്ലി ഇലക്ട്രിക് എന്നിവയാണ് ഏറ്റവും കൂടുതല്‍ ത്രീ വീലര്‍ വൈദ്യുത വാഹനങ്ങള്‍ വിറ്റഴിച്ചത്.

പാസഞ്ചര്‍, വാണിജ്യ വൈദ്യുത വാഹനങ്ങള്‍

വൈദ്യുത പാസഞ്ചര്‍ വാഹനങ്ങളില്‍ 2023 ഫെബ്രുവരിയിലെ വില്‍പ്പന 86 ശതമാനം ഉയര്‍ന്ന് 4560 എണ്ണമെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2449 എണ്ണമായിരുന്നു. ടാറ്റ മോട്ടോഴ്സ്, എംജി, ബൈഡ്, ബിഎംഡബ്ല്യു, ഹ്യുണ്ടായ് എന്നിവയായിരുന്നു ഏറ്റവും കൂടുതല്‍ വൈദ്യുത പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റഴിച്ചത്. ഫെബ്രുവരിയില്‍ 178 വാണിജ്യ വൈദ്യുത വാഹനങ്ങള്‍ വിറ്റഴിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ വിറ്റഴിച്ച 157 എണ്ണത്തേക്കാള്‍ 13.4 ശതമാനം വര്‍ധനവാണുണ്ടായത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it