നല്ല 'ചൂടന്‍' വില! ഫെരാരിയുടെ പുത്തന്‍ എസ്.യു.വി ഇന്ത്യന്‍ മണ്ണില്‍
ആഡംബര വാഹന വിപണിയില്‍ ആവശ്യക്കാരേറെയുള്ള ബ്രാന്‍ഡാണ് ഫെരാരി. ഇറ്റാലിയന്‍ കമ്പനിയുടെ ആദ്യത്തെ ഫോര്‍-ഡോര്‍ മോഡലായ ഫെരാരി പെറോസാംഗ്‌വേ (Ferrari Purosangue) ഒടുവില്‍ ഇന്ത്യയിലുമെത്തി. ഇന്ത്യയില്‍ 10.5 കോടി രൂപയാണ് (എക്‌സ്-ഷോറൂം) ഫെരാരി എസ്.യു.വിയുടെ വില. ബംഗളൂരുവിലെ ബൂപേഷ് റെഡ്ഡിയുടെ 'ബ്രണ്‍ ഗാരേജ്' എന്നറിയപ്പെടുന്ന ഗാരേജിലേക്കാണ് പുത്തന്‍ അതിഥി എത്തിയിരിക്കുന്നത്.
ഫെരാരി ഷീല്‍ഡുകള്‍, നവീകരിച്ച ചക്രങ്ങള്‍, പെയിന്റ് ചെയ്ത ബ്രേക്ക് കാലിപ്പറുകള്‍, ഇന്റീരിയറിനായുള്ള കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗ്, സസ്‌പെന്‍ഷന്‍ ലിഫ്റ്റ് ഫംഗ്ഷന്‍ തുടങ്ങിവ ഇതില്‍ ഉള്‍പ്പെടുന്നു. വാഹനത്തിന് കരുത്ത് പകരുന്നത് 715 ബി.എച്ച്.പി കരുത്തും പരമാവധി 716 എന്‍.എം ടോര്‍ക്കുമുള്ള 6.5 ലിറ്റർ വി12 എന്‍ജിനാണ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 3.3 സെക്കന്‍ഡ് മാത്രം. 310 കിലോമീറ്ററാണ് പരമാവധി വേഗം (top speed).
മൂന്ന് തരം ചുവപ്പ് നിറങ്ങൾ കൂടാതെ കറുപ്പ്, നീല, മഞ്ഞ, വെള്ള, ചാരനിറം എന്നിങ്ങനെ 8 സ്റ്റാന്‍ഡേര്‍ഡ് നിറങ്ങളില്‍ ഇത് ലഭ്യമാണ്. സൂപ്പര്‍ എക്‌സോട്ടിക് പെര്‍ഫോമന്‍സ് എസ്.യു.വി വിഭാഗത്തിലെ ബെന്റ്ലി ബെന്റെയ്ഗ, ലംബോര്‍ഗിനി ഉറൂസ് പെര്‍ഫോമന്റെ, ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡി.ബി.എക്സ്, മസെരാറ്റി ലെവന്റെ ട്രോഫിയോ എന്നിവയോടാകും ഫെരാരി പെറോസാംഗ്‌വേ മത്സരിക്കുക. 2022ലാണ് ആഗോളതലത്തില്‍ ഈ മോഡല്‍ അരങ്ങേറ്റം കുറിച്ചത്.