Begin typing your search above and press return to search.
ജൂലൈയിലെ വില്‍പന: ബെന്‍സിനെ പിന്നിലാക്കി ബി.എം.ഡബ്ല്യു
ഇന്ത്യയിലെ ആഡംബര കാറുകളുടെ ജൂലൈയിലെ വില്‍പനയില്‍ മെഴ്‌സിഡെസ്-ബെന്‍സിനെ പിന്നിലാക്കി ഒന്നാംസ്ഥാനം നേടി ബി.എം.ഡബ്ല്യു. ഡീലര്‍മാരുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍സിന്റെ (FADA/ഫാഡ) റിപ്പോര്‍ട്ട് പ്രകാരം 1,097 കാറുകളാണ് ബി.എം.ഡബ്ല്യു കഴിഞ്ഞമാസം ഇന്ത്യന്‍ റീട്ടെയില്‍ വിപണിയില്‍ വിറ്റഴിച്ചത്. 2022 ജൂലൈയില്‍ വില്‍പന 932 കാറുകളായിരുന്നു. ഇക്കുറി വര്‍ദ്ധന 18 ശതമാനം.
രണ്ടാംസ്ഥാനത്തായ മെഴ്‌സിഡെസ്-ബെന്‍സിന്റെ കഴിഞ്ഞമാസത്തെ വില്‍പന 4.5 ശതമാനം നഷ്ടത്തോടെ 1,019 കാറുകളാണ്. 2022 ജൂലൈയില്‍ കമ്പനി 1,067 കാറുകള്‍ വിറ്റഴിച്ചിരുന്നു.
മറ്റൊരു ജര്‍മ്മന്‍ ആഡംബര ബ്രാന്‍ഡും സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗന്‍ ഗ്രൂപ്പിന് കീഴിലെ കമ്പനിയുമായ ഔഡി 106 കാറുകളാണ് കഴിഞ്ഞമാസം ഇന്ത്യയില്‍ വിറ്റഴിച്ചത്. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ വില്‍പന 42 കാറുകളായിരുന്നു.
സ്വീഡിഷ് കമ്പനിയായ വോള്‍വോയുടെ വില്‍പന 114ല്‍ നിന്ന് 123 എണ്ണമായി ഉയര്‍ന്നു. ടാറ്റാ മോട്ടോഴ്‌സിന് കീഴിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (JLR) 244 പുതിയ ഉപയോക്താക്കളെ കഴിഞ്ഞമാസം നേടി. 2022 ജൂലൈയില്‍ വില്‍പന 181 കാറുകളായിരുന്നു.
കരുത്തായി ഇ.വി
വിപണിയിലെ ബദ്ധവൈരിയും സ്വന്തം നാട്ടിലെ (ജര്‍മ്മന്‍) ബ്രാന്‍ഡുമായ മെഴ്‌സിഡെസ്-ബെന്‍സിനെ മറികടക്കാന്‍ ബി.എം.ഡബ്ല്യുവിനെ സഹായിച്ചത് വൈദ്യുത മോഡലുകളുടെ (ഇ.വി/EV) വല്‍പനയാണ്. 92 വൈദ്യുത കാറുകള്‍ ബി.എം.ഡബ്ല്യു കഴിഞ്ഞമാസം വിറ്റഴിച്ചു. 2022 ജൂലൈയേക്കാള്‍ 18 മടങ്ങ് അധികമാണിത്. മെഴ്‌സിഡെസ്-ബെന്‍സ് കഴിഞ്ഞമാസം വിറ്റഴിച്ചത് 34 വൈദ്യുത കാറുകളാണ്.
നേട്ടം ജൂലൈയില്‍ മാത്രം
2023 ജനുവരി മുതല്‍ ജൂലൈ കണക്കെടുത്താല്‍ മെഴ്‌സിഡെസ്-ബെന്‍സ് തന്നെയാണ് വില്‍പനയില്‍ മുന്നില്‍. മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ 13 ശതമാനം വളര്‍ച്ചയോടെ 8,528 പുതിയ ഉപയോക്താക്കളെയാണ് കമ്പനി നേടിയത്. ബി.എം.ഡബ്ല്യു വിറ്റഴിച്ചത് 5.5 ശതമാനം വളര്‍ച്ചയോടെ 5,476 കാറുകളാണ്.
ഇ.വിയും ഇന്ത്യയും
ഇന്ത്യയിലെ മൊത്തം കാര്‍ വിപണിയിൽ രണ്ട് ശതമാനത്തിന് താഴെയാണ് വൈദ്യുത വാഹനങ്ങളുടെ വില്‍പന വിഹിതം. എന്നാല്‍, ആഡംബര വാഹനങ്ങള്‍ മാത്രം പരിഗണിച്ചാല്‍ വൈദ്യുത വാഹനങ്ങളുടെ വിഹിതം 7 ശതമാനമാണെന്ന കൗതുകമുണ്ട്.
Next Story
Videos