ഷോറൂമിലെത്തുന്നവരുടെ എണ്ണം കൂടി, നല്ല കാലം കാത്ത് ഇന്ത്യന്‍ കാര്‍ വിപണി

ഉത്തരേന്ത്യന്‍ ഉത്സവ സീസണില്‍ ഇന്ത്യന്‍ വാഹന വിപണി കരകയറുമെന്ന പ്രതീക്ഷയില്‍ ഓട്ടോമൊബൈല്‍ ഡീലര്‍മാരും നിര്‍മാതാക്കളും. രണ്ടുമാസക്കാലമായി രാജ്യത്തെ യാത്രാവാഹനങ്ങളുടെ വില്‍പ്പന കുറഞ്ഞിരുന്നു.ലോക്‌സഭാ തിരഞ്ഞെടുപ്പും അതിന് ശേഷമുണ്ടായ പ്രതികൂല കാലാവസ്ഥയും വില്‍പ്പന കുറയാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഒക്ടോബര്‍ മാസത്തിലെ ആദ്യ ആഴ്ചയില്‍ വാഹന ഷോറൂമുകളിലേക്കെത്തിയ ആളുകളുടെ എണ്ണത്തില്‍ നാല് മടങ്ങുവരെ വര്‍ധയുണ്ടായെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ട് മൂന്ന് മാസത്തെ അപേക്ഷിച്ച് ബുക്കിംഗും എന്‍ക്വയറികളും വര്‍ധിച്ചു. 2022ല്‍ 4,96,47 യൂണിറ്റ് വാഹനങ്ങളും കഴിഞ്ഞ വര്‍ഷം 5,47,246 യൂണിറ്റ് വാഹനങ്ങളുമാണ് ഉത്സവകാലത്ത് വില്‍പ്പന നടത്തിയത്. ആദ്യ ആഴ്ചകളിലെ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കച്ചവടം ഇത്തവണയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വാഹന നിര്‍മാതാക്കളും ഡീലര്‍മാരും.
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഉത്സവ സീസണിലെ ആദ്യ ആഴ്ചകളില്‍ 14 ശതമാനം വരെ കൂടുതല്‍ ഉപയോക്താക്കള്‍ എത്തി. ബുക്കിംഗിലും 11 ശതമാനം വര്‍ധനയുണ്ട്. റീട്ടെയില്‍ വിഭാഗത്തില്‍ ഇതുവരെ 5 ശതമാനം വര്‍ധനയുമുണ്ട്. നിലവില്‍ 30 ദിവസത്തേക്കുള്ള സ്‌റ്റോക്കെങ്കിലും ഡീലര്‍മാരുടെ പക്കലുണ്ട്. ഉത്സവകാലത്തേക്കുള്ള ഉപയോക്താക്കളുടെ ഡിമാന്‍ഡിന് അനുസരിച്ചുള്ള സ്‌റ്റോക്കുണ്ടെന്നാണ് ഡീലര്‍മാര്‍ വിശദീകരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സ്‌റ്റോക്ക് ഇത്തവണ കുറവാണെന്നാണ് ചില ഡീലര്‍മാര്‍ പറയുന്നത്. വാഹന ഫാക്ടറികളില്‍ നിന്നും ഷോറൂമുകളിലെത്തുന്ന വാഹനങ്ങളുടെ എണ്ണത്തിലും ഇത്തവണ കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഏതാണ്ട് 73,000 കോടി രൂപ വിലവരുന്ന ഏഴ് ലക്ഷത്തോളം വാഹനങ്ങള്‍ ഷോറൂമുകളിലുണ്ടെന്നാണ് ഓഗസ്റ്റിലെ കണക്ക്. ഇത് വാഹന ഡീലര്‍മാര്‍ക്ക് കനത്ത നഷ്ടമുണ്ടാക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മാരുതി അടക്കമുള്ള കമ്പനികള്‍ ഉത്പാദനവും ഷോറൂമിലേക്ക് വാഹനമെത്തിക്കുന്നതും കുറച്ചിരുന്നു.

കഴിഞ്ഞ മാസത്തെ വില്‍പ്പനയില്‍ ഇടിവ്

ഡൊമസ്റ്റിക് പാസഞ്ചര്‍ വാഹന ശ്രേണിയില്‍ മാരുതി സുസുക്കി, ഹ്യൂണ്ടായ്, ടാറ്റ മോട്ടോര്‍സ് എന്നിവര്‍ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വില്‍പ്പന കുറവായിരുന്നു. എന്നാല്‍ മഹീന്ദ്ര, ടൊയോട്ട, കിയ എന്നീ കമ്പനികള്‍ വില്‍പ്പനയില്‍ നേട്ടമുണ്ടാക്കി. കമ്പനികള്‍ ഒരു വര്‍ഷത്തെ 30 ശതമാനത്തോളം വില്‍പ്പന നേടുന്നത് ഉത്സവകാലത്താണെന്നാണ് കണക്ക്. ഇത്തവണ വില്‍പ്പന കൂട്ടാനായി മികച്ച ഡിസ്‌കൗണ്ടും കമ്പനികള്‍ നല്‍കുന്നുണ്ട്.
Related Articles
Next Story
Videos
Share it