Begin typing your search above and press return to search.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇനിയും സബ്‌സിഡിയെന്തിന്? കട്ടക്കലിപ്പില്‍ നിതിന്‍ ഗഡ്കരി; വിപണിയില്‍ വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത
ഇലക്ട്രിക് വാഹന വില്‍പ്പന പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രം ഫെയിം സബ്‌സിഡി പദ്ധതി വീണ്ടും നടപ്പിലാക്കാനൊരുങ്ങവേ എതിര്‍ ശബ്ദവുമായി കേന്ദ്രഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദന ചെലവ് ഗണ്യമായി കുറഞ്ഞതായും ഇത്തരം വണ്ടികള്‍ക്ക് ഇനിയും സബ്‌സിഡി ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപയോക്താക്കള്‍ സ്വന്തം നിലയില്‍ ഇലക്ട്രിക് / സി.എന്‍.ജി വാഹനങ്ങള്‍ തെരഞ്ഞെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യഘട്ടത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദന ചെലവ് വളരെ കൂടുതലായിരുന്നെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ വിപണിയില്‍ ആവശ്യകത വര്‍ധിച്ചതോടെ ഉത്പാദന ചെലവ് ഗണ്യമായി കുറഞ്ഞു. പെട്രോള്‍ / ഡീസല്‍ വാഹനങ്ങള്‍ക്ക് 28 ശതമാനം ജി.എസ്.ടി ഈടാക്കുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അഞ്ച് ശതമാനം മാത്രമാണ് ജി.എസ്.ടി നിശ്ചയിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്രയും ചെറിയ നികുതി ഈടാക്കുന്നതിനാല്‍ ഇനിയും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി ആവശ്യമുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു. പെട്രോള്‍, ഡീസല്‍ പോലുള്ള ഫോസില്‍ ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങളുടെ ജി.എസ്.ടി വര്‍ധിപ്പിക്കാനുള്ള സാധ്യതകളെയും അദ്ദേഹം തള്ളിക്കളഞ്ഞു. എന്നാല്‍ ഇത്തരം ഇന്ധനങ്ങളുടെ ഇറക്കുമതി കുറയ്‌ക്കേണ്ടത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
സബ്‌സിഡി നല്‍കിയിട്ടും ലക്ഷ്യമെത്താതെ ഇവി
വന്‍തോതിലുള്ള ഇളവുകള്‍ നല്‍കിയിട്ടും, 2030ല്‍ ആകെ വാഹനങ്ങളുടെ 30 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാകണമെന്ന കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം മെല്ലെപ്പോക്ക് തുടരുകയാണ്. ഇരുചക്ര-നാലുചക്ര ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ഇനിയും പ്രതീക്ഷിച്ച പുരോഗതി കൈവരിച്ചിട്ടില്ല. 2018ന് ശേഷം രാജ്യത്ത് വിറ്റ ആകെ ഇരുചക്ര വാഹനങ്ങളില്‍ 5.28 ശതമാനം മാത്രമേ വൈദ്യുത വാഹനങ്ങളുടെ കൂട്ടത്തിലുള്ളൂ. നാലുചക്ര വാഹനങ്ങളുടെ കാര്യത്തില്‍ ഇത് ആകെ വാഹനങ്ങളുടെ 1.99 ശതമാനം മാത്രമാണ്. മാത്രവുമല്ല നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ജൂണില്‍ അവസാനിച്ച ആദ്യപാദത്തില്‍ ഇലക്ട്രിക് മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 21 ശതമാനം കുറഞ്ഞതായും സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമോട്ടീവ് മാനുഫാക്ചറേഴ്‌സിന്റെ (സിയാം) കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ ആകെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശതമാനം കുറവുണ്ടായെന്നും സര്‍ക്കാരിന്റെ വാഹന്‍ വെബ്‌സൈറ്റിലെ കണക്കുകള്‍ പറയുന്നു.
വൈദ്യുത വാഹനങ്ങള്‍ക്ക് വീണ്ടും സബ്‌സിഡി നല്‍കാന്‍ സര്‍ക്കാര്‍
അതിനിടെ വൈദ്യുത വാഹനങ്ങളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കാന്‍ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം ) പദ്ധതിയുടെ മൂന്നാം പതിപ്പിന് രണ്ട് മാസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ അന്തിമരൂപം നല്‍കുമെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി കുമാരസ്വാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഫെയിം പദ്ധതിയുടെ രണ്ടാം പതിപ്പില്‍ 10,000 കോടി രൂപയുടെ പദ്ധതി വിഹിതമാണ് സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ സര്‍ക്കാരിലെ ശക്തനായ ഗഡ്കരി തന്നെ എതിര്‍ ശബ്ദമുയര്‍ത്തിയതോടെ ഇക്കാര്യത്തില്‍ കേന്ദ്രം മാറ്റത്തിന് തയ്യാറായേക്കുമെന്നാണ് സൂചന. ഫെയിം മൂന്നാം ഘട്ടത്തിലെ പദ്ധതിത്തുകയില്‍ കാര്യമായ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.
ഫ്‌ളക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ക്ക് നികുതി കുറയുമോ?
ഒന്നിലധികം ഇന്ധനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫ്‌ളക്‌സ് എഞ്ചിനുകളുള്ള വാഹനങ്ങളുടെ നികുതി കുറയ്ക്കാന്‍ സംസ്ഥാന ധനമന്ത്രിമാര്‍ മുന്‍കൈ എടുക്കണമെന്നും കഴിഞ്ഞ ദിവസം ഗഡ്കരി ആവശ്യപ്പെട്ടിരുന്നു. ഈ മാസം ഒമ്പതിന് ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളുണ്ടാകുമോ എന്നാണ് ഇപ്പോള്‍ വാഹന ലോകം ഉറ്റുനോക്കുന്നത്. ഹൈബ്രിഡ് അടക്കമുള്ള ഇന്റേണല്‍ കമ്പസ്റ്റ്ഷ്യന്‍ എഞ്ചിന്‍ വാഹനങ്ങള്‍ക്ക് 28 ശതമാനമാണ് നിലവില്‍ ജി.എസ്.ടി ഈടാക്കുന്നത്. സര്‍ചാര്‍ജുകളും സെസുമടക്കം ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് 48 ശതമാനം വരെയാണ് നികുതി. ജി.എസ്.ടി 12 ശതമാനമാക്കിയാല്‍ 20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള വാഹനങ്ങള്‍ക്ക് 2.4 ലക്ഷം രൂപവരെ നികുതിയിനത്തില്‍ കുറവുവരും. സംസ്ഥാനങ്ങള്‍ റോഡ് ടാക്‌സ് പോലുള്ളവ കുറയ്ക്കാന്‍ തയ്യാറായാല്‍ ഇളവ് വീണ്ടും വര്‍ധിക്കും. അടുത്തിടെ യു.പിയില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് റോഡ് ടാക്‌സ് ഒഴിവാക്കിയത് മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കണമെന്നും വാഹനലോകത്ത് ആവശ്യമുയര്‍ന്നിട്ടുണ്ട്.
വിപണിയില്‍ എന്ത് സംഭവിക്കും
ഇവികളുടെ സബ്‌സിഡി കുറയ്ക്കുന്നത് വാഹന വിപണിയിലും കാര്യമായ മാറ്റമുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇന്റേണല്‍ കമ്പസ്റ്റ്ഷ്യന്‍ എഞ്ചിന്‍ ഉപയോഗിക്കുന്ന പരമ്പരാഗത വാഹനങ്ങളുമായി മത്സരിക്കാന്‍ സര്‍ക്കാര്‍ സഹായമില്ലാതെ തന്നെ ഇവി കമ്പനികള്‍ വളരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പക്ഷേ ബജറ്റ് വിലയില്‍ വാഹനങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ സബ്‌സിഡിയില്ലാത്ത ഇവികള്‍ സ്വന്തമാക്കുമോ എന്ന കാര്യത്തില്‍ കമ്പനികള്‍ക്കും ആശങ്കയുണ്ട്. ഗ്രാമീണ മേഖലകളിലും ചെറുനഗരങ്ങളിലും ഇവികളുടെ വില്‍പ്പനയെ കാര്യമായി സ്വാധീനിക്കാന്‍ തീരുമാനത്തിന് കഴിയും. ഇതിനെ മറികടക്കാന്‍ വാഹന നിര്‍മാണ കമ്പനികള്‍ പോക്കറ്റിനിണങ്ങുന്ന മോഡലുകള്‍ വിപണിയിലെത്തിക്കാനും നിര്‍മാണ ചെലവ് കുറയ്ക്കാന്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താനും സാധ്യതയുണ്ട്. അതേസമയം, കേരളം പോലുള്ള സംസ്ഥാനങ്ങളിലെ മിക്ക ഉപയോക്താക്കളും ഇവിയിലേക്ക് മാറാനുള്ള കാരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടിയത് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിയാണ്. ഇത് പെട്ടെന്ന് നിറുത്തലാക്കുന്നത് പൂര്‍ണമായും ഹരിത ഊര്‍ജ്ജത്തിലേക്ക് മാറാനുള്ള സംസ്ഥാനത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് വിലങ്ങുതടിയാകും.
വേണ്ടത് ധനസഹായമല്ല, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണം
അതേസമയം, ധനസഹായം നല്‍കുന്നതിനേക്കാള്‍ ഇലക്ട്രിക് വാഹന രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കണമെന്നാണ് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. നിരത്തുകളിലെ ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ കുറവ് ഭൂരിഭാഗം ഇവി ഉപയോക്താക്കളുടെയും ആശങ്കയാണ്. കേരളത്തില്‍ കെ.എസ്.ഇ.ബിയും സ്വകാര്യ സംരംഭകരും ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയൊന്നും പര്യാപ്തമല്ലെന്നാണ് ഉപയോക്താക്കളുടെ പരാതി. സംസ്ഥാനത്തെ നഗരകേന്ദ്രീകൃതമായ ചില ജില്ലകളില്‍ മാത്രമാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വ്യാപകമായുള്ളത്. ഇത് പരിഹരിക്കാന്‍ സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെ സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നത് ഇവി വിപണിയില്‍ വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്.
Next Story
Videos