കയറ്റുമതി ഉയര്‍ന്നു, മാരുതി സുസുകിയുടെ വില്‍പ്പനയില്‍ വര്‍ധന

രാജ്യത്തെ ജനപ്രിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകിയുടെ (Maruti Suzuki) ജൂണ്‍ മാസത്തെ വില്‍പ്പനയില്‍ വര്‍ധന. കഴിഞ്ഞമാസത്തെ വില്‍പ്പന 5.7 ശതമാനം വര്‍ധിച്ച് 1,55,857 യൂണിറ്റായി. 2021 ജൂണില്‍ 1,47,368 യൂണിറ്റുകളായിരുന്നു രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളുടെ വില്‍പ്പന. ജൂണില്‍ കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 1.28 ശതമാനം വര്‍ധിച്ച് 1,32,024 യൂണിറ്റിലെത്തി. കഴിഞ്ഞവര്‍ഷത്തെ കാലയളവില്‍ ഇത് 1,30,348 യൂണിറ്റായിരുന്നു.

അതേസമയം ആള്‍ട്ടോയും എസ്-പ്രസോയും ഉള്‍പ്പെടുന്ന മിനി കാറുകളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 17,439 യൂണിറ്റുകളെ അപേക്ഷിച്ച് 14,442 യൂണിറ്റായി കുറഞ്ഞു. സ്വിഫ്റ്റ്, സെലേറിയോ, ഇഗ്‌നിസ്, ബലേനോ, ഡിസയര്‍ തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടെയുള്ള കോംപാക്റ്റ് സെഗ്മെന്റിലെ വില്‍പ്പന കഴിഞ്ഞകാലയളവിലെ 68,849 യൂണിറ്റുകളില്‍നിന്ന് 77,746 യൂണിറ്റായി ഉയര്‍ന്നു. മിഡ്-സൈസ് സെഡാന്‍ സിയാസിന്റെ വില്‍പ്പന 602 യൂണിറ്റില്‍ നിന്ന് കഴിഞ്ഞ മാസം 1,507 യൂണിറ്റായും വര്‍ധിച്ചു.
എന്നിരുന്നാലും, വിറ്റാര ബ്രെസ്സ, എസ്-ക്രോസ്, എര്‍ട്ടിഗ എന്നിവയുള്‍പ്പെടെയുള്ള യൂട്ടിലിറ്റി വാഹന വില്‍പ്പന 18,860 യൂണിറ്റായി കുറഞ്ഞു. മുന്‍ വര്‍ഷം ജൂണില്‍ 28,172 യൂണിറ്റുകളായിരുന്നു വിറ്റഴിച്ചത്. കയറ്റുമതി കഴിഞ്ഞ മാസം 23,833 യൂണിറ്റായി ഉയര്‍ന്നു. 2021 ജൂണില്‍ 17,020 വാഹനങ്ങളായിരുന്നു കയറ്റുമതി ചെയ്തിരുന്നത്.



Related Articles
Next Story
Videos
Share it