നീട്ടിയ കാലാവധി കഴിയുന്നു; ഫെബ്രുവരി 15 മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാകും, മിനിമം ബാലന്‍സ് വേണ്ട

വാഹനങ്ങളിലെ ഫാസ്ടാഗ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നടപടികള്‍ ഫെബ്രുവരി 15 മുതല്‍ പ്രാബല്യത്തില്‍. നേരത്തെ തന്നെ ഫാസ്ടാഗ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നതാണെങ്കിലും കോവിഡ് പ്രതിസന്ധി ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നീണ്ടു പോകുകയായിരുന്നു. എന്നാല്‍ മുമ്പ് അറിയിച്ചത് പോലെ ഫെബ്രുവരി 15 മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുകയാണ്. ഇതുവരെ കാലാവധി നീട്ടല്‍ സംബന്ധിച്ച് പുതിയ അറിയിപ്പുകള്‍ വന്നിട്ടില്ലാത്തതിനാല്‍ തിങ്കളാഴ്ചയോടെ ഫാസ്ടാഗിംഗ് പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

വാഹനങ്ങളിലെ ഫാസ്ടാഗിംഗ് ജനുവരി ഒന്നിന് മുതല്‍ നടപ്പാക്കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ കോവിഡ് പ്രതിസന്ധി ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ഇത് പിന്നീട് ഫെബ്രുവരി 15 വരെ നീട്ടുകയായിരുന്നു. ഇതോടെ രാജ്യത്തുടനീളമുള്ള ദേശീയ പാതകളിലൂടെ സഞ്ചരിക്കാന്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കും. അല്ലാത്ത പക്ഷം കനത്ത പിഴയാണ് അടയ്ക്കേണ്ടി വരിക. അതേസമയം ഫാസ്റ്റ് ടാഗ് വാലറ്റില്‍ മിനിമം തുക നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ഒഴിവാക്കാന്‍ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ(എന്‍എച്ച്എഐ) തീരുമാനിച്ചിട്ടുണ്ട്.
ഇലക്ട്രോണിക് ടോള്‍ പ്ലാസകളില്‍ തടസ്സമില്ലാത്ത സഞ്ചാരം ഉറപ്പാക്കുകയാണ് ഈ നീക്കം. പാസഞ്ചര്‍ സെഗ്മെന്റിന്റെ (കാര്‍ / ജീപ്പ് / വാന്‍) സുരക്ഷാ നിക്ഷേപത്തിന് പുറമേ ഉപയോക്താവ് അടച്ച ഫാസ്റ്റ് ടാഗ് അക്കൗണ്ട് / വാലറ്റിനായുള്ള നിര്‍ബന്ധിത പരിധി നീക്കം ചെയ്യാന്‍ തീരുമാനിച്ചതായാണ് എന്‍എച്ച്ഐഐ അറിയിച്ചിട്ടുള്ളത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയ്ക്ക് പുറമേ, ഫാസ്റ്റ് ടാഗ് അക്കൗണ്ട് / വാലറ്റിനായി ബാങ്കുകള്‍ ഏകപക്ഷീയമായി നിഞ്ചിത തുക നിര്‍ബന്ധമാക്കിയിരുന്നു.
മാത്രമല്ല ഒരേ ബാങ്ക് ഓപ്പറേറ്റ് ചെയ്യുന്ന അക്കൗണ്ടുള്ള നിരവധി ഫാസ്റ്റ് ടാഗ് ഉപയോക്താക്കള്‍ക്ക് ഒരു ടോള്‍ പ്ലാസയിലൂടെ ഒരേ കടന്നുപോകാന്‍ അനുവാദമുണ്ടായിരുന്നില്ല. ഫാസ്റ്റ് ടാഗ് അക്കൗണ്ടില്‍ / വാലറ്റില്‍ മതിയായ ബാലന്‍സ് ഉണ്ടായിരുന്നിട്ടും ഇത് സാധ്യമാകുന്നുണ്ടായിരുന്നില്ല. ഇത് ടോള്‍ പ്ലാസകളില്‍ അനാവശ്യമായ ബുദ്ധിമുട്ടുകള്‍ക്കും തിരക്കിനും കാരണമായി. ഇത് ഒഴിവാക്കാനുമാണ് പുതിയ നടപടികളെന്ന് എന്‍എച്ച്എഐ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ഡെപ്പോസിറ്റ് തുകയില്‍ കൂടുതല്‍ തുകയ്ക്ക് സൗജന്യമായി ഓടാന്‍ വാഹനങ്ങള്‍ക്കാകില്ല.
2021 ഫെബ്രുവരി 15 മുതല്‍ ഫാസ്റ്റ് ടാഗ് വഴി ടോള്‍ പ്ലാസകള്‍ക്കുള്ള പണമടയ്ക്കല്‍ നിര്‍ബന്ധമാകുമെന്നതിനാല്‍, ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ രാജ്യത്തൊട്ടാകെയുള്ള ടോള്‍ പ്ലാസകളില്‍ 100 ശതമാനം പണരഹിതമായ ടോളിംഗ് നേടാന്‍ ലക്ഷ്യമിടുന്നതായും പ്രസ്താവനയില്‍ പറയുന്നു. ദേശീയപാതകളെ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം ഫാസ്ടാഗിംഗ് കര്‍ശനമാക്കുത്.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഫാസ്ടാഗ് സംവിധാനം കൊണ്ടുവന്നത്. ഫാസ്ടാഗ് സ്റ്റിക്കറിലെ കോഡ് ടോള്‍ പ്ലാസയിലൂടെ കടന്നുപോകുമ്പോള്‍ സ്‌കാന്‍ ചെയ്യപ്പെടുകയും ആവശ്യമായ തുക ബാങ്ക് അക്കൗണ്ടില്‍ നിന്നോ ഫാസ്ടാഗ് ലിങ്ക് ചെയ്ത പ്രീപ്പെയ്ഡ് തുകയില്‍ നിന്നോ ടോള്‍ ഇനത്തിലേക്ക് പോകുന്നതുമാണ് സംവിധാനം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it