Begin typing your search above and press return to search.
രണ്ട് മാസം, ഇന്ത്യക്കാരുടെ വിവാഹച്ചെലവ് ₹5.9 ലക്ഷം കോടി! മുതലെടുക്കാന്‍ വാഹന കമ്പനികളും, വമ്പന്‍ ഓഫറുകള്‍ക്ക് സാധ്യത
ഒക്ടോബര്‍ മാസത്തെ വില്‍പ്പന നേട്ടത്തിന് പിന്നാലെ രാജ്യത്തെ വിവാഹ വിപണി ലക്ഷ്യമിട്ട് വാഹന നിര്‍മാണ കമ്പനികള്‍. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ രാജ്യത്ത് 48 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്നാണ് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റെ (സി.എ.ഐ.റ്റി) കണക്ക്. വിവാഹ സീസണില്‍ ഇന്ത്യയിലാകെ 5.9 ലക്ഷം കോടിയുടെ ബിസിനസ് നടക്കുമെന്നും ഇവരുടെ കണക്കുകള്‍ പറയുന്നു. ഇത് മുതലെടുത്ത് വില്‍പ്പന കൂട്ടാനാണ് മാരുതി സുസുക്കി അടക്കമുള്ള വാഹന കമ്പനികളുടെ നീക്കം.
ഉത്സവ സീസണില്‍ ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഒക്ടോബറില്‍ മാരുതി സുസുക്കി 2,02,402 വാഹനങ്ങള്‍ വിറ്റ് റെക്കോഡിട്ടിരുന്നു. 2020 ഒക്ടോബറില്‍ നേടിയ 1,91,476 വാഹനങ്ങളുടെ റെക്കോഡാണ് പഴങ്കഥയായത്. രാജ്യത്ത് ലക്ഷക്കണക്കിന് വിവാഹങ്ങളാണ് നവംബറില്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് സീനിയര്‍ എക്‌സിക്യൂട്ടിവ് ഓഫീസര്‍ പാത്രോ മുഖര്‍ജി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇത് കൂടുതല്‍ വില്‍പനയിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 4 ശതമാനത്തിന്റെ വളര്‍ച്ച നേടാന്‍ കമ്പനിക്ക് കഴിഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ 4-5 ശതമാനം വരെ വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഒക്ടോബറില്‍ 22.4 ശതമാനം വില്‍പന വളര്‍ച്ച നേടാന്‍ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡീലര്‍മാരുടെ പക്കല്‍ വാഹനം കെട്ടിക്കിടക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇരുചക്ര വാഹന വിപണിയിലും പ്രതീക്ഷ
ഉത്സവ സീസണില്‍ ഇരുചക്ര വാഹന വിപണിയിലും മികച്ച വില്‍പനയാണ് നടന്നത്. ഇത് വിവാഹ സീസണിലും പ്രതിഫലിക്കുമെന്നാണ് വാഹന ലോകം കരുതുന്നത്. വര്‍ഷാവസാനം ആയതോടെ കൂടുതല്‍ ഓഫറുകള്‍ക്കും ക്ലിയറന്‍സ് വില്‍പനക്കും ഇരുചക്ര വാഹന നിര്‍മാണ കമ്പനികള്‍ തയാറായേക്കുമെന്നാണ് സൂചന. മികച്ച മഴ ലഭിച്ചതോടെ ഗ്രാമീണ മേഖലകളില്‍ കമ്യൂട്ടര്‍ ബൈക്കുകളുടെ ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ട്. ടയര്‍ 2 സിറ്റികളില്‍ പ്രീമിയം അഡ്വഞ്ചര്‍ ബൈക്കുകള്‍ക്കും ആവശ്യക്കാരുണ്ട്. അടുത്ത ദിവസങ്ങളില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ നിരവധി മോഡലുകള്‍ പുറത്തിറങ്ങുന്നതും വാഹനലോകത്തിന് പ്രതീക്ഷയാണ്. സാധാരണ വര്‍ഷങ്ങളിലേത് പോലെ ഒക്ടോബര്‍ മാസത്തിലെ വില്‍പനയെ നവംബര്‍ മാസത്തിലേത് കടത്തിവെട്ടുമെന്നാണ് ഈ രംഗത്തെ വിദഗ്ധരും പറയുന്നത്.
Next Story
Videos