ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ നികുതി കുറയ്ക്കാനൊരുങ്ങി കേന്ദ്രം. സ്വതന്ത്ര വ്യാപാര കരാറിന്റെ (free trade agreement/FTA) ഭാഗമായി യു.കെയില്‍ നിന്നുള്ള വാഹനങ്ങള്‍ക്കാണ് ആദ്യം നികുതി കുറയുന്നത്. ക്രമേണ ഇത് മറ്റു രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾക്കും ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളുള്‍പ്പെടെയുള്ളവ മിതമായ വിലയില്‍ ലഭ്യമാക്കാന്‍ സഹായിക്കും. യു.എസ് കമ്പനിയായ ടെസ്‌ല ഉള്‍പ്പെടെയുള്ള ഈ വര്‍ഷം അവസാനത്തോടെ നിലവിലെ നിരക്കില്‍ നിന്ന് 70-80 ശതമാനം വരെ ഇറക്കുമതി നികുതി തീരുവ കുറച്ചേക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉപയോക്താക്കള്‍ക്ക് നേട്ടം
ലോകത്ത് ഇറക്കുമതി തീരുവ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നിലവില്‍ പൂർണമായും വിദേശത്തു നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന (completely built units/CBUs) 40,000 ഡോളറിനു (ഏകദേശം 33 ലക്ഷം രൂപ) മുകളില്‍ വിലയുള്ളതോ അല്ലെങ്കില്‍ 3,000 സി.സി പെട്രോള്‍, 2,500 സി.സി ഡീസൽ എന്‍ജിനുകള്‍ ഉപയോഗിക്കുന്നതോ ആയ കാറുകള്‍ക്ക് 100 ശതമാനമാണ് ഇറക്കുമതി തീരുവ. ഇതില്‍ താഴെ വിലയുള്ളതിന് 70 ശതമാനവും. ആഡംബര വാഹനങ്ങളില്‍ മിക്കവയും 40,000 ഡോളറിനു മുകളില്‍ വില വരുന്നതാണ്. അതുമൂലം വിദേശ വിപണിയില്‍ ലഭിക്കുന്നതിനേക്കാള്‍ ഇരട്ടി വില ഇന്ത്യയില്‍ നല്‍കേണ്ട അവസ്ഥയുണ്ട്.
നികുതിയില്‍ സര്‍ക്കാര്‍ കുറവ് വരുത്തിയാല്‍ ലക്ഷ്വറി കാറുകളിലേക്ക് ചുവടുമാറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഗുണകരമാകും. കൂടുതല്‍ കമ്പനികള്‍ ഇന്ത്യന്‍ വിപണിയിലേക്ക് കാറുകള്‍ ഇറക്കുമതി ചെയ്യാന്‍ ഈ നീക്കം സഹായിക്കുകയും തെരഞ്ഞെടുക്കാന്‍ കൂടുതല്‍ മോഡലുകള്‍ ലഭ്യമാകുകയും ചെയ്യും. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍, ബി.എം.ഡബ്ല്യുവിന്റെ മിനി, ഇന്ത്യയിലേക്ക് ഈ മാസം പ്രവേശിക്കുന്ന ലോട്ടസ് എന്നീ വാഹനങ്ങള്‍ക്കാണ് നികുതി ഇളവിന്റെ പ്രയോജനം ആദ്യം ലഭിക്കുക.
ഇന്ത്യയില്‍ ഫാക്ടറി വേണമെന്ന് കേന്ദ്രം
ടെസ്‌ല ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ പരീക്ഷണ ഓട്ടം നടത്തിയിരുന്നെങ്കിലും ഉയര്‍ന്ന നികുതി മൂലം ഇറക്കുമതിയിലേക്ക് കടന്നില്ല. ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് തീരുവ കുറച്ച് ഇന്ത്യയില്‍ കാറുകള്‍ വില്‍ക്കാന്‍ അനുവദിച്ചില്ലെങ്കില്‍ രാജ്യത്ത് നിര്‍മാണം നടത്തുന്നതിനെ കുറിച്ച് ആലോചിക്കില്ലെന്ന് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് കഴിഞ്ഞ വര്‍ഷം ട്വിറ്ററില്‍ കുറിച്ചിരുന്നു.
നികുതി കുറയ്ക്കാനാകില്ലെന്നും ഇന്ത്യയില്‍ ഫാക്ടറി തുറന്ന് ഇവിട തന്നെ വാഹനങ്ങള്‍ നിര്‍മിക്കണമെന്നുമുള്ള നിലപാടാണ് കേന്ദ്രത്തിന്റേത്. കസ്റ്റംസ് തീരുവ ഇളവിനു പകരം നിര്‍മാതാക്കള്‍ക്ക് നേരിട്ട് സബ്‌സിഡി നല്‍കുന്ന പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. നിലവില്‍ ടെസ്‌ല പൂനെയില്‍ ഇന്ത്യയിലെ ആദ്യ ഓഫീസ് ആരംഭിച്ചിട്ടുണ്ട്.
2024 ജനുവരിയോടെ ടെസ്‌ലയുടെ രാജ്യത്തേക്കുള്ള പ്രവേശനം സാധ്യമാക്കാന്‍ ആവശ്യമായ എല്ലാ അനുമതികളും നല്‍കാന്‍ കേന്ദ്രം ശ്രമം തുടങ്ങിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.