ടാറ്റയുമായി കൂട്ടുകൂടി ഫോഡ് വരുന്നു വീണ്ടും ഇന്ത്യയിലേക്ക്
ഹൈബ്രിഡ്, വൈദ്യുത വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആഗോള വാഹന നിര്‍മാതാക്കളായ ഫോഡ് മോട്ടോര്‍ ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചെത്തുന്നതായി സൂചന. പുത്തന്‍ കാറുകള്‍ നിര്‍മ്മിക്കുന്നതിന് കമ്പനി ചെന്നൈയിലെ നിര്‍മ്മാണ കേന്ദ്രം ഉപയോഗിച്ചേക്കും. ആഗോളതലത്തില്‍ എസ്.യു.വി (സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍) വിഭാഗത്തില്‍ ഫോഡ് ശക്തമാണ്.
കൂടാതെ ഹൈബ്രിഡ്, ഇ.വി വിഭഗങ്ങളും ശക്തമായി ഉയര്‍ന്നു വരുന്നുണ്ട്. ഇത് തന്നെ ഇന്ത്യയിലും കൊണ്ടുവരാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ സാന്നിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ടാറ്റ ഗ്രൂപ്പുമായി സഹകരിക്കാന്‍ ഫോഡ് മോട്ടോര്‍ ചര്‍ച്ചകള്‍ നടത്തുന്നതായി സൂചനയുണ്ട്. തുറമുഖത്തിന് സമീപമുള്ളതും ചരക്കു നീക്കത്തിന് ഏറെ പ്രയോജനകരവുമായതിനാല്‍, ഏഷ്യാ പസഫിക് മേഖലയുടെ കയറ്റുമതി കേന്ദ്രമായി ഇന്ത്യയിലെ പ്രാദേശിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഫോഡ് പദ്ധതിയിടുന്നുണ്ട്.
ചെന്നൈ നിര്‍മ്മാണ പ്ലാന്റ് ജെ.എസ്.ഡബ്ല്യുവിന് വില്‍ക്കാനുള്ള കരാര്‍ 2023 ഡിസംബറില്‍ ഫോഡ് അവസാനിപ്പിച്ചിരുന്നു. അതേസമയം ഫോഡ് ഇന്ത്യയുടെ ഗുജറാത്ത് പ്ലാന്റ് ടാറ്റ മോട്ടോഴ്സിന് വിറ്റിരുന്നു. ഇന്ത്യന്‍ വിപണിയില്‍ വീണ്ടും പ്രവേശിക്കാനുള്ള ഫോഡിന്റെ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി ഫോഡ് മോട്ടോര്‍ സി.ഇ.ഒ ജിം ഫാര്‍ലി സെപ്റ്റംബറില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. 2021 സെപ്റ്റംബറിലാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ ഫോഡ് തീരുമാനിച്ചത്.