ഇലക്ട്രിക് വണ്ടികള്‍ക്ക് വീണ്ടും സബ്‌സിഡി, കേന്ദ്രതീരുമാനം ഉടന്‍: ഇവിയെടുക്കാന്‍ പ്ലാനുള്ളവര്‍ക്ക് സുവര്‍ണാവസരം

രാജ്യത്തെ വൈദ്യുത വാഹനങ്ങളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കാൻ മൂന്നാം ഘട്ട സബ്‌സിഡി പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം ) പദ്ധതിയുടെ മൂന്നാം പതിപ്പിന് രണ്ട് മാസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ അന്തിമരൂപം കൊടുക്കുമെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. ഫെയിം-3 സംബന്ധിച്ച് നിരവധി നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് മുന്നിലെത്തുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസും ഇക്കാര്യത്തില്‍ ചില ആശയങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ച് രണ്ട് മാസത്തിനുള്ളില്‍ തീരുമാനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെയിം 1,2

കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനും വൈദ്യുത വാഹനങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് 2015ലാണ് ഫെയിം പദ്ധതി ആരംഭിക്കുന്നത്. 2015 ഏപ്രില്‍ ഒന്നിന് ആരംഭിച്ച ഒന്നാം ഘട്ടം 2019 മാര്‍ച്ച് 31ന് അവസാനിച്ചു. 895 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. പദ്ധതിയുടെ രണ്ടാം പതിപ്പിന് 10,000 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയത്. 2019 ഏപ്രില്‍ ഒന്നിന് തുടങ്ങിയ പദ്ധതി ഈ വര്‍ഷം മാര്‍ച്ച് 31ന് അവസാനിച്ചു. 7,000 ഇ-ബസുകള്‍, 5 ലക്ഷം ഇ-മുച്ചക്ര വാഹനങ്ങള്‍, 55,000 നാലുചക്ര യാത്രാ വാഹനങ്ങള്‍, 10 ലക്ഷം ഇരുചക്ര വാഹനങ്ങള്‍ എന്നിവയ്ക്ക് സബ്‌സിഡി അനുവദിക്കാനായിരുന്നു പദ്ധതി.

ഇലക്ട്രിക് മൊബിലിറ്റി പ്രമോഷന്‍ സ്‌കീം

ഫെയിം രണ്ടാംഘട്ടം അവസാനിച്ചെങ്കിലും ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് ആനുകൂല്യം നല്‍കിയിരുന്നു. ഇലക്ട്രിക് മൊബിലിറ്റി പ്രമോഷന്‍ സ്‌കീം (ഇ.എം.പി.എസ്) എന്ന പേരിലാണ് കേന്ദ്രം ഇടക്കാല പദ്ധതി കൊണ്ടുവന്നത്. 500 കോടി രൂപയായിരുന്നു ഇതിനായി നീക്കിവച്ചത്. ഫെയിമിന്റെ മൂന്നാംഘട്ടം വരുന്നതു വരെ വില്പനയില്‍ ഉത്തേജനം നിലനിര്‍ത്തുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് 10,000 രൂപ മുതല്‍ 50,000 രൂപ വരെ ഈ സ്‌കീമില്‍ ഇളവ് നല്‍കിയിരുന്നു. ഇരുചക്ര വാഹനങ്ങളുടെ സബ്സിഡി 22,500 രൂപയില്‍ നിന്ന് 10,000 രൂപയാക്കി ഇ.എം.പി.എസില്‍ കുറച്ചിരുന്നു. ഫെയിം 2ല്‍ 1,11,505 രൂപ സബ്സിഡി കിട്ടിയിരുന്ന മുച്ചക്ര വാഹനങ്ങളുടെ സബ്സിഡി 50,000 രൂപയാക്കിയും താഴ്ത്തിയിരുന്നു. സബ്‌സിഡി നിറുത്തിയതോടെ രാജ്യത്തെ വൈദ്യുത വാഹനങ്ങളുടെ വില്‍പ്പനയില്‍ വലിയ കുറവാണ് സംഭവിച്ചത്. വിപണിയിലെ അനിശ്ചിതത്വങ്ങളും സര്‍വീസിലെ പോരായ്മയും നിര്‍മാണത്തിലെ പാകപ്പിഴകളും കാരണം മിക്കവരും ഇവി എടുക്കാനുള്ള പദ്ധതി ഉപേക്ഷിച്ചിരുന്നു. ഇത് പരിഹരിക്കാനും കൂടുതല്‍ ഉപയോക്താക്കളെ ഇവിയിലേക്ക് ആകര്‍ഷിക്കാനുമാണ് ഫെയിം 3 പദ്ധതി നടപ്പിലാക്കുന്നത്,.

മൂന്നാം ഘട്ടത്തില്‍ 11,500 കോടിയുടെ പദ്ധതി

ഫെയിം പദ്ധതിയുടെ മൂന്നാം ഘട്ടം ഇക്കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിക്കുമെന്നും ഇതിനായി 10,000 കോടി രൂപ മാറ്റിവയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബജറ്റില്‍ ഫെയിം പദ്ധതി പ്രഖ്യാപിച്ചില്ല. ഇതിനിടയില്‍ പദ്ധതി പുനരാവിഷ്‌ക്കരിക്കുകയും ഫെയിം 3യുടെ പദ്ധതിത്തുക 11,500 കോടി രൂപയാക്കി വര്‍ധിപ്പിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഏതൊക്കെ വാഹനങ്ങള്‍ക്ക് എത്രരൂപ വച്ചാണ് സബ്‌സിഡി അനുവദിക്കുക എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല.

Related Articles

Next Story

Videos

Share it